---
title: "'പപ്പാ, എനിക്ക് ഈ വേദന സഹിക്കാൻ കഴിയുന്നില്ല',കരഞ്ഞുകൊണ്ട് പിതാവിനോട് പറഞ്ഞു...; കാനഡയിൽ ചികിത്സ വൈകിയതിനെത്തുടർന്ന് ഇന്ത്യൻ വംശജനായ യുവാവ് മരിച്ചു"
english_title: "Malayali youth dies after delayed treatment in Canada"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333043/malayali-youth-dies-after-delayed-treatment-in-canada"
published_at: "2025-12-25T16:23:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d17eebe05b_canada_death.jpg"
keywords: []
---

# 'പപ്പാ, എനിക്ക് ഈ വേദന സഹിക്കാൻ കഴിയുന്നില്ല',കരഞ്ഞുകൊണ്ട് പിതാവിനോട് പറഞ്ഞു...; കാനഡയിൽ ചികിത്സ വൈകിയതിനെത്തുടർന്ന് ഇന്ത്യൻ വംശജനായ യുവാവ് മരിച്ചു

> **Lead Summary:** **എഡ്മന്റൺ: ** അടിയന്തര ചികിത്സ ലഭിക്കാതെ എട്ട് മണിക്കൂറിലധികം ആശുപത്രിയിലെ വെയിറ്റിംഗ് റൂമിൽ കാത്തിരിക്കേണ്ടി വന്ന ഇന്ത്യൻ വംശജനായ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. 44 വയസ്സുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്. കാനഡയിലെ എഡ്മന്റണിലാണ് സംഭവം.

## Article Content

**എഡ്മന്റൺ: ** അടിയന്തര ചികിത്സ ലഭിക്കാതെ എട്ട് മണിക്കൂറിലധികം ആശുപത്രിയിലെ വെയിറ്റിംഗ് റൂമിൽ കാത്തിരിക്കേണ്ടി വന്ന ഇന്ത്യൻ വംശജനായ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. 44 വയസ്സുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്. കാനഡയിലെ എഡ്മന്റണിലാണ് സംഭവം.

കാനഡയിലെ ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ മെല്ലെപ്പോക്കിനെക്കുറിച്ച് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് സംഭവം കാരണമായിട്ടുണ്ട്. ഡിസംബർ 22-ന് ജോലിസ്ഥലത്ത് വെച്ച് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് പ്രശാന്തിനെ ഗ്രേ നൺസ് കമ്മ്യൂണിറ്റി ആശുപത്രിയിൽ എത്തിച്ചത്.

> ആശുപത്രിയിലെ വെയിറ്റിംഗ് റൂമിൽ പിതാവ് കുമാർ ശ്രീകുമാറിനൊപ്പം മണിക്കൂറുകളോളമാണ് പ്രശാന്ത് ചികിത്സയ്ക്കായി കാത്തിരുന്നത്. ഈ സമയത്ത് "പപ്പാ, എനിക്ക് ഈ വേദന സഹിക്കാൻ കഴിയുന്നില്ല" എന്ന് കരഞ്ഞുകൊണ്ട് പ്രശാന്ത് പിതാവിനോട് പറയുന്നുണ്ടായിരുന്നു. താൻ അതിതീവ്രമായ വേദനയാണ് അനുഭവിക്കുന്നതെന്ന് പലതവണ പ്രശാന്ത് ജീവനക്കാരോട് പറഞ്ഞിട്ടും, ടൈലനോൾ എന്ന സാധാരണ വേദനസംഹാരി നൽകി കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

സമയം കടന്നുപോകുന്തോറും പ്രശാന്തിന്റെ രക്തസമ്മർദ്ദം അപകടകരമായ രീതിയിൽ ഉയർന്നു. ഒടുവിൽ എട്ട് മണിക്കൂർ പിന്നിട്ട ശേഷം പരിശോധനാ മുറിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും കസേരയിൽ ഇരുന്ന ഉടനെ അദ്ദേഹം നെഞ്ചിൽ കൈവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

നഴ്സുമാർ സിപിആർ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന് ചെറിയ കുട്ടികളുമടങ്ങുന്നതാണ് പ്രശാന്തിന്റെ കുടുംബം. സംഭവത്തെക്കുറിച്ച് ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫീസ് അന്വേഷണം ആരംഭിച്ചതായി ആശുപത്രി നിയന്ത്രിക്കുന്ന കവനന്റ് ഹെൽത്ത് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333043/malayali-youth-dies-after-delayed-treatment-in-canada)