---
title: " 'ഡിസിസിക്ക് വീഴ്ച പറ്റി, കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ നടന്നത് ഗ്രൂപ്പുകളുടെ നഗ്നനൃത്തമാണ്'; ദീപ്തിയെ വെട്ടിയതില്‍ കടുത്ത വിമർശനവുമായി അജയ് തറയില്‍"
english_title: "kochi mayor election ajay tharayil supports deepthi mary varghese"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332751/kochi-mayor-election-ajay-tharayil-supports-deepthi-mary-varghese"
published_at: "2025-12-24T09:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b6c550ef6f_ajay_tharayil.jpg"
keywords: []
---

#  'ഡിസിസിക്ക് വീഴ്ച പറ്റി, കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ നടന്നത് ഗ്രൂപ്പുകളുടെ നഗ്നനൃത്തമാണ്'; ദീപ്തിയെ വെട്ടിയതില്‍ കടുത്ത വിമർശനവുമായി അജയ് തറയില്‍

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** )** കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാത്തതിൽ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിച്ച് കൊടുക്കുന്ന വിചിത്ര നടപടിയാണ് ഉണ്ടായത് എന്നായിരുന്നു അജയ് തറയിലിന്റെ വിമർശനം.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** )** കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാത്തതിൽ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിച്ച് കൊടുക്കുന്ന വിചിത്ര നടപടിയാണ് ഉണ്ടായത് എന്നായിരുന്നു അജയ് തറയിലിന്റെ വിമർശനം.

കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ നടന്നത് ഗ്രൂപ്പുകളുടെ നഗ്നനൃത്തമാണ്. ഡിസിസി പ്രസിഡൻ്റ് ഏകപക്ഷീയമായി പെരുമാറിയെന്നും അജയ് തറയില്‍ വിമർശിച്ചു. കോർ കമ്മിറ്റി ചേരാതെയാണ് മേയറെയും ഡെപ്യൂട്ടി മേയറേയും തെരഞ്ഞെടുത്തത്. ഗ്രൂപ്പാണ് വലുത് എന്ന പ്രതീതി ഉണ്ടാക്കി. ദീപ്തി കേവലം ഒരു കൗൺസിലറല്ല. നിരന്തര പോരാട്ടങ്ങളിലൂടെ വന്ന ഒരാളെ ഒഴിവാക്കിയതിനെ ന്യായീകരിക്കാനാവില്ലെന്നും അജയ് തറയിൽ കൂട്ടിച്ചേർത്തു.

മേയർ പദവിയിലേക്ക് ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ കോർ കമ്മിറ്റി കൂടണമെന്ന കെപിസിസി നിർദേശം പാലിക്കപ്പെട്ടില്ലെന്നാണ് ദീപ്തി മേരി വർഗീസിൻ്റെ ആരോപണം. തനിക്ക് പിന്തുണ ഇല്ലെന്ന് പറയുന്നത് തെറ്റാണെന്നും കൗൺസിലർമ്മാരുടെ അഭിപ്രായം തേടിയതിൽ സുതാര്യത ഇല്ലെന്നും ദീപ്തി ആരോപിച്ചു.

കൗൺസിലർമ്മാർക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. സുതാര്യമായ തെരഞ്ഞെടുപ്പാണ് നടന്നതെങ്കിൽ തീരുമാനം മറ്റൊന്നായേനേ. നേതൃത്വം നൽകിയവർ മറുപടി പറയണം. തെരഞ്ഞെടുപ്പിന് ശേഷം മേയർ സ്ഥാനം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ദീപ്തി പറഞ്ഞു.

അതേസമയം കൊച്ചി കോർപ്പറേഷനിൽ ദീപ്‌തിയെ മേയറാക്കാതിരിക്കാൻ ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് പ്രവർത്തനം നടന്നെന്നാണ് അജയ് തറയിലിന്റെ ആരോപണം. ഗ്രൂപ്പ് മാനേജർമാർ കൗൺസിലർമാരെ ഭീഷണിപ്പെടുത്തി. എൻ. വേണുഗോപാൽ അടക്കമുള്ളവർ പുതിയ ഗ്രൂപ്പുണ്ടാക്കി പ്രവർത്തനം നടത്തിയെന്നും അജയ് തറയിൽ ആരോപിച്ചു. ദീപ്തിയോട് ചെയ്തത് നീതിയില്ലായ്‌മയാണെന്നും അജയ് തറയിൽ പറഞ്ഞു.

എന്നാൽ ദീപ്തിയുമായി യാതൊരു പ്രശ്നവും ഇല്ലെന്നാണ് കൊച്ചി നിയുക്ത മേയർ വി.കെ. മിനിമോൾ പറഞ്ഞത്. ദീപ്തി എന്നും നല്ല സുഹൃത്തായിരിക്കും. രണ്ടര വർഷക്കാലം നല്ല രീതിയിൽ മുന്നോട്ടു പോകുമെന്നും വി.കെ.മിനിമോൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332751/kochi-mayor-election-ajay-tharayil-supports-deepthi-mary-varghese)