---
title: "'റിമാൻഡ് കഴിഞ്ഞു വാ, നിനക്കുള്ള റീത്ത് റെഡിയാണ്, കൊല്ലേണ്ടതിനെ കൊല്ലണം'; പാനൂരിൽ വീണ്ടും കൊലവിളി, പരാതിയുമായി മുസ്‌ലിം ലീഗ്"
english_title: "Left cyber wing calls for murder through social media in Panoor , complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331836/left-cyber-wing-calls-for-murder-through-social-media-in-panoor-complaint"
published_at: "2025-12-18T16:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943e430eb3b0_panoor.jpg"
keywords: []
---

# 'റിമാൻഡ് കഴിഞ്ഞു വാ, നിനക്കുള്ള റീത്ത് റെഡിയാണ്, കൊല്ലേണ്ടതിനെ കൊല്ലണം'; പാനൂരിൽ വീണ്ടും കൊലവിളി, പരാതിയുമായി മുസ്‌ലിം ലീഗ്

> **Lead Summary:** **കണ്ണൂർ: **പാനൂരിൽ സമൂഹമാധ്യമങ്ങളിലൂടെ ഇടത് സൈബർ വിങ് കൊലവിളി തുടരുന്നതായി പരാതി. പാറാട് സിപിഎം സ്തൂപം തകർത്തവരെ കൊല്ലുമെന്നാണ് സമൂഹമാധ്യമത്തിലൂടെ നിരന്തരം ഭീഷണി മുഴക്കുന്നത്. പരാതി നൽകിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.

## Article Content

**കണ്ണൂർ: **പാനൂരിൽ സമൂഹമാധ്യമങ്ങളിലൂടെ ഇടത് സൈബർ വിങ് കൊലവിളി തുടരുന്നതായി പരാതി. പാറാട് സിപിഎം സ്തൂപം തകർത്തവരെ കൊല്ലുമെന്നാണ് സമൂഹമാധ്യമത്തിലൂടെ നിരന്തരം ഭീഷണി മുഴക്കുന്നത്. പരാതി നൽകിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.

നൂഞ്ഞമ്പ്രം സഖാക്കൾ, മുളിയാത്തോട് സഖാക്കൾ, പാനൂർ സഖാക്കൾ, കുറുക്കൂട്ടി സഖാക്കൾ, മുണ്ടയോട്ട് കാവ് സഖാക്കൾ, ആയിത്തറ സഖാക്കൾ തുടങ്ങിയ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് അക്കൗണ്ടുകളിലൂടെയാണ് കൊലവിളി തുടരുന്നത്.

പാനൂരിലെ പഴയകാലത്തെ ഓർമിപ്പിച്ചുകൊണ്ടാണ് വീഡിയോകളും ഫോട്ടോകളും ഷെയർ ചെയ്യുന്നത്. കൊളവല്ലൂർ പൊലീസ്, കൂത്തുപറമ്പ് എസിപി എന്നിവർക്ക് മുസ്‌ലിം ലീഗ് കുന്നോത്ത്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി. നാട്ടിൽ ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പോസ്റ്റുകൾ നിർമിക്കുന്നതും ഷെയർ ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.

പാറാട്ടെ സിപിഎം സ്തൂപം തകർത്തതിന് അറസ്റ്റിലായ യൂത്ത് ലീഗ് പ്രവ‍ർത്തകരുടെ ഫോട്ടോ ഈ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുന്നുണ്ട്. ‘റിമാൻഡ് കഴിഞ്ഞു വാ, നിനക്കുള്ള റീത്ത് റെഡിയാണ്’, ‘പാനൂർ സഖാക്കൾ പാനൂർ വിട്ട് കാശിക്കൊന്നും പോയിട്ടില്ല. ഞങ്ങൾ ഇവിടെ തന്നെയുണ്ട്. കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോകില്ല’, ‘കൊല്ലേണ്ടതിനെ കൊല്ലണം’ 

ചെറിയ കുറുമ്പൊക്കെ ആയിരുന്നേൽ പോട്ടെന്ന് വെക്കാം ഇതിപ്പോ അരിവാളിൽ അല്ലെ പിള്ളേർ കയ്യ് വച്ചത്, മക്കളെ.. ഒന്നിന് ഒമ്പതാം ശീലം നിന്റെയൊക്കെ തന്തമാരോട് ചോദിച്ചാൽ പറയും.. തുടങ്ങിയ കമന്റുകളാണ് പോസ്റ്റുകൾക്കടിയിൽ നിറയുന്നത്.

കുന്നോത്തുപറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിനു പിന്നാലെ സിപിഎം പ്രവർത്തകർ വീടുകയറി വടിവാൾ അക്രമം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണു സമൂഹമാധ്യമങ്ങളിലും ഭീഷണി മുഴക്കുന്നത്.

ബോംബ് എറിയുന്നതിന്റെ ദൃശ്യങ്ങളും ചില പേജുകൾ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉഗ്രശേഷിയുള്ള നാടൻ പടക്കം പൊട്ടി സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നിരിന്നു. സമൂഹമാധ്യത്തിൽ പോസ്റ്റു ചെയ്യുന്നതിനായി റീൽസ് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.

**
**

[A post shared by ✭ ʀᴇᴅ ꜰɪɢʜᴛᴇʀꜱ ᴄʜɪʀᴀᴋᴋᴀʀᴀ ☭ (@chirakkara_saghakkal)](https://www.instagram.com/p/DSX8fdQE820/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331836/left-cyber-wing-calls-for-murder-through-social-media-in-panoor-complaint)