---
title: "ആദ്യ ചുവട് പിഴച്ചു, നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള ശ്രമത്തിനിടെ യുഡിഎഫിന് കല്ലുകടിയായി വിഷ്ണുപുരം ചന്ദ്രശേഖരന്റെ വാർത്താ സമ്മേളനം "
english_title: "The first step went wrong, and Vishnupuram Chandrasekharan press conference became a stumbling block for the UDF in its attempt to prepare early for the assembly elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332465/the-first-step-went-wrong-and-vishnupuram-chandrasekharan-press-conference-became-a-stumbling-block-for-the-udf-in-its-attempt-to-prepare-early-for-the-assembly-elections"
published_at: "2025-12-22T16:56:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69492c588a617_congress.jpg"
keywords: []
---

# ആദ്യ ചുവട് പിഴച്ചു, നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള ശ്രമത്തിനിടെ യുഡിഎഫിന് കല്ലുകടിയായി വിഷ്ണുപുരം ചന്ദ്രശേഖരന്റെ വാർത്താ സമ്മേളനം 

> **Lead Summary:** **( **[www.truevisionnews.com]** ) **വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള ശ്രമത്തിനിടെ യുഡിഎഫ് മുന്നണിക്ക് ആദ്യ ചുവട് പിഴച്ചു. കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടി യുഡിഎഫിലേക്ക് എത്തുമെന്നും അസോസിയേറ്റ് അം​ഗമാക്കാൻ ധാരണയായി എന്നും യുഡിഎഫ് ഏകോപന സമിതിയോ​ഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസ്താവന മണിക്കൂറുകൾക്കുള്ളിലാണ് പൊളിഞ്ഞത്.

## Article Content

**( **[www.truevisionnews.com]** ) **വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള ശ്രമത്തിനിടെ യുഡിഎഫ് മുന്നണിക്ക് ആദ്യ ചുവട് പിഴച്ചു. കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടി യുഡിഎഫിലേക്ക് എത്തുമെന്നും അസോസിയേറ്റ് അം​ഗമാക്കാൻ ധാരണയായി എന്നും യുഡിഎഫ് ഏകോപന സമിതിയോ​ഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസ്താവന മണിക്കൂറുകൾക്കുള്ളിലാണ് പൊളിഞ്ഞത്.

താന്‍ യുഡിഎഫിന് അപേക്ഷ നല്‍കിയിട്ടില്ലെന്ന് വിഷ്ണുപുരം തുറന്നടിച്ചത് മുന്നണിക്ക് നാണക്കേടായി മാറി. താന്‍ യുഡിഎഫിലെത്തുമെന്ന വാര്‍ത്ത കണ്ടത് മാധ്യമങ്ങളിലൂടെയാണ്. ഞാന്‍ എന്‍ഡിഎയുടെ വൈസ് ചെയര്‍മാനാണ്, ഞാന്‍ യുഡിഎഫിലേക്ക് എന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചു വ്യക്തമാക്കി.

കാമരാജ് കോണ്‍ഗ്രസും വിഎസ്ഡിപിയും രണ്ടാണ് അപേക്ഷ ഉണ്ടെങ്കില്‍ വി ഡി സതീശന്‍ പുറത്ത് വിടണം. അപേക്ഷ ഞാന്‍ നിഷേധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലേക്ക് എടുക്കണം എന്ന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ അത് പുറത്ത് വിടണമെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ വെല്ലുവിളിച്ചു. എന്‍ഡിഎയുമായി തനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. അത് പരിഹരിക്കാന്‍ പ്രാപ്തനുമാണ്. തനിക്കുള്ള വിഷയങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു പരിധി വരെ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഇപ്പോഴും ഒരു സ്വയം സേവകനാണെന്നും എന്‍ഡിഎ മുന്നണിയുമായി പല അതൃപിതികളുമുണ്ടെങ്കിലും അതില്‍ നിന്ന് ചാടിപ്പോകാന്‍ മാത്രം അതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

> "നാല് മാസം മുൻപ് എൻഡിഎയുമായുള്ള ഒരു പ്രശ്നം വന്നപ്പോൾ രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും വി ഡി സതീശനും ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കൾ തന്നോട് തൃപ്തനാണോ എന്ന് ചോദിച്ചു. തൃപ്തനല്ല എന്ന് എല്ലാവരോടും ഞാൻ പറഞ്ഞു. ഇപ്പോഴും എൻഡിഎയുമായി അഭിപ്രായവ്യത്യാസമുണ്ട്. അതിന്റെ അർത്ഥം എൻഡിഎ വിടാനുള്ള അതൃപ്തി ഉണ്ടെന്നല്ല. യുഡിഎഫിൽ പോകേണ്ട സാഹചര്യമില്ല"- ചന്ദ്രശേഖരൻ പറഞ്ഞു.

'വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഇങ്ങോട്ട് സമീപിച്ചത്, ആഗ്രഹമില്ലെങ്കില്‍ അദ്ദേഹത്തിന് പോകാം' എന്നാണ് പ്രതിപക്ഷ നേതാവ് മറുപടി നല്‍കിയത്. നിലവില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയും കേരള കാമരാജ് കോണ്‍ഗ്രസും എന്‍ഡിഎയുടെ ഘടകകക്ഷികളാണ്. ഇവര്‍ എന്‍ഡിഎ വിട്ട് യുഡിഎഫില്‍ ചേരാന്‍ രേഖാമൂലം താത്പര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നണി ഈ തീരുമാനത്തില്‍ എത്തിയതെന്ന് വി.ഡി. സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണി വിപുലീകരിക്കാന്‍ നീക്കവുമായി യുഡിഎഫ്. ഇതിന്റെ ഭാഗമായി പി വി അന്‍വറും സി കെ ജാനുവും യുഡിഎഫിലെത്തും. 

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനോടും ഇടതുപാളയത്തോടും പടവെട്ടി പുറത്തുപോയ പി.വി അന്‍വര്‍, തൃണമൂൽ വഴി ആ യാത്ര തുടങ്ങി ഒടുവിൽ എത്തിയിരിക്കുന്നത് യുഡിഎഫിൽ. ഇടത് പിന്തുണയോടെ സ്വതന്ത്ര എംഎല്‍എ ആയി തുടങ്ങി, പിന്നീട് ഇടതിനോട് പിരിഞ്ഞ്, ഡിഎംകെ എന്ന സംഘടനയുണ്ടാക്കി, യുഡിഎഫിലേക്കെന്ന സൂചനയും നല്‍കി ഒടുവില്‍ അന്‍വര്‍ എത്തിയത് തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്നു. അവസാനം ഇപ്പോൾ യുഡിഎഫിൽ തന്നെ അൻവർ ചേക്കേറിയിരിക്കുകയാണ്.

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് നിലമ്പൂര്‍ എംഎല്‍എയ്ക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കേരള രാഷ്ട്രീയത്തില്‍ അടുത്തിടെ കണ്ട വലിയ ട്വിസ്റ്റും ട്വിസ്റ്റിന്മേല്‍ ട്വിസ്റ്റും നിറഞ്ഞതായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് വരെയും അവിടെ നിന്ന് യുഡിഎഫിലേക്കും എത്തി നില്‍ക്കുന്ന അന്‍വറിന്റെ യാത്ര.

തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനമായത് എന്നായിരുന്നു വി ഡി സതീശന്റെ വിശദീകരണം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുക എന്ന ഉദ്ദേശത്തില്‍ കൂടിയാണിത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും സഹകരിക്കുന്ന നിലപാടായിരുന്നു പി വി അന്‍വറിന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നാല്‍, രാഷ്ട്രീയമായി അത് അന്‍വറിന് നേട്ടമായിരുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് മുന്നണി ശക്തമാക്കുന്നതിനായുള്ള നിര്‍ണായക തീരുമാനം.

ജോസ് കെ മാണി വിഭാഗത്തെ കൂടി അസോസിയേറ്റ് മെമ്പര്‍ഷിപ്പിലേക്കോ മുന്നണിയിലേക്കോ പരിഗണിക്കാമെന്നുള്ള കാര്യം ചര്‍ച്ചചെയ്‌തെങ്കിലും പി ജെ ജോസഫ് അടക്കമുള്ളവര്‍ ആ അജണ്ടയെ തന്നെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തുകയായിരുന്നു. അതേസമയം, ബിജെപി ഭരണം ഇല്ലാതാക്കാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ എല്‍ഡിഎഫും ആയി സഹകരിക്കില്ലെന്ന പ്രതിപക്ഷനേതാവിന്റെ തീരുമാനത്തെ യുഡിഎഫ് യോഗം പിന്തുണ അറിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ ഇന്ത്യസഖ്യം ഉണ്ടെന്ന പ്രചാരണത്തിന് അത് ഊന്നല്‍ നല്‍കുമെന്നും അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുമായിരുന്നു വി ഡി സതീശന്റെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332465/the-first-step-went-wrong-and-vishnupuram-chandrasekharan-press-conference-became-a-stumbling-block-for-the-udf-in-its-attempt-to-prepare-early-for-the-assembly-elections)