---
title: "'ഭാദ് മേം ജാവോ'; സെൽഫി അഭ്യർത്ഥന നിരസിച്ചതിന് ഹാർദിക്കിനെ ചീത്തവിളിച്ച് യുവാവ് , അവഗണിച്ച് താരം"
english_title: "Young man scolds Hardik for rejecting selfie request, star ignores him"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333085/young-man-scolds-hardik-for-rejecting-selfie-request-star-ignores-him"
published_at: "2025-12-25T22:34:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d6f2677bf7_hardik_pandya.jpg"
keywords: []
---

# 'ഭാദ് മേം ജാവോ'; സെൽഫി അഭ്യർത്ഥന നിരസിച്ചതിന് ഹാർദിക്കിനെ ചീത്തവിളിച്ച് യുവാവ് , അവഗണിച്ച് താരം

> **Lead Summary:** **മുംബൈ: **സെൽഫി അഭ്യർഥന നിരസിച്ചതിന് തന്നെ ചീത്തവിളിച്ച ആരാധകനെ അവഗണിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ക്രിസ്തുമസിന്റെ തലേന്ന് മുംബൈയിലായിരുന്നു സംഭവം.

## Article Content

**മുംബൈ: **സെൽഫി അഭ്യർഥന നിരസിച്ചതിന് തന്നെ ചീത്തവിളിച്ച ആരാധകനെ അവഗണിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ക്രിസ്തുമസിന്റെ തലേന്ന് മുംബൈയിലായിരുന്നു സംഭവം.

ഒരു റസ്റ്റോറന്റിൽ ക്രിസ്തുമസ് അത്താഴവിരുന്നിനു ശേഷം മടങ്ങുകയായിരുന്നു ഹാർദിക്കും കാമുകി മഹിക ശർമയും. റസ്റ്റോറന്റിനു പുറത്ത് നിരവധി ആരാധകർ തടിച്ചുകൂടിയിരുന്നു. മഹികയെ കാറിൽ കയറ്റിയ ശേഷം ഹാർദിക് ക്ഷമയോടെ ആരാധകർക്കൊപ്പം സെൽഫി എടുക്കാനായി കുറച്ചുസമയം ചെലവഴിച്ചു.

ആൾക്കൂട്ടത്തിനിടയിൽ ഒരു ആരാധകൻ പാണ്ഡ്യയുടെ അടുത്തേക്ക് പോകാനും സെൽഫിയെടുക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, തിരക്കും സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും കാരണം അയാൾക്ക് ഹാർദിക്കിന്റെ അടുത്തെത്താൻ സാധിച്ചില്ല. ഇതോടെ നിരാശനായ ആരാധകൻ 'ഭാദ് മേം ജാവോ' (Go to hell) എന്ന് പറയുകയായിരുന്നു.

ഇത് കേട്ടെങ്കിലും പ്രതികരിക്കാൻ നിൽക്കാതെ ആ സാഹചര്യത്തെ തികഞ്ഞ സംയമനത്തോടെ കൈകാര്യം ചെയ്ത ഹാർദിക് ആ ആരാധകനെ പാടെ അവഗണിച്ച് കാറിലേക്ക് മടങ്ങുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333085/young-man-scolds-hardik-for-rejecting-selfie-request-star-ignores-him)