---
title: " വല്ല കാര്യം ഉണ്ടായിരുന്നോ? കല്യാണവീടുകളിൽ ബന്ധുവാണെന്ന് നടിച്ച് മോഷണം; മുൻ ഗസ്റ്റ് ലക്ചറർ ബംഗളൂരുവിൽ പിടിയിൽ"
english_title: "Former guest lecturer arrested in Bengaluru for posing as a relative and stealing from wedding halls"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332762/former-guest-lecturer-arrested-in-bengaluru-for-posing-as-a-relative-and-stealing-from-wedding-halls"
published_at: "2025-12-24T10:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b774c413fd_arrest.jpg"
keywords: []
---

#  വല്ല കാര്യം ഉണ്ടായിരുന്നോ? കല്യാണവീടുകളിൽ ബന്ധുവാണെന്ന് നടിച്ച് മോഷണം; മുൻ ഗസ്റ്റ് ലക്ചറർ ബംഗളൂരുവിൽ പിടിയിൽ

> **Lead Summary:** **ബെംഗളൂരു : **വിവാഹ ചടങ്ങുകളിൽ വധുവിന്റെയോ വരന്റെയോ ബന്ധുവാണെന്ന് നടിച്ച് സ്വർണാഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചിരുന്ന മുൻ ഗസ്റ്റ് ലക്ചററെ ബസവനഗുഡി പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ബെംഗളൂരു : **വിവാഹ ചടങ്ങുകളിൽ വധുവിന്റെയോ വരന്റെയോ ബന്ധുവാണെന്ന് നടിച്ച് സ്വർണാഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചിരുന്ന മുൻ ഗസ്റ്റ് ലക്ചററെ ബസവനഗുഡി പൊലീസ് അറസ്റ്റ് ചെയ്തു.

കെ.ആർ പുരം ഉദയനഗർ സ്വദേശിനിയായ രേവതിയാണ് (46) അറസ്റ്റിലായത്. വിവിധ കല്യാണമണ്ഡപങ്ങളിൽ നടന്ന മോഷണങ്ങളിൽ ഇവർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

രേവതിയുടെ പക്കൽ നിന്നും ഏകദേശം 32 ലക്ഷം രൂപ വിലമതിക്കുന്ന 262 ഗ്രാം സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. ഏതാനും വർഷങ്ങൾക്ക് മുൻപ് ജോലി ഉപേക്ഷിച്ച ശേഷമാണ് ഇവർ മോഷണത്തിലേക്കു തിരിഞ്ഞതെന്നു പൊലീസ് പറയുന്നു.

നവംബർ 23ന് ബസവനഗുഡിയിലെ കല്യാണമണ്ഡപത്തിൽ ബന്ധുവിന്റെ വിവാഹത്തിനെത്തിയ മഞ്ജുനാഥ നഗർ സ്വദേശിനിയുടെ പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 32 ഗ്രാം തൂക്കമുള്ള സ്വർണമാല ഇവർ മണ്ഡപത്തിലെ മുറിയിൽ ബാഗിൽ സൂക്ഷിച്ചിരുന്നു.

മാല മോഷണം പോയതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ചശേഷം ഡിസംബർ ഒന്നിന് വീട്ടിൽ നിന്നാണ് രേവതിയെ പൊലീസ് പിടികൂടിയത്.

ചോദ്യം ചെയ്യലിൽ ബസവനഗുഡിയിലെ മറ്റ് രണ്ട് കല്യാണമണ്ഡപങ്ങളിലും മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ മോഷണം നടത്തിയതായി ഇവർ സമ്മതിച്ചു. മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് വീട്ടിൽ സൂക്ഷിക്കുകയും ബാക്കിയുള്ളവ വായ്പയ്ക്കായി ബാങ്കിൽ പണയപ്പെടുത്തുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332762/former-guest-lecturer-arrested-in-bengaluru-for-posing-as-a-relative-and-stealing-from-wedding-halls)