---
title: "ബാങ്കിങ് രംഗത്ത് പുതിയ ചട്ടങ്ങൾ; സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ"
english_title: "Banking sector, Reserve Bank of India"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331817/banking-sector-reserve-bank-of-india"
published_at: "2025-12-18T15:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943cf8ec1bd6_TRUE3.jpg"
keywords: []
---

# ബാങ്കിങ് രംഗത്ത് പുതിയ ചട്ടങ്ങൾ; സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ

> **Lead Summary:** **ന്യൂഡൽഹി:[ [truevisionnews.com]]** രാജ്യത്തെ ബാങ്കിങ് മേഖലയിലെ പ്രവർത്തനങ്ങളിൽ സുപ്രധാന മാറ്റങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു. ജനുവരി ഒന്നുമുതൽ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ, വായ്പാ നിബന്ധനകൾ, സീറോ ബാലൻസ് അക്കൗണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ആർബിഐ അറിയിച്ചു.

## Article Content

**ന്യൂഡൽഹി:[ [truevisionnews.com]]** രാജ്യത്തെ ബാങ്കിങ് മേഖലയിലെ പ്രവർത്തനങ്ങളിൽ സുപ്രധാന മാറ്റങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു. ജനുവരി ഒന്നുമുതൽ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ, വായ്പാ നിബന്ധനകൾ, സീറോ ബാലൻസ് അക്കൗണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ആർബിഐ അറിയിച്ചു.

ഇനി മുതൽ ബാങ്കുകൾ പുതിയ ഡിജിറ്റൽ സേവനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ആർബിഐയുടെ അനുമതി നിർബന്ധമായിരിക്കും. ഡിജിറ്റൽ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിന് മുമ്പ് അവരുടെ വ്യക്തവും രേഖാമൂലമുള്ളതുമായ സമ്മതം നേടണമെന്നും നിർദേശമുണ്ട്.

സേവനങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകൾ, ചാർജുകൾ, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവ ലളിതവും വ്യക്തവുമായ ഭാഷയിൽ ഉപഭോക്താക്കളെ അറിയിക്കണം. എല്ലാ അക്കൗണ്ട് ഇടപാടുകളുടെയും വിവരങ്ങൾ എസ്എംഎസ് അല്ലെങ്കിൽ ഇ-മെയിൽ വഴി ഉപഭോക്താവിനെ അറിയിക്കുന്ന സംവിധാനം നിർബന്ധമാക്കും.

സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് കൂടുതൽ സൗജന്യ സേവനങ്ങളും അനുവദിക്കും. പരിധിയില്ലാതെ പണം നിക്ഷേപിക്കാനുള്ള സൗകര്യം, സൗജന്യ എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ്, ചെക്ക് ബുക്ക്, ഇന്റർനെറ്റ്-മൊബൈൽ ബാങ്കിങ്, പാസ്‌ബുക്ക്, പ്രതിമാസ സ്റ്റേറ്റ്‌മെന്റ് എന്നിവ ഇതിൽ ഉൾപ്പെടും.

ഇതോടൊപ്പം, പ്രതിമാസം കുറഞ്ഞത് നാല് തവണ സൗജന്യമായി പണം പിൻവലിക്കാനും അനുമതി നൽകും. എന്നാൽ യു.പി.ഐ, എൻഇഎഫ്‌ടി, ആർടിജിഎസ്, ഐഎംപിഎസ്, പി.ഒ.എസ് ഇടപാടുകൾ ഈ പരിധിയിൽ ഉൾപ്പെടില്ല.

ഉപഭോക്താക്കൾക്ക് ആവശ്യമില്ലാത്ത എടിഎം കാർഡ്, ചെക്ക് ബുക്ക്, ഡിജിറ്റൽ സേവനങ്ങൾ എന്നിവ നിർബന്ധിച്ച് നൽകാൻ ബാങ്കുകൾക്ക് അനുവാദമില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331817/banking-sector-reserve-bank-of-india)