---
title: "നഖങ്ങൾ പറയും നിങ്ങളുടെ ആരോഗ്യനില; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്"
english_title: "Nails and health, symptoms in nails"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332146/nails-and-health-symptoms-in-nails"
published_at: "2025-12-20T13:56:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69465e334bb1e_TRUUUUUUUU.jpg"
keywords: []
---

# നഖങ്ങൾ പറയും നിങ്ങളുടെ ആരോഗ്യനില; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

> **Lead Summary:** **[[truevisionnews.com] ] **ശരീരത്തിലെ പോഷകാവസ്ഥയെക്കുറിച്ചുള്ള പ്രധാന സൂചനകളാണ് നമ്മുടെ നഖങ്ങൾ നൽകുന്നത്. ഭക്ഷണത്തിലൂടെ ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് ലഭിക്കാത്തപ്പോൾ അതിന്റെ പ്രതിഫലനം ആദ്യം കാണുന്നത് പലപ്പോഴും നഖങ്ങളിലായിരിക്കും.

## Article Content

**[[truevisionnews.com] ] **ശരീരത്തിലെ പോഷകാവസ്ഥയെക്കുറിച്ചുള്ള പ്രധാന സൂചനകളാണ് നമ്മുടെ നഖങ്ങൾ നൽകുന്നത്. ഭക്ഷണത്തിലൂടെ ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് ലഭിക്കാത്തപ്പോൾ അതിന്റെ പ്രതിഫലനം ആദ്യം കാണുന്നത് പലപ്പോഴും നഖങ്ങളിലായിരിക്കും.

നിറമാറ്റം, രൂപവ്യതിയാനം, പൊട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ തുടക്കത്തിലേ തിരിച്ചറിയാനാകും. നഖങ്ങൾ വെളിപ്പെടുത്തുന്ന ചില പ്രധാന ആരോഗ്യ സൂചനകളാണ് താഴെ പറയുന്നത്.

***1.സ്‌പൂൺ രൂപത്തിലുള്ള നഖങ്ങൾ***

നഖങ്ങൾ ഉള്ളിലേക്കു വളഞ്ഞ് സ്പൂൺ പോലെ തോന്നുന്നത് ശരീരത്തിലെ അയൺ കുറവിന്റെ സൂചനയാണ്. കൂടുതലായി സ്ത്രീകൾ, സസ്യാഹാരികൾ, ഭക്ഷണത്തിലെ പോഷകങ്ങൾ ശരീരത്തിൽ ആഗിരണം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ തുടങ്ങിയവരിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. അയൺ സമൃദ്ധമായ ഭക്ഷണങ്ങൾക്കൊപ്പം വൈറ്റമിൻ സി ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. എന്നാൽ സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കണം.

***2. നഖങ്ങളിലെ വെളുത്ത പാടുകൾ***

നഖത്തിൽ കാണുന്ന ചെറിയ വെളുത്ത പാടുകൾ സിങ്ക് അഭാവത്തിന്റെ സൂചനയായിരിക്കും. പ്രതിരോധശേഷി വർധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സിങ്ക് ശരീരത്തിന് അത്യാവശ്യമാണ്.പ്രോട്ടീൻ കുറവ്, ചില ദീർഘകാല രോഗങ്ങൾ, അണുബാധകൾ എന്നിവ മൂലവും സിങ്ക് കുറയാം. കക്കയിറച്ചി, മത്തങ്ങ വിത്തുകൾ, ബീഫ്, വെള്ളക്കടല തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സഹായകരമാണ്.

***3. എളുപ്പത്തിൽ പൊട്ടുന്ന നഖങ്ങൾ***

നഖങ്ങൾ പെട്ടെന്ന് പൊട്ടിപ്പോകുന്നത് ബയോട്ടിൻ, അയൺ, കാൽസ്യം എന്നിവയുടെ കുറവിനാലാകാം. വരണ്ട കാലാവസ്ഥ, അമിതമായ കൈ കഴുകൽ, പ്രായാധിക്യം തുടങ്ങിയ ഘടകങ്ങൾ പ്രശ്നം വർധിപ്പിക്കും. മുടികൊഴിച്ചിൽ, ക്ഷീണം, പേശിദൗർബല്യം എന്നിവയും ഇതോടൊപ്പം ഉണ്ടാകാം. മുട്ട, ബദാം, സാൽമൺ, പച്ചിലകൾ, പോഷകസമ്പുഷ്ടമായ സീരിയലുകൾ എന്നിവ ഉപകാരപ്പെടും.

***4. തവിട്ടോ നീലനിറമോ ഉള്ള നഖങ്ങൾ***

നഖങ്ങൾ തവിട്ടുനിറത്തിലേക്കോ നീല-കറുപ്പ് കലർന്ന നിറത്തിലേക്കോ മാറുന്നത് വൈറ്റമിൻ ബി12 അഭാവത്തിന്റെ ലക്ഷണമാകാം. ചുവന്ന രക്തകോശങ്ങളുടെ നിർമ്മാണത്തിൽ നിർണായക പങ്ക് വഹിക്കുന്ന വൈറ്റമിനാണ് ബി12. പാൽ, മുട്ട, പാലുത്പന്നങ്ങൾ എന്നിവ ഈ കുറവ് പരിഹരിക്കാൻ സഹായിക്കും.

***5. നഖത്തിലെ വരകൾ***

നഖത്തിൽ തിരശ്ചീനമായി വരകൾ പ്രത്യക്ഷപ്പെടുന്നത് സിങ്ക് കുറവിനോടൊപ്പം നഖ വളർച്ച താൽക്കാലികമായി നിലച്ചതിന്റെ സൂചനയും ആകാം. നട്ട്‌സ്, വിത്തുകൾ, പയർവർഗങ്ങൾ, ലീൻ മീറ്റ് എന്നിവ ഭക്ഷണത്തിലേക്ക് കൂട്ടിച്ചേർക്കുന്നത് ഗുണകരമാണ്.

നഖങ്ങളിലെ ഇത്തരം മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവഗണിക്കാതെ, ഭക്ഷണക്രമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ആവശ്യമെങ്കിൽ ഡോക്ടറെ സമീപിക്കുകയും ചെയ്യുന്നതാണ് ഉചിതം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332146/nails-and-health-symptoms-in-nails)