---
title: "ക്രൈസ്തവർക്കും ക്രിസ്തുമസ് ആഘോഷങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണം- സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ"
english_title: "Atrocities against Christians and Christmas celebrations must end  State Minority Commission"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332835/atrocities-against-christians-and-christmas-celebrations-must-end-state-minority-commission"
published_at: "2025-12-24T14:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694ba5a5388d1_kerala_state_commission_for_minorities.jpg"
keywords: []
---

# ക്രൈസ്തവർക്കും ക്രിസ്തുമസ് ആഘോഷങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണം- സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ

> **Lead Summary:** രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവരെയും ക്രിസ്തുമസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും ഭീഷണികളും നാൾക്കുനാൾ വർദ്ധിച്ചുവരുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ.

## Article Content

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവരെയും ക്രിസ്തുമസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും ഭീഷണികളും നാൾക്കുനാൾ വർദ്ധിച്ചുവരുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ.

ഇത്തരം അതിക്രമങ്ങൾക്കും തടസ്സപ്പെടുത്തലുകൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും രാജ്യത്തെ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികൾ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു.

മതത്തിന്റെ പേരിൽ അക്രമം പ്രചരിപ്പിക്കുന്നവർക്കും അസഹിഷ്ണുത വളർത്തുന്നവർക്കുമെതിരെ സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഡൽഹി, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ മതാചാര പ്രകാരമുള്ള പ്രാർത്ഥനകൾ നടത്തുന്നതിനോ, ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട സാധനസാമഗ്രികൾ വിൽപ്പന നടത്തുന്നതിനോ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് രാജ്യത്തെ പലഭാഗങ്ങളിലും നടന്നുവരുന്നത്. ഇതൊരു മതേതര രാജ്യത്തിന് അനുഗുണമല്ല. ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്നും അക്രമകാരികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് സർക്കാരുകളോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332835/atrocities-against-christians-and-christmas-celebrations-must-end-state-minority-commission)