---
title: "'അവധി കുട്ടികൾക്ക് ആഘോഷിക്കാനുള്ളത്, അവധിക്കാലത്ത് ക്ലാസ് നടത്തിയാൽ കർശന നടപടി' - വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി"
english_title: "Strict action will be taken if classes are held during vacations, says Education Minister V Sivankutty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332203/strict-action-will-be-taken-if-classes-are-held-during-vacations-says-education-minister-v-sivankutty-new-"
published_at: "2025-12-20T19:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6946ae82d8bda_v_sivankutty.jpg"
keywords: []
---

# 'അവധി കുട്ടികൾക്ക് ആഘോഷിക്കാനുള്ളത്, അവധിക്കാലത്ത് ക്ലാസ് നടത്തിയാൽ കർശന നടപടി' - വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: ** അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകൾ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: ** അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകൾ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

അവധിക്കാല ക്ലാസുകൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായും ഇത്തരം ക്ലാസുകൾ ഇനി അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.

അവധിക്കാലം കുട്ടികൾ ആഘോഷിക്കാനുള്ളതാണെന്നും മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ ആസ്വദിക്കാനുമുള്ള സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഷെഡ്യൂൾ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അറുപത്തി നാലാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും റവന്യു മന്ത്രി കെ രാജനും ചേർന്ന് നിർവഹിച്ചു. 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിലാകും കലോത്സവം അരങ്ങേറുക. തേക്കിൻകാട് മൈതാനമായിരിക്കും പ്രധാനവേദി.

ജനുവരി 14 ന് രാവിലെ 10.00 മണിക്ക് തേക്കിൻക്കാട് മൈതാനത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികളുടെ കലാ മാമാങ്കത്തിന് തിരിതെളിക്കും. ജനുവരി 18 ന് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി മോഹൻലാൽ പങ്കെടുക്കും.

പാലസ് ഗ്രൗണ്ടിലായിരിക്കും ഭക്ഷണശാലയെന്ന് മന്ത്രിമാർ അറിയിച്ചു. അറബിക് കലോത്സവവും ഒപ്പം നടക്കുമെന്നും മന്ത്രിമാർ വിവരിച്ചു. ഇതിനൊപ്പം തന്നെ കഴിഞ്ഞ വർഷത്തെ സ്കൂൾ കലോത്സവത്തിലെ മാധ്യമ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332203/strict-action-will-be-taken-if-classes-are-held-during-vacations-says-education-minister-v-sivankutty-new-)