---
title: "മൈസൂരു കൊട്ടാരം കവാടത്തിനടുത്ത് സ്ഫോടനം; മരണം മൂന്നായി"
english_title: "Explosion near Mysore Palace gate; Death toll rises to three"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333303/explosion-near-mysore-palace-gate-death-toll-rises-to-three"
published_at: "2025-12-27T10:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f6b81de213_dead.jpg"
keywords: []
---

# മൈസൂരു കൊട്ടാരം കവാടത്തിനടുത്ത് സ്ഫോടനം; മരണം മൂന്നായി

> **Lead Summary:** **മംഗളൂരു: **മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപനക്കാരൻ യു.പി സ്വദേശി സലിം സംഭവ സ്ഥലത്ത് മരിച്ചിരുന്നു.

## Article Content

**മംഗളൂരു: **മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപനക്കാരൻ യു.പി സ്വദേശി സലിം സംഭവ സ്ഥലത്ത് മരിച്ചിരുന്നു.

പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29), ബംഗളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്മി (49) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വൈകി മരിച്ചത്. ബലൂൺ നിറക്കാൻ ഉപയോഗിക്കുന്ന ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് സംഭവം നടന്നത് മുതൽ വെള്ളിയാഴ്ച വൈകിട്ട് വരെ പറയുന്നുണ്ടായിരുന്നെങ്കിലും മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി എച്ച്‌.സി. ദേവപ്പ അത് തിരുത്തിയിരുന്നു.

സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചാണ് വാതകം ഉണ്ടാക്കിയതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ മൈസൂരു സിറ്റി പൊലീസ് അന്വേഷണം ഊർജിതമാക്കി. മരിച്ച ബലൂൺ വിൽപനക്കാരനായ സലീമിന്റെ പശ്ചാത്തലം സിറ്റി പൊലീസ് പരിശോധിച്ചു വരികയാണ്.

അതേസമയം, എൻ.‌ഐ‌.എ സംഘം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കുകയും സിറ്റി പൊലീസിൽ നിന്ന് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333303/explosion-near-mysore-palace-gate-death-toll-rises-to-three)