---
title: "സൗജന്യ കുടിവെള്ളം....! ബിപിഎൽ ഉപഭോക്താക്കൾക്ക്  2026 ജനുവരി 1 മുതൽ 31 വരെ  അപേക്ഷിക്കാം"
english_title: "free drinking water for bpl consumers applications can be made till january 31"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333236/free-drinking-water-for-bpl-consumers-applications-can-be-made-till-january-31"
published_at: "2025-12-26T18:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e85e01170e_free_water.jpg"
keywords: []
---

# സൗജന്യ കുടിവെള്ളം....! ബിപിഎൽ ഉപഭോക്താക്കൾക്ക്  2026 ജനുവരി 1 മുതൽ 31 വരെ  അപേക്ഷിക്കാം

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **കേരള വാട്ട‍ർ അതോറിറ്റി ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി ഒന്ന് മുതൽ 31 വരെ അപേക്ഷകൾ സമ‍‍ർപ്പിക്കാം. പ്രതിമാസം 15 കിലോലിറ്റ‍ർ (15,000 ലിറ്റര്‍) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **കേരള വാട്ട‍ർ അതോറിറ്റി ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി ഒന്ന് മുതൽ 31 വരെ അപേക്ഷകൾ സമ‍‍ർപ്പിക്കാം. പ്രതിമാസം 15 കിലോലിറ്റ‍ർ (15,000 ലിറ്റര്‍) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്.

2026-ൽ ബിപിഎല്‍ ആനുകൂല്യം ലഭിക്കുന്നതിനായി, നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും അപേക്ഷ നൽകണം. ഓൺലൈനായാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. 2026 ജനുവരി 31-ന്‌ മുൻപ് [http://bplapp.kwa.kerala.gov.in ](http://bplapp.kwa.kerala.gov.in)എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ നൽകാം.

ഉപഭോക്താക്കളുടെ ഇ-അബാക്കസ്‌ വിവരങ്ങള്‍ സിവില്‍ സപ്ലൈസ്‌ വെബ്സൈറ്റിലെ റേഷന്‍ കാര്‍ഡ്‌ വിവരങ്ങളുമായി താരതമ്യം ചെയ്ത ശേഷം അര്‍ഹതയുള്ളവര്‍ക്ക്‌ ആനുകൂല്യം അനുവദിക്കും. വാട്ട‍ർ ചാ‍ർജ് കുടിശ്ശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31-നു മുൻപ് കുടിശ്ശിക അടച്ചുതീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ അപേക്ഷ പരി​ഗണിക്കുകയുള്ളൂ.

അതേസമയം വാടകവീടുകളിൽ താമസിക്കുന്നവ‍‍ർക്കും ഈ വർഷം മുതൽ ബിപിഎല്‍ ആനുകൂല്യം അനുവദിക്കും. ഈ വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകര്‍പ്പും വീടുടമസ്ഥന്‍റെ സമ്മതപത്രവും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വാട്ട‍ർ അതോറിറ്റി സെക്ഷൻ ഒാഫിസ് സന്ദർശിക്കുകയോ ടോൾഫ്രീ നമ്പരായ1916-ൽ വിളിക്കുകയോ ചെയ്യുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333236/free-drinking-water-for-bpl-consumers-applications-can-be-made-till-january-31)