---
title: "കേരളത്തിൽ വീണ്ടും എച്ച്ഐവി കേസുകൾ ഉയരുന്നു"
english_title: "HIV cases are rising"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332411/hiv-cases-are-rising"
published_at: "2025-12-22T13:35:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6948fd545cbf5_hiv.jpg"
keywords: []
---

# കേരളത്തിൽ വീണ്ടും എച്ച്ഐവി കേസുകൾ ഉയരുന്നു

> **Lead Summary:** **[[truevisionnews.com]]** 2030 ഓടെ ലോകത്തെ എയ്‌ഡ്‌സ് മുക്തമാക്കണമെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടന 2015ൽ ആരംഭിച്ച ‘എയ്‌ഡ്‌സ് ഫ്രീ വേൾഡ്’ പ്രചാരണത്തിൽ ഇന്ത്യയും പങ്കാളിയായിരുന്നു. 2025ൽ തന്നെ രാജ്യത്ത് എച്ച്ഐവി പൂർണമായി ഇല്ലാതാക്കുക എന്നതായിരുന്നു ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യം.

## Article Content

**[[truevisionnews.com]]** 2030 ഓടെ ലോകത്തെ എയ്‌ഡ്‌സ് മുക്തമാക്കണമെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടന 2015ൽ ആരംഭിച്ച ‘എയ്‌ഡ്‌സ് ഫ്രീ വേൾഡ്’ പ്രചാരണത്തിൽ ഇന്ത്യയും പങ്കാളിയായിരുന്നു. 2025ൽ തന്നെ രാജ്യത്ത് എച്ച്ഐവി പൂർണമായി ഇല്ലാതാക്കുക എന്നതായിരുന്നു ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യം.

എന്നാൽ യാഥാർത്ഥ്യം ആശങ്കപ്പെടുത്തുന്നതാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ മാത്രം 4477 പേർക്ക് എയ്‌ഡ്‌സ് സ്ഥിരീകരിച്ചിരിക്കുകയാണ്. പ്രതിമാസം നൂറിലധികം പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എയ്‌ഡ്‌സ് മുക്ത ലോകത്തിലേക്കുള്ള യാത്രയിൽ എവിടെയാണ് കേരളം വഴിതെറ്റിയത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. 1980കളുടെ തുടക്കത്തിൽ അമേരിക്കയിലാണ് ലോകത്ത് ആദ്യമായി എയ്‌ഡ്‌സ് റിപ്പോർട്ട് ചെയ്തത്.

1990കളോടെ രോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു. തുടക്കത്തിൽ രോഗവ്യാപനത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ശാസ്ത്രലോകത്തിന് വ്യക്തമായ അറിവ് ഉണ്ടായിരുന്നില്ല.

എന്നാൽ 1990കളുടെ അവസാനത്തോടെ വ്യാപകമായ പഠനങ്ങൾ ആരംഭിക്കുകയും രോഗം പകരുന്ന വഴികൾ, സുരക്ഷാ മുൻകരുതലുകൾ, ചികിത്സാ രീതികൾ എന്നിവയിൽ വ്യക്തത വരികയും ചെയ്തു.

രണ്ടായിരങ്ങളുടെ തുടക്കത്തോടെ എച്ച്ഐവി ബാധിതരുടെ എണ്ണം കുറയ്ക്കാനും രോഗവ്യാപനം നിയന്ത്രിക്കാനും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സാധിച്ചു. പ്രത്യേകിച്ച് എയ്‌ഡ്‌സ് മരുന്നുകളുടെ ഉൽപാദനത്തിൽ ഇന്ത്യ ലോകത്ത് മുൻപന്തിയിലായിരുന്നു.

ഒരുകാലത്ത് ലോകത്ത് ഉപയോഗിച്ചിരുന്ന എയ്‌ഡ്‌സ് മരുന്നുകളുടെ 90 ശതമാനത്തോളം ഇന്ത്യയിൽ നിന്നാണ് നിർമ്മിച്ചിരുന്നത്. 2005ന് ശേഷം എയ്‌ഡ്‌സ് മൂലമുള്ള മരണനിരക്കും ഗണ്യമായി കുറഞ്ഞു.

കൃത്യമായ ചികിത്സയിലൂടെ ശരീരത്തിലെ വൈറസ് തോത് കണ്ടെത്താനാകാത്ത നിലയിലേക്കെത്തിക്കാനാകുമെന്ന് ഇന്ന് തെളിഞ്ഞതാണ്. ‘അൺഡിറ്റക്ടബിൾ വൈറൽ ലോഡ്’ എന്ന ഈ ഘട്ടത്തിൽ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും വളരെ കുറയുന്നു.

ജനനസമയത്ത് എച്ച്ഐവി പോസിറ്റീവായിട്ടും പതിറ്റാണ്ടുകളായി കൃത്യമായി ചികിത്സ തുടരുന്നവർ ഇന്ന് ആരോഗ്യകരമായ ജീവിതം നയിക്കുന്നതും ഇതിന് തെളിവാണ്. എന്നാൽ ഇത്രയൊക്കെ പുരോഗതികൾ ഉണ്ടായിട്ടും കേരളത്തിൽ വീണ്ടും കേസുകൾ വർധിക്കുന്നത് ബോധവത്കരണത്തിലെ കുറവ്, സുരക്ഷിത ലൈംഗിക ശീലങ്ങളിലേക്കുള്ള അനാസക്തി, പരിശോധനാ സംവിധാനങ്ങളോടുള്ള ഭയം എന്നിവ വീണ്ടും വിലയിരുത്തേണ്ട സാഹചര്യമാണെന്ന് വ്യക്തമാക്കുന്നു.

എയ്‌ഡ്‌സ് മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ ചികിത്സയ്‌ക്കൊപ്പം സാമൂഹിക ജാഗ്രതയും ബോധവത്കരണവും ശക്തമാക്കേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332411/hiv-cases-are-rising)