---
title: "വിശ്വാസ വഞ്ചന....! ജോലി വാഗ്ദാനം ചെയ്ത് 22-കാരിയെ ബലാത്സംഗം ചെയ്തു; സർക്കാർ സർവ്വകലാശാലയിലെ ക്ലർക്കും സഹായിയും പിടിയിൽ"
english_title: "Government university clerk and assistant arrested for raping 22 year old woman on promise of job"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333347/government-university-clerk-and-assistant-arrested-for-raping-22-year-old-woman-on-promise-of-job"
published_at: "2025-12-27T13:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f91c710a1b_rape_case.jpg"
keywords: []
---

# വിശ്വാസ വഞ്ചന....! ജോലി വാഗ്ദാനം ചെയ്ത് 22-കാരിയെ ബലാത്സംഗം ചെയ്തു; സർക്കാർ സർവ്വകലാശാലയിലെ ക്ലർക്കും സഹായിയും പിടിയിൽ

> **Lead Summary:** ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ ജോലി വാഗ്ദാനം ചെയ്ത് 22-കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സർക്കാർ സർവ്വകലാശാലയിലെ ക്ലർക്കും സഹായിയും അറസ്റ്റിലായി. ജവഹർലാൽ നെഹ്‌റു കാർഷിക സർവ്വകലാശാല ക്യാമ്പസിനുള്ളിലാണ് ക്രൂരകൃത്യം നടന്നത്.

## Article Content

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ ജോലി വാഗ്ദാനം ചെയ്ത് 22-കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സർക്കാർ സർവ്വകലാശാലയിലെ ക്ലർക്കും സഹായിയും അറസ്റ്റിലായി. ജവഹർലാൽ നെഹ്‌റു കാർഷിക സർവ്വകലാശാല ക്യാമ്പസിനുള്ളിലാണ് ക്രൂരകൃത്യം നടന്നത്.

സംഭവത്തിൽ സർവ്വകലാശാലയിലെ അപ്പർ ഡിവിഷൻ ക്ലർക്കായ ദുർഗ ശങ്കർ സിംഗേര (58), പ്യൂൺ മുകേഷ് സെൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ വന്ന വ്യാജ ഒഴിവ് വിവരത്തെ തുടർന്നാണ് യുവതി സർവ്വകലാശാലയിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടത്.

ഫോൺ അറ്റൻഡ് ചെയ്ത ദുർഗ ശങ്കർ, വൈസ് ചാൻസലറുടെ ഓഫീസിൽ ഒഴിവുണ്ടെന്നും സർട്ടിഫിക്കറ്റുകളുമായി വരാനും യുവതിയോട് ആവശ്യപ്പെട്ടു. തുടർന്ന് പലതവണ യുവതിയെ നഗരത്തിൽ വെച്ച് കണ്ട പ്രതി, നിയമന നടപടികൾ പുരോഗമിക്കുകയാണെന്ന് വിശ്വസിപ്പിച്ചു.

വ്യാഴാഴ്ച അഭിമുഖം ഉണ്ടെന്ന് പറഞ്ഞ് യുവതിയെ പ്രതി സർവ്വകലാശാലയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ക്യാമ്പസിനുള്ളിലെ മുകേഷ് സെന്നിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് മുകേഷ് പുറത്തുനിന്ന് വാതിൽ പൂട്ടുകയും ദുർഗ ശങ്കർ യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം വിവരം പുറത്തുപറഞ്ഞാൽ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരും യുവതിയെ ക്യാമ്പസിന് പുറത്ത് ഇറക്കിവിട്ടു.

തുടർന്ന് യുവതി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. യുവതിയുടെ പരാതിയെത്തുടർന്നാണ് അധർത്താൽ പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333347/government-university-clerk-and-assistant-arrested-for-raping-22-year-old-woman-on-promise-of-job)