---
title: "പായ്ക്കറ്റ് ജിഞ്ചർ–ഗാർലിക് പേസ്റ്റ് ആരോഗ്യത്തിന് ഭീഷണിയാകുമോ?"
english_title: "Packets of ginger-garlic paste pose a health threat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333149/packets-of-ginger-garlic-paste-pose-a-health-threat"
published_at: "2025-12-26T11:47:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e288913475_tru4.jpg"
keywords: []
---

# പായ്ക്കറ്റ് ജിഞ്ചർ–ഗാർലിക് പേസ്റ്റ് ആരോഗ്യത്തിന് ഭീഷണിയാകുമോ?

> **Lead Summary:** **[[truevisionnews.com]] **നമ്മുടെ വീടുകളിൽ തയ്യാറാക്കുന്ന പല കറികളുടെയും ഒഴിച്ച് കൂടാനാകാത്ത ചേരുവയാണ് ഇഞ്ചിയും വെളുത്തുള്ളിയും.മുൻപെല്ലാം ഇത് വീട്ടിൽ തന്നെ അരച്ചാണ് കറികളിൽ ചേർത്തിരുന്നതെങ്കിൽ ഇന്ന് കടകളിൽ നിന്ന് റെഡി ടു യൂസ് ജിഞ്ചർ ഗാർലിക് പേസ്റ്റ‌് വാങ്ങാൻ കിട്ടും.

## Article Content

**[[truevisionnews.com]] **നമ്മുടെ വീടുകളിൽ തയ്യാറാക്കുന്ന പല കറികളുടെയും ഒഴിച്ച് കൂടാനാകാത്ത ചേരുവയാണ് ഇഞ്ചിയും വെളുത്തുള്ളിയും.മുൻപെല്ലാം ഇത് വീട്ടിൽ തന്നെ അരച്ചാണ് കറികളിൽ ചേർത്തിരുന്നതെങ്കിൽ ഇന്ന് കടകളിൽ നിന്ന് റെഡി ടു യൂസ് ജിഞ്ചർ ഗാർലിക് പേസ്റ്റ‌് വാങ്ങാൻ കിട്ടും.

ഇഞ്ചി തൊലി കളഞ്ഞ്, വെളുത്തുള്ളി പൊളിച്ച് പിന്നെയത് എല്ലാം കൂടി മിക്സിയിൽ ഇട്ട് അടിച്ച് വരുന്ന നേരവും മെനക്കേടുമെല്ലാം ലാഭിക്കാൻ ഈ ജിഞ്ചർ ഗാർലിക് പേസ്‌റ്റ് സഹായിക്കുമെന്നതൊക്കെ ശരി.

എന്നാൽ ഇത് 100 ശതമാനം സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. മറ്റ് പല പായ്ക്ക് ചെയ്ത‌ ഭക്ഷണങ്ങളെയും പോലെ പ്രിസർവേറ്റീവുകളും അഡിറ്റീവുകളും രാസവസ്‌തുക്കളും ഇതിലും അടങ്ങിയിട്ടുണ്ടാകുമെന്നതാണ് കാരണം.

ജിഞ്ചർ ഗാർലിക് പേസ്‌റ്റിൽ പൊതുവേ ഉപയോഗിക്കുന്ന ചേരുവകളാണ് സിട്രിക് ആസിഡും, സാന്തം ഗമ്മും സിന്തറ്റിക് ഫുഡ് കളറുകളും. മിതമായ തോതിൽ ഉപയോഗിച്ചാൽ ഇവയൊന്നും കാര്യമായ പ്രശ്ന‌ം ഉണ്ടാക്കിയില്ലെന്നും വരാം.

എന്നാൽ വളരെ സംവേദനക്ഷമമായ വയറും കുടലുമൊക്കെയുള്ളവർക്ക് പായ്ക്ക് ചെയ്ത ജിഞ്ചർ ഗാർലിക പേസ്‌റ്റിൻ്റെ നിത്യ ഉപയോഗം പല പ്രശ്ന‌ങ്ങളും ഉണ്ടാക്കാം. സുരക്ഷിതരായി ഇരിക്കാൻ വയർ നൽകുന്ന സന്ദേശങ്ങളെ വിശ്വസിക്കുകയെന്ന മാർഗ്ഗം മാത്രമേ മുന്നിലുള്ളു.

പായ്ക്കറ്റിലെ പേസ്‌റ്റിൻ്റെ മണത്തിലോ നിറത്തിലോ എന്തെങ്കിലും വ്യത്യാസം ശ്രദ്ധയിൽപ്പെടുകയോ അത് വല്ലാതെ ഒട്ടിപ്പിടിക്കുന്നതോ, വെള്ളം പോലെ നീണ്ടു കിടക്കുന്നതോ ഒക്കെയായി ശ്രദ്ധയിൽപെട്ടാൽ ആ പായ്ക്ക് ഒഴിവാക്കുന്നതാകും നല്ലത്.

നാൽപതോ അൻപതോ കൊടുത്ത് പുതിയ പായ്ക്ക് വാങ്ങിയാലും തരക്കേടില്ല. രോഗം വന്ന് ആശുപത്രിയിൽ കൊടുക്കുന്ന പണം അപ്പോഴും ലാഭിക്കാം. ഇനി എക്‌സ്‌പയറി ഡേറ്റും ലേബലുമൊക്കെ നോക്കി സുരക്ഷ ഉറപ്പാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ കുറച്ചൊന്ന് മെനക്കെട്ടാൽ നല്ല പേസ്റ്റ‌് വീട്ടിൽ തന്നെ തയ്യാറാക്കാം.

ഇഞ്ചിയും വെളുത്തുള്ളിയും തൊലിയൊക്കെ കളഞ്ഞ് ഉണക്കിയെടുത്ത ശേഷം ഒരു മിക്‌സിയിൽ കുറച്ച് എണ്ണയും ഉപ്പും ഇട്ട് നല്ലവണ്ണം അരച്ചെടുക്കണം. കെമിക്കലും പ്രിസർവേറ്റീവുമൊന്നുമില്ലാത്തെ നല്ല ഒന്നാന്തരം ജിഞ്ചർ ഗാർലിക് പേസ്‌റ്റ് വീട്ടിൽ തന്നെ ഒരുക്കിയെടുക്കാം.

ഫ്രിഡ്‌ജിൽ ഒരാഴ്‌ച വരെയൊക്കെ കേട് കൂടാതെ ഇത് സൂക്ഷിക്കാൻ കഴിയും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333149/packets-of-ginger-garlic-paste-pose-a-health-threat)