---
title: "ബിജെപി നേതാവിന്റെ മകൻ പീഡിപ്പിച്ചെന്ന് പരാതി നൽകിയതിനുപിന്നാലെ ഭീഷണി; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു"
english_title: "bhopal bjp leader son rape complaint woman suicide attempt"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333157/bhopal-bjp-leader-son-rape-complaint-woman-suicide-attempt"
published_at: "2025-12-26T12:13:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e2ed451683_rape_case.jpg"
keywords: []
---

# ബിജെപി നേതാവിന്റെ മകൻ പീഡിപ്പിച്ചെന്ന് പരാതി നൽകിയതിനുപിന്നാലെ ഭീഷണി; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

> **Lead Summary:** **ഭോപ്പാൽ: ( **[www.truevisionnews.com]** ) **മധ്യപ്രദേശിലെ ബിജെപി നേതാവും നഗരസഭാ അധ്യക്ഷയുമായ ഗായത്രി ശർമ്മയുടെ മകൻ രജത് ശർമ്മയ്ക്കെതിരെ പീഡനപരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്കഗുളികകളും എലിവിഷവും കഴിച്ച യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ഭോപ്പാൽ: ( **[www.truevisionnews.com]** ) **മധ്യപ്രദേശിലെ ബിജെപി നേതാവും നഗരസഭാ അധ്യക്ഷയുമായ ഗായത്രി ശർമ്മയുടെ മകൻ രജത് ശർമ്മയ്ക്കെതിരെ പീഡനപരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്കഗുളികകളും എലിവിഷവും കഴിച്ച യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള യുവതിയുടെ നില ​ഗുരുതരമായി തുടരുകയാണ്. ആത്മഹത്യാശ്രമത്തിന് മുൻപ് യുവതി എഴുതിയ ആറുപേജുള്ള കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏഴുമാസമായി താൻ നേരിട്ടുകൊണ്ടിരിക്കുന്ന മാനസിക പീഡനങ്ങളെയും ഭീഷണികളെയും കുറിച്ച് കത്തിൽ വിശദമായി പറയുന്നുണ്ട്.

നഗരസഭാ അധ്യക്ഷ ഗായത്രി ശർമ്മ, ഭർത്താവ് സഞ്ജയ് ശർമ്മ, മകൻ രജത് ശർമ്മ എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് കത്തിൽ പറയുന്നു. വിവാഹവാഗ്ദാനം നൽകി രജത് ശർമ്മ പീഡിപ്പിച്ചതായും ഈ ബന്ധത്തെക്കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നുവെന്നും യുവതി ആരോപിച്ചു. ആദ്യം എതിർപ്പില്ലെന്ന് പറഞ്ഞ ഗായത്രി ശർമ്മ പിന്നീട് തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഏപ്രിൽ 14നാണ് യുവതി രജത് ശർമ്മയ്ക്കെതിരെ യുവതി പരാതി നൽകിയത്. എന്നാൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതി അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും അന്ന് അഞ്ച് മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ കാത്തുനിന്നിട്ടും കേസെടുത്തില്ലെന്നും യുവതി ആരോപിച്ചു.

പീഡനപരാതി നൽകിയ ദിവസം തന്നെയാണ് പ്രതിയായ രജത് ശർമ്മയുടെ നിശ്ചയം നടന്നത്. ഏപ്രിൽ 30-ന് കേസെടുത്തുവെങ്കിലും വൈകാതെ തന്നെ പ്രതിക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. പരാതി പിൻവലിക്കാൻ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും രാഷ്ട്രീയക്കാരും റിട്ടയേർഡ് ഉദ്യോഗസ്ഥരും പൊലീസുകാരും തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി മോഹൻ യാദവ്, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരോട് കത്തിലൂടെ യുവതി അപേക്ഷിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ശിവപുരി എസ്പി അമൻ സിംഗ് റാത്തോഡ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333157/bhopal-bjp-leader-son-rape-complaint-woman-suicide-attempt)