---
title: "ഉദയംപേരൂരിലെ വഴിയരികിലെ ശസ്ത്രക്രിയ; ഡോക്ടർമാരുടെ ശ്രമം ഫലം കണ്ടില്ല: ലിനു മരണത്തിന് കീഴടങ്ങി"
english_title: "Roadside surgery in Udayamperoor; Doctors' efforts were unsuccessful: Linu succumbed to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332698/roadside-surgery-in-udayamperoor-doctors-efforts-were-unsuccessful-linu-succumbed-to-death-new"
published_at: "2025-12-23T19:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a9d170cce7_accident.jpg"
keywords: []
---

# ഉദയംപേരൂരിലെ വഴിയരികിലെ ശസ്ത്രക്രിയ; ഡോക്ടർമാരുടെ ശ്രമം ഫലം കണ്ടില്ല: ലിനു മരണത്തിന് കീഴടങ്ങി

> **Lead Summary:** **കൊച്ചി: ഉ**ദയംപേരൂരില്‍ അപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയിലായ ലിനുവിന് ഡോക്ടര്‍മാര്‍ വഴിയരികില്‍ വെച്ച് ശസ്ത്രക്രിയ നടത്തിയത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലിനു.

## Article Content

**കൊച്ചി: ഉ**ദയംപേരൂരില്‍ അപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയിലായ ലിനുവിന് ഡോക്ടര്‍മാര്‍ വഴിയരികില്‍ വെച്ച് ശസ്ത്രക്രിയ നടത്തിയത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലിനു.

കൊച്ചി തൃപ്പൂണിത്തുറയ്ക്ക് സമീപം ഞായറാഴ്ച രാത്രി 8.30നായിരുന്നു അപകടമുണ്ടായത്. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു യുവാവിന് പരിക്കേറ്റത്. ഡോക്ടര്‍ ദമ്പതിമാരായ തോമസ് പീറ്റര്‍, ദിദിയ എന്നിവരും ഡോ. ബി മനൂപും ചേര്‍ന്നാണ് യുവാവിന് ശസ്ത്രക്രിയ നടത്തിയത്. സിനിമയില്‍ കണ്ട ശസ്ത്രക്രിയാ രീതി ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും പിന്നീട് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

വിവാഹം കഴിഞ്ഞുള്ള ആദ്യ ക്രിസ്മസ് ആഘോഷിക്കാന്‍ തെക്കന്‍ പറവൂരിലെ സെയ്ന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളിയിലേക്കുള്ള യാത്രയിലായിരുന്നു തോമസും ദിദിയയും. ഇതിനിടെയാണ് അപകടം കാണുന്നത്.

പരിക്കേറ്റയാളുടെ കഴുത്ത് ഒരാള്‍ പ്രത്യേക രീതിയില്‍ പിടിച്ച് പരിചരിക്കുന്നത് തോമസും ദിദിയയും ശ്രദ്ധിച്ചു. ഇതോടെ അയാള്‍ ഡോക്ടറാണെന്ന് ദമ്പതികള്‍ക്ക് മനസിലായി. തുടര്‍ന്ന് ദമ്പതികള്‍ അയാള്‍ക്കരികിലേക്ക് എത്തി.

അപകടത്തില്‍ ലിനുവിന് പുറമേ രണ്ട് പേര്‍ക്കായിരുന്നു പരിക്കേറ്റത്. മറ്റ് രണ്ട് പേരുടെ പരിക്ക് സാരമായിരുന്നില്ല. ലിനുവിന്റെ ശ്വാസകോശത്തില്‍ രക്തവും മണ്ണും കയറി ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തി. ഇങ്ങനെയുള്ളയാള്‍ക്ക് എത്രയും പെട്ടെന്ന് ശ്വസിക്കാന്‍ അവസരമൊരുക്കുക എന്നതാണ് ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗം. ഇതോടെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332698/roadside-surgery-in-udayamperoor-doctors-efforts-were-unsuccessful-linu-succumbed-to-death-new)