---
title: "ദിവസേന പാൽ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ആരോഗ്യത്തിന് പാൽ എത്രമാത്രം നല്ലത്? അറിയാം ശാസ്ത്രീയ വശങ്ങൾ"
english_title: "What happens to your body if you drink milk every day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333159/what-happens-to-your-body-if-you-drink-milk-every-day"
published_at: "2025-12-26T12:19:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e30494be68_tru5.jpg"
keywords: []
---

# ദിവസേന പാൽ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ആരോഗ്യത്തിന് പാൽ എത്രമാത്രം നല്ലത്? അറിയാം ശാസ്ത്രീയ വശങ്ങൾ

> **Lead Summary:** **[[truevisionnews.com]]** ആരോഗ്യത്തിന് പാൽ നല്ലതാണെന്ന് നമുക്കറിയാം. പാൽ ചേർത്ത നല്ല കടുപ്പത്തിലുള്ള ഒരു ചായയോ കാപ്പിയോ എന്നും മലയാളികൾക്ക് നിർബന്ധമാണ്. പനീറും, ചീസും, ബട്ടറും, ഷേക്കും, ഐസ്ക്രീമുമൊക്കയായി പല രീതിയിൽ നമ്മുടെയുള്ളിൽ ദിവസവും പാൽ എത്തുന്നുണ്ട്.

## Article Content

**[[truevisionnews.com]]** ആരോഗ്യത്തിന് പാൽ നല്ലതാണെന്ന് നമുക്കറിയാം. പാൽ ചേർത്ത നല്ല കടുപ്പത്തിലുള്ള ഒരു ചായയോ കാപ്പിയോ എന്നും മലയാളികൾക്ക് നിർബന്ധമാണ്. പനീറും, ചീസും, ബട്ടറും, ഷേക്കും, ഐസ്ക്രീമുമൊക്കയായി പല രീതിയിൽ നമ്മുടെയുള്ളിൽ ദിവസവും പാൽ എത്തുന്നുണ്ട്.

നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ദിവസവും പാൽ കുടിച്ചാൽ ശരീരത്തിന് എന്തു സംഭവിക്കും എന്നറിയണ്ടേ? പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പാൽ. എല്ലുകൾക്ക് ആരോഗ്യം നൽകുന്ന കാത്സ്യവും വൈറ്റമിൻ ഡിയും പാലിൽ ധാരാളം ഉണ്ട്.

ദിവസവും പാൽ കുടിക്കുന്നതു വഴി എല്ലുകളും സന്ധികളും ശക്തവും ഉറപ്പുള്ളതുമായിത്തീരും.ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ പാൽ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പാലിൽ അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവ ശരിയായ അനുപാതത്തിൽ അടങ്ങിയിരിക്കുന്നു.

അതുകൊണ്ട് പാൽ കുടിച്ചാൽ ഏറെ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കും. പാലിലടങ്ങിയ അന്നജം ഊർജമേകുകയും പ്രോട്ടീൻ വയറു നിറഞ്ഞ തോന്നലുണ്ടാക്കുകയും ചെയ്യും. ബ്രാഞ്ച്‌ഡ് ചെയ്‌ൻ അമിനോ ആസിഡ്  അടങ്ങിയതിനാൽ മസിൽ മാസ് ഉണ്ടാകാനും നിലനിർത്താനും പാൽ സഹായിക്കും.

പാലിലെ കേസിൻ, വേയ് പ്രോട്ടീനുകളും പേശികളുടെ നിർമാണത്തിനു സഹായിക്കും.പതിവായി പാൽ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും. മധുരപാനീയങ്ങൾക്കു പകരം പാൽ കുടിക്കുന്നത് രക്‌തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാതെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കും.

പാലിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഈ കാരണത്താൽ പാലും പാലുൽപന്നങ്ങളും പതിവായി ഉപയോഗിക്കുന്നത് പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങൾ, രക്ത‌ാതിമർദം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

കാത്സ്യത്തിന് കീമോ പ്രൊട്ടക്ടീവ് ഗുണങ്ങൾ ഉള്ളതിനാൽ പാൽ കുടിക്കുന്നത് മലാശയ അർബുദം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ മറ്റൊരു പഠനം പറയുന്നത് കൂടിയ അളവിൽ പാൽ പതിവായി ഉപയോഗിക്കുന്നത് പ്രോസ്‌റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കൂട്ടും എന്നാണ്.

കാത്സ്യം കൂടുതൽ അടങ്ങിയതിനാലാണിത്. എന്നുകരുതി ദിവസവും പാൽ കുടിക്കുന്നതു കൊണ്ട് കാൻസർ വരും എന്ന് ഇതിനർഥമില്ല. പാലും രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതായുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333159/what-happens-to-your-body-if-you-drink-milk-every-day)