---
title: "ടി20യിൽ സഞ്ജുവും ഏകദിനത്തിൽ രാഹുലും; ഇടം തേടി ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങി ഇഷാൻ"
english_title: "Ishan shines in domestic cricket"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332975/ishan-shines-in-domestic-cricket"
published_at: "2025-12-25T11:43:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694cd658bc5de_tru1.jpg"
keywords: []
---

# ടി20യിൽ സഞ്ജുവും ഏകദിനത്തിൽ രാഹുലും; ഇടം തേടി ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങി ഇഷാൻ

> **Lead Summary:** **[[truevisionnews.com]] **ടി20 ടീമിൽ സഞ്ജു സാംസണും ഏകദിനത്തിൽ കെ എൽ രാഹുലും ഒന്നാം വിക്കറ്റ് കീപ്പർമാരായി സ്ഥാനം ഉറപ്പിച്ചിരിക്കെ, ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനായി ശക്തമായ സന്ദേശവുമായി ഇഷാൻ കിഷൻ.

## Article Content

**[[truevisionnews.com]] **ടി20 ടീമിൽ സഞ്ജു സാംസണും ഏകദിനത്തിൽ കെ എൽ രാഹുലും ഒന്നാം വിക്കറ്റ് കീപ്പർമാരായി സ്ഥാനം ഉറപ്പിച്ചിരിക്കെ, ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനായി ശക്തമായ സന്ദേശവുമായി ഇഷാൻ കിഷൻ.

ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ സെലക്ടർമാരുടെ ശ്രദ്ധ വീണ്ടും പിടിച്ചെടുക്കുകയാണ് യുവതാരം. വിജയ് ഹസാരെ ട്രോഫിയിൽ കർണാടകക്കെതിരെ ജാർഖണ്ഡിനായി ആറാം നമ്പറിൽ ഇറങ്ങിയ ഇഷാൻ, വെറും 39 പന്തിൽ 125 റൺസ് അടിച്ച് മത്സരം കീഴടക്കി.

ഏഴ് ഫോറുകളും പതിനാലു സിക്സുകളും അടങ്ങിയ ഇന്നിംഗ്‌സ്, ഓപ്പണറെന്നതിലുപരി മധ്യനിരയിലും ഫിനിഷറായും തനിക്ക് തിളങ്ങാനാകുമെന്ന് തെളിയിക്കുന്നതായിരുന്നു. ടി20 ലോകകപ്പ് ടീമിലേക്കുള്ള ഇഷാന്റെ വഴിയും ആഭ്യന്തര പ്രകടനങ്ങളിലൂടെ തന്നെയായിരുന്നു.

സയദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച കിഷൻ, ഹരിയാനയ്ക്കെതിരായ ഫൈനലിൽ 49 പന്തിൽ 101 റൺസ് നേടി. ടൂർണമെന്റിലെ ടോപ് സ്കോററായതോടെ ജിതേഷ് ശർമയെ മറികടന്ന് ലോകകപ്പ് ടീമിൽ രണ്ടാം കീപ്പറായി ഇടം നേടി.

ഇപ്പോൾ ലക്ഷ്യം ഏകദിന ടീമിലേക്കുള്ള സ്ഥിരം തിരിച്ചുവരവാണ്. 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ച അനുഭവമുള്ള കിഷൻ, ഇടംകൈയൻ ബാറ്റ്സ്മാനെന്ന ആനുകൂല്യം ഉപയോഗിച്ച് നിറഞ്ഞ വലങ്കൈ ബാറ്റിംഗ് നിരയിൽ സ്വന്തം ഇടം കണ്ടെത്താൻ ശ്രമിക്കുന്നു.

രാഹുലിനൊപ്പം രണ്ടാം കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന റിഷഭ് പന്ത് വൈറ്റ് ബോൾ ഫോർമാറ്റിൽ സ്ഥിരത പുലർത്താത്തത് കിഷന് അവസരമാകുമെന്ന പ്രതീക്ഷയും ശക്തമാണ്.

27 ഏകദിനങ്ങളിൽ ഒരു ഡബിൾ സെഞ്ച്വറി ഉൾപ്പെടെ 933 റൺസും, 32 ടി20യിൽ 796 റൺസും, രണ്ട് ടെസ്റ്റുകളിൽ 78 റൺസും സ്വന്തമാക്കിയ ഇഷാൻ കിഷൻ, ഏത് റോളിലും ടീമിന് സംഭാവന നൽകാൻ തനിക്കാകുമെന്ന ഉറച്ച സന്ദേശമാണ് ഇപ്പോൾ നൽകുന്നത്.

ഇന്ത്യൻ ടീമിലേക്കുള്ള ഓരോ നീക്കവും കൂടുതൽ കൃത്യവും കണക്കുകൂട്ടിയതുമാക്കിയാണ് കിഷൻ മുന്നേറുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332975/ishan-shines-in-domestic-cricket)