---
title: "സംസ്ഥാനത്തെ എസ്.ഐ.ആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; വോട്ടർമാർക്ക് പരിശോധിക്കാം; ഒഴിവാക്കിയത് 24.08 ലക്ഷം പേരുകൾ"
english_title: "sir draft voter list published in kerala 24 lakh people left out of the list"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332688/sir-draft-voter-list-published-in-kerala-24-lakh-people-left-out-of-the-list"
published_at: "2025-12-23T17:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a87dfab889_sir.jpg"
keywords: []
---

# സംസ്ഥാനത്തെ എസ്.ഐ.ആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; വോട്ടർമാർക്ക് പരിശോധിക്കാം; ഒഴിവാക്കിയത് 24.08 ലക്ഷം പേരുകൾ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **സംസ്ഥാനത്തെ എസ്​.ഐ.ആർ കരട്​ പട്ടിക പ്രസിദ്ധീകരിച്ചു. [https://voters.eci.gov.in] എന്ന ലിങ്ക് വഴി കരട് പട്ടികയിൽ പേരുണ്ടോ എന്ന് വോട്ടർമാർക്ക് പരിശോധിക്കാവുന്നതാണ്. 24.08 വോട്ടർമാർ പട്ടികയിൽ നിന്നും പുറത്തായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽകർ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **സംസ്ഥാനത്തെ എസ്​.ഐ.ആർ കരട്​ പട്ടിക പ്രസിദ്ധീകരിച്ചു. [https://voters.eci.gov.in] എന്ന ലിങ്ക് വഴി കരട് പട്ടികയിൽ പേരുണ്ടോ എന്ന് വോട്ടർമാർക്ക് പരിശോധിക്കാവുന്നതാണ്. 24.08 വോട്ടർമാർ പട്ടികയിൽ നിന്നും പുറത്തായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽകർ അറിയിച്ചു.

8.65 ശതമാനം വോട്ടർമാരെ നീക്കം ചെയ്തു. 2,54,42,352 ​വോട്ടർമാരാണ് പട്ടികയിൽ ഇടം നേടിയത്.മരിച്ചവർ, സ്ഥലംമാറിപോയവർ, ഇരട്ട വോട്ടുള്ളവർ, കണ്ടെത്താൻ കഴിയാത്തവർ എന്നിവർ ഉൾപ്പെടെയാണ് ഒഴിവാക്കിയവരായി പട്ടികയിലുള്ളത്. 24,08,503 പേരെയാണ് ആകെ പട്ടികയിൽ നിന്നും ഒഴിവാക്കിയതായുള്ളത്. ഇവരുടെ പേര് വിവരങ്ങൾ നേരത്തെ തന്നെ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

പട്ടികയുടെ കോപ്പി ജില്ലാ കളക്ട്രേറ്റുകൾ മുഖേനെ വിവിധ രാഷ്​ട്രീയ പാർട്ടികൾക്കും കൈമാറിയതായി അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് വെബ്സൈറ്റിൽ പ്രവേശിച്ച്, നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിലോ, എപിക് നമ്പർ നൽകിയോ പരിശോധിക്കാവുന്നതാണ്.

കരട്​ പട്ടികയിൽ പേരില്ലാത്തവർക്ക് ആക്ഷേപങ്ങളും പരാതികളും ചൊവ്വാഴ്​ച​ മുതൽ തന്നെ സമർപ്പിക്കാം. ജനുവരി 22 വരെയാണ്​ ഇതിനുള്ള സമയം. കരട് പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനും പരാതികൾ നൽകാവുന്നതാണ്. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്.

2025 ഒക്ടോബറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്ന 2.78 കോടി പേർക്കാണ്​ എന്യൂമറേഷൻ ഫോം വിതരണം ചെയ്തത്​. ഇതിൽ 2.54 കോടി പേർ ഫോം പൂരിപ്പിച്ച്​ തിരികെയേൽപിച്ചു. ഇവരുടെ ​ബൂത്ത്​ അടിസ്​ഥാനത്തിലുള്ള പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഫലത്തിൽ 2.54 കോടി പേരുടെ പട്ടികയാണ്​ കരടിലുണ്ടാവുക.

എന്യൂമറേഷൻ ഘട്ടത്തിൽ ഫോം സമർപ്പിക്കാൻ കഴിയാത്ത ‘കണ്ടെത്താനാകാത്തവരുടെ’ പട്ടികയിലുള്ളവർക്ക്​ ഡിക്ലറേഷനും ഫോം 6 ഉം നൽകി എസ്​.ഐ.ആറിന്‍റെ ഭാഗമാകാനും അവസരമുണ്ട്​. ഇതേ സമയപരിധിയിൽ തന്നെ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച്​ നൽകിയവരിൽ മതിയായ വിവരങ്ങൾ നൽകാത്തവർക്ക്​ ഇ.ആർ.ഒമാർ നോട്ടീസ്​ നൽകും. മൂന്ന് തലത്തിലുള്ള ഹിയറിങ് പൂർത്തിയാക്കി ശേഷം മാത്രമാവും ഒരു വോട്ടറെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഫോം 6, പ്രവാസി വോട്ടർമാർക്ക് പേര് ചേർക്കാൻ ഫോം 6 A, ഒഴിവാക്കാൻ ഫോം 7, ​സ്ഥലംമാറ്റത്തിന് ഫോം 8 എന്നിവ വഴി ഇനി അപേക്ഷ നൽകാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332688/sir-draft-voter-list-published-in-kerala-24-lakh-people-left-out-of-the-list)