---
title: "എൻ. കെ. രമേശ്‌ വരിക്കോളിയുടെ 'നബിമോളും മറ്റു അഞ്ച് വടക്കൻ പാട്ടുകളും' പുറത്തിറങ്ങി"
english_title: "NKRamesh Varikoli's Nabimol and five other northern songs released"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332663/nkramesh-varikolis-nabimol-and-five-other-northern-songs-released"
published_at: "2025-12-23T15:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a6b85e68cc_nabimoluj.jpg"
keywords: []
---

# എൻ. കെ. രമേശ്‌ വരിക്കോളിയുടെ 'നബിമോളും മറ്റു അഞ്ച് വടക്കൻ പാട്ടുകളും' പുറത്തിറങ്ങി

> **Lead Summary:** ** **കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ആന്ത്രോപ്പോളജിസ്റ്റ് എൻ. കെ. രമേശ്‌ വരിക്കോളിയുടെ നബിമോളും മറ്റു അഞ്ച് വടക്കൻ പാട്ടുകളും എന്ന ഗ്രന്ഥം പുറത്തിറങ്ങി. ആറ് അപൂർവം വടക്കൻ പാട്ടുകളുടെ സമ്പാദനവും പഠനവുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത.

## Article Content

** **കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ആന്ത്രോപ്പോളജിസ്റ്റ് എൻ. കെ. രമേശ്‌ വരിക്കോളിയുടെ നബിമോളും മറ്റു അഞ്ച് വടക്കൻ പാട്ടുകളും എന്ന ഗ്രന്ഥം പുറത്തിറങ്ങി. ആറ് അപൂർവം വടക്കൻ പാട്ടുകളുടെ സമ്പാദനവും പഠനവുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത.

പാഠ ഭേദങ്ങളോടെ കാതുകളിൽ നിന്ന് കാതുകളിലേക്ക് പകർന്നു നൽകിയ വടക്കൻ പാട്ടുകൾ ഈ ഗ്രന്ഥത്തെ വേറിട്ടു നിർത്തുന്നു. പ്രശസ്ത ചരിത്രകാരൻ ഡോ. കെ. കെ. എൻ. കുറുപ്പാണ് ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നത്. കടത്താനാടിന്റെ സാംസ്കാരിക ധാര മനസ്സിലാക്കുന്നതിനുള്ള സ്തുത്യർഹമായ പ്രവർത്തനമാണ് രമേശ്‌ ഈ ഗ്രന്ഥത്തിലൂടെ നിർവ്വഹിച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

രമേശിന്റെ മാതൃസഹോദരിയും കേരള ഫോക് ലോർ അക്കാദമി പുരസ്‌കാരം നേടിയ വലിയ കുന്നോത്ത് മാണി അമ്മയിൽ നിന്നാണ് ഈ വടക്കൻ പാട്ടുകൾ രമേശ്‌ ശേഖരിച്ചത്. പയ്യമ്പള്ളി ചന്തു വയനാടൻ പുന്നൊറാൻ കേളുവിന്റെ കോട്ട ആക്രമിക്കുന്നതിനിടയിൽ വധിക്കപ്പെട്ട വീരഗാഥയാണ് വടക്കൻ പാട്ടുകളിൽ നിലവിലുള്ളത്.

എന്നാൽ രമേശ്‌ ഇതിന്റെ മറ്റൊരു പാഠ ഭേദമാണ് ശേഖരിച്ചിരിക്കുന്നത്. താമരശ്ശേരിയിലെ മാപ്പിള അങ്കക്കാരൻ മാടായി മണിനിലം കുഞ്ഞമ്മതുമായുള്ള അങ്കത്തിൽ ചതിയിലൂടെ പയ്യമ്പള്ളി ചന്തു വധി ക്കപ്പെടുന്ന പാട്ടാണ് രമേശിന് ലഭിച്ചിട്ടുള്ളത്.

കേരളത്തിൽ നരബലി നടന്നിരുന്നതിന്റെ സുചന നൽകുന്ന വടക്കൻ പാട്ട് ഈ ഗ്രന്ഥത്തിന്റെ അപൂർവതയാണ്. പൊന്മേരി അമ്പല നിർമ്മാണവുമായി ബന്ധപ്പെട്ടാണ് നരബലിയുടെ മിത്ത് വടക്കൻ പാട്ടിലൂടെ അവതരിപ്പിക്കുന്നത്.

മൃഗങ്ങളുടെ കഥ പറയുന്ന വടക്കൻ പാട്ടുകൾ അധികമൊന്നും പുറത്തു വന്നിട്ടില്ല. കോട്ടയം (മലബാർ) രാജാവിന്റെ അനന്തൻ എന്ന ഒന്നര വയസ്സു ള്ള ആനക്കുട്ടിയുടെ ദുരന്തപര്യവസായിയായ വീരഗാഥകൾ പറയുന്ന ആനപ്പാട്ട് ഈ ഗ്രന്ഥത്തിലെ ശ്രദ്ധേയമായ മറ്റൊരു അദ്ധ്യായമാണ്.

മുസ്ലിങ്ങളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വടക്കൻ പാട്ടുകൾ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. പെരിങ്ങത്തൂർ പ്രദേശത്തും പെരിങ്ങത്തൂർ പള്ളിയിലും വെച്ച് നടക്കുന്ന ഒരു സംഭവമാണ് ഈ വടക്കൻ പാട്ടിന്റെ ഇതിവൃത്തം.

പെരിങ്ങത്തൂർ പള്ളിയിലെ ഒരു സ്ത്രീയുടെ ഖബറിൽ നിന്നും നബിയുടെ മകൾ പുനർജനിക്കുന്ന മിത്താണ് ഈ വടക്കൻ പാട്ടിന്റെ പെരുമ. മാപ്പിളപ്പട്ടിന്റെ ശീലുകളിലാണ് ഈ വടക്കൻപാട്ട് ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ ഫോക് ലോറിൽ കാണുന്ന സാംസ്കാരിക സമന്വയത്തിന് ഉദാത്തമായ ഉദാഹരണമാണിത്. ഇത് വടക്കൻപാട്ടു സാഹിത്യത്തിന്റെ വ്യാപ്തിക്കും മതനിരപേക്ഷ സ്വഭാവത്തിനും അടിവരയിടുന്നു.

വടക്കൻ പാട്ടുകളുടെ പുനരാഖ്യാനത്തിന് പകരം വടക്കൻ പാട്ടുകൾ നേരിട്ട് ശേഖരിച്ച് അവ പ്രസിദ്ധീകരിക്കുന്നതിലാണ് രമേശ്‌ ശ്രദ്ധേയനാവുന്നത്. വടക്കൻ പാട്ടുകളുടെ വീണ്ടെടുക്കൽ ഒരു സംസ്കാരത്തിന്റെ തന്നെ വീണ്ടെടുക്കലാണെന്ന് രമേശ്‌ സമ്പാദിച്ച വടക്കൻ പാട്ടുകൾ വ്യക്തമാക്കുന്നു.

ഓരോ വർഷം കഴിയുമ്പോഴും നമ്മുടെ നാടോടി പാരമ്പര്യത്തിന്റെ വിലമതിക്കാനാവാത്ത ഉറവിടമാണ് നഷ്ടപ്പെടുന്നത്. അത്തരം അപചയം സംഭവിക്കാതിരിക്കാനാണ് രമേശിനെ പോലുള്ള സ്വതന്ത്ര ഗവേഷകർ പ്രവർത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332663/nkramesh-varikolis-nabimol-and-five-other-northern-songs-released)