---
title: "കിരീടം ചൂടാൻ.....! ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരം സഞ്ജു സാംസൺ  ടീമില്‍, ശുഭ്മാന്‍ ഗില്ലും ജിതേഷ് ശര്‍മയും പുറത്ത്"
english_title: "t20 world cup indian team announced shubman gill out sanju samson in"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332152/t20-world-cup-indian-team-announced-shubman-gill-out-sanju-samson-in"
published_at: "2025-12-20T14:28:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694665bd8a3bc_indian_team.jpg"
keywords: []
---

# കിരീടം ചൂടാൻ.....! ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരം സഞ്ജു സാംസൺ  ടീമില്‍, ശുഭ്മാന്‍ ഗില്ലും ജിതേഷ് ശര്‍മയും പുറത്ത്

> **Lead Summary:** **മുംബൈ: ( **[www.truevisionnews.com]** ) **അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാവുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.

## Article Content

**മുംബൈ: ( **[www.truevisionnews.com]** ) **അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാവുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.

വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ടി20 ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും ടീമില്‍ ഇടം നേടാനായില്ല. മലയാളി താരം സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലെടുത്തപ്പോള്‍ മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച ടീമിലെ ഭൂരിഭാഗം താരങ്ങളും ലോകകപ്പ് ടീമിലും ഇടം നേടി. പേസര്‍മാരായി ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയും ടീമിലിടം നേടി. വാഷിംഗ്ടണ്‍ സുന്ദര്‍ 15 അംഗ ടീമിലെത്തിയപ്പോള്‍ റിങ്കു സിംഗും ഇടംപിടിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും റിങ്കുവിന് നിര്‍ഭാഗ്യം കൊണ്ട് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും അക്സര്‍ പട്ടേലും ടീമിലെത്തി. ലോകകപ്പിനൊപ്പം അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിലും ഇതേ ടീം തന്നെയാണ് കളിക്കുക.

**ഇന്ത്യൻ ടീം: ***സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.*

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും പാകിസ്ഥാനും ഒരേ ​ഗ്രൂപ്പിലാണ്. ​ഗ്രൂപ്പ് എയിൽ ഇരുരാജ്യങ്ങള്‍ക്കും പുറമെ അമേരിക്ക, നമീബിയ, നെതർലാൻഡ്‌സ് തുടങ്ങിയ ടീമുകളുമുണ്ട്. ഫെബ്രുവരി ഏഴിന് മുംബൈയിൽ ഇന്ത്യയും അമേരിക്കയും ഏറ്റുമുട്ടും. ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ പാക് മത്സരം.

അടുത്ത വർഷം ഫെബ്രുവരി ഏഴു മുതൽ മാർച്ച് എട്ടുവരെയാണ് ടൂർണമെന്റ്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയിലെ അഞ്ച് വേദികളിലും ശ്രീലങ്കയിലെ മൂന്ന് വേദികളിലുമായി എട്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരം. 20 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ട്‌ ടീമുകൾ സൂപ്പർ എട്ട്‌ റൗണ്ടിലേക്ക്‌ മുന്നേറും.

**ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പുകൾ**

*ഗ്രൂപ്പ് എ- ഇന്ത്യ, അമേരിക്ക, നമീബിയ, നെതർലാൻഡ്‌സ്, പാകിസ്ഥാൻ*

*ഗ്രൂപ്പ് ബി- ഓസ്‌ട്രേലിയ, ശ്രീലങ്ക, സിംബാബ്‌വെ, അയർലൻഡ്, ഒമാൻ*

*ഗ്രൂപ്പ് സി- ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ഇറ്റലി, നേപ്പാൾ*

*ഗ്രൂപ്പ് ഡി- ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, കാനഡ, യുഎഇ*

**ഇന്ത്യയുടെ കളികൾ**

*ഫെബ്രുവരി 7 അമേരിക്ക (മുംബൈ )*

*ഫെബ്രുവരി 12 നമീബിയ (ഡൽഹി)*

*ഫെബ്രുവരി 15 പാകിസ്ഥാൻ (കൊളംബോ)*

*ഫെബ്രുവരി 18 നെതർലൻഡ്‌സ്‌ (അഹമ്മദാബാദ്‌)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332152/t20-world-cup-indian-team-announced-shubman-gill-out-sanju-samson-in)