---
title: "എപ്പോഴും ദേഷ്യം വരുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാവാം കാരണങ്ങൾ"
english_title: "angryReasons"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333170/angryreasons"
published_at: "2025-12-26T13:06:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e3b72173f1_tru6.jpg"
keywords: []
---

# എപ്പോഴും ദേഷ്യം വരുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാവാം കാരണങ്ങൾ

> **Lead Summary:** **[[truevisionnews.com]] **ഇടയ്ക്കിടെ ദേഷ്യം വരുന്നതും അസ്വസ്ഥത അനുഭവപ്പെടുന്നതും സാധാരണമായ കാര്യങ്ങളായിരിക്കാം. എന്നാൽ എപ്പോഴും ദേഷ്യം വരുന്നവരുന്നത് വെറും മൂഡ് മാറ്റത്തിന്റെ ഭാഗമല്ല, മറിച്ച് ശരീരത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു ആരോഗ്യപ്രശ്നത്തിന്റെ സൂചനയായിരിക്കാനും സാധ്യതയുണ്ട്.

## Article Content

**[[truevisionnews.com]] **ഇടയ്ക്കിടെ ദേഷ്യം വരുന്നതും അസ്വസ്ഥത അനുഭവപ്പെടുന്നതും സാധാരണമായ കാര്യങ്ങളായിരിക്കാം. എന്നാൽ എപ്പോഴും ദേഷ്യം വരുന്നവരുന്നത് വെറും മൂഡ് മാറ്റത്തിന്റെ ഭാഗമല്ല, മറിച്ച് ശരീരത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു ആരോഗ്യപ്രശ്നത്തിന്റെ സൂചനയായിരിക്കാനും സാധ്യതയുണ്ട്.

ജീവിതശൈലീരോഗങ്ങളിൽ പ്രധാനമായ ഉയർന്ന രക്തസമ്മർദം (ഹൈപ്പർടെൻഷൻ) ഇത്തരത്തിലുള്ള ലക്ഷണങ്ങളിലൂടെ ചിലപ്പോൾ മുന്നറിയിപ്പ് നൽകാറുണ്ട്. ലക്ഷണങ്ങളില്ലാതെ മുന്നേറുന്നതിനാൽ ‘നിശ്ശബ്ദ കൊലയാളി’ എന്നറിയപ്പെടുന്ന ഹൈപ്പർടെൻഷൻ, ചിലരിൽ ഇടയ്ക്കിടെ ദേഷ്യം, അമിത സമ്മർദം, അസ്വസ്ഥത തുടങ്ങിയ രൂപത്തിൽ പ്രകടമാകാം.

ദേഷ്യം വരുമ്പോൾ ശരീരത്തിൽ സ്ട്രെസ് ഹോർമോണുകൾ കൂടുതലായി പുറത്തുവിടപ്പെടുന്നു. ഇതു ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും രക്തക്കുഴലുകൾ സങ്കോചിക്കുകയും ചെയ്ത് രക്തസമ്മർദം ഉയരാൻ കാരണമാകുന്നു.

ഈ അവസ്ഥ ആവർത്തിക്കപ്പെടുകയാണെങ്കിൽ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. മധ്യവയസ്സുകാരിലാണ് ഉയർന്ന രക്തസമ്മർദം കൂടുതലായി കണ്ടെത്തുന്നത്. ഹോർമോൺ വ്യതിയാനങ്ങൾ, ജോലിസമ്മർദം, കുടുംബ ചുമതലകൾ, അനാരോഗ്യകരമായ ജീവിതശൈലി എന്നിവയാണ് പ്രധാന കാരണങ്ങൾ.

പരിശോധനകളില്ലാതെ ഇത് അവഗണിച്ചാൽ ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങൾ തുടങ്ങിയ ഗുരുതരമായ അവസ്ഥകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. പൂർണമായും ഭേദമാക്കാൻ കഴിയാത്ത രോഗമാണെങ്കിലും, ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ രക്തസമ്മർദം നിയന്ത്രണത്തിൽ നിർത്താൻ കഴിയും.

ഇതിനായി ആരോഗ്യകരമായ ഭക്ഷണരീതി സ്വീകരിക്കണം. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തുകയും പ്രോസസ് ചെയ്ത ഭക്ഷണവും ഉപ്പിന്റെ ഉപയോഗവും കുറയ്ക്കുകയും വേണം.

ശാരീരിക പ്രവർത്തനങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതും ഏറെ പ്രധാനമാണ്. ബ്രിസ്‌ക് വോക്കിംഗ്, സൈക്ലിംഗ് പോലുള്ള ലഘു വ്യായാമങ്ങൾ പോലും ഗുണകരമാണ്. കൂടാതെ ശ്വസനവ്യായാമങ്ങൾ, ധ്യാനം എന്നിവയിലൂടെ സമ്മർദം നിയന്ത്രിക്കാം.

മനസിന് ശാന്തി നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടുന്നതും സഹായകരമാണ്. മദ്യപാനം, കഫീൻ ഉപയോഗം എന്നിവ നിയന്ത്രിക്കേണ്ടതും അനിവാര്യമാണ്. അമിതമായ ഉപയോഗം രക്തസമ്മർദം ഉയർത്താൻ ഇടയാക്കും.

ശരീരഭാരം നിയന്ത്രിക്കുക, പുകവലി ഒഴിവാക്കുക, ഉറക്കരീതികൾ ക്രമപ്പെടുത്തുക എന്നിവയും ശ്രദ്ധിക്കണം. കൊളസ്ട്രോൾ, ബ്ലഡ് ഷുഗർ എന്നിവയും പതിവായി പരിശോധിക്കണം. എപ്പോഴും ദേഷ്യം വരുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ശരീരം നൽകുന്ന മുന്നറിയിപ്പായിരിക്കാം.

രക്തസമ്മർദം നേരത്തെ തിരിച്ചറിഞ്ഞ് നിയന്ത്രണത്തിലാക്കുന്നത് ആരോഗ്യകരമായ ജീവിതത്തിനുള്ള വഴിയാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333170/angryreasons)