---
title: "ഒരു വർഷമായി തന്റെ ജൈവശാസ്ത്രപരമായ പ്രായം കൂടിയിട്ടില്ലെന്ന അവകാശവാദവുമായി ബ്രയാൻ ജോൺസൺ"
english_title: "Biological Age, Brian Johnson"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331777/biological-age-brian-johnson"
published_at: "2025-12-18T13:11:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943b0888e385_TRUE2.jpg"
keywords: []
---

# ഒരു വർഷമായി തന്റെ ജൈവശാസ്ത്രപരമായ പ്രായം കൂടിയിട്ടില്ലെന്ന അവകാശവാദവുമായി ബ്രയാൻ ജോൺസൺ

> **Lead Summary:** **[[truevisionnews.com]]** പ്രായാധിക്യത്തെ മറികടക്കാനും മനുഷ്യജീവിതത്തിന്റെ പരിധികൾ പുതുതായി നിർവചിക്കാനുമുള്ള ശ്രമങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ശതകോടീശ്വരൻ ബ്രയാൻ ജോൺസൺ വീണ്ടും വാർത്തകളിൽ.

## Article Content

**[[truevisionnews.com]]** പ്രായാധിക്യത്തെ മറികടക്കാനും മനുഷ്യജീവിതത്തിന്റെ പരിധികൾ പുതുതായി നിർവചിക്കാനുമുള്ള ശ്രമങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ശതകോടീശ്വരൻ ബ്രയാൻ ജോൺസൺ വീണ്ടും വാർത്തകളിൽ.

2039 ആകുന്നതോടെ അമരത്വം കൈവരിക്കുകയെന്നതാണ് തന്റെ അന്തിമ ലക്ഷ്യമെന്ന് ബ്രയാൻ ജോൺസൺ വ്യക്തമാക്കുന്നു. ആന്റി-ഏജിങ് ചികിത്സകൾ, കർശനമായ ആരോഗ്യചിട്ടകൾ, എഐ അടിസ്ഥാനമാക്കിയുള്ള നിരന്തര പരിശോധനകൾ എന്നിവയുടെ സഹായത്തോടെ ഒരു വർഷമായി തന്റെ ജൈവശാസ്ത്രപരമായ പ്രായം കൂടിയിട്ടില്ലെന്നാണ് ബ്രയാന്റെ അവകാശവാദം.

ഇതുസംബന്ധിച്ച വിശദീകരണം അദ്ദേഹം എക്‌സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു. 2019 മുതൽ 2025 വരെയുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തന്റെ ശരീരത്തിൽ സംഭവിച്ച മാറ്റങ്ങളും ബ്രയാൻ വിശദീകരിച്ചു.

ഒരു വർഷം പിന്നിട്ടിട്ടും താൻ അതേ ബയോളജിക്കൽ പ്രായത്തിൽ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടുന്ന ബ്രയാൻ, മനുഷ്യചരിത്രത്തിലെ ഏറ്റവും വിചിത്രവും വിപ്ലവകരവുമായ ഘട്ടമാണിതെന്നും അഭിപ്രായപ്പെടുന്നു.

ഭൂമിയിൽ ജീവൻ ഉദ്ഭവിച്ചശേഷം ആദ്യമായി, വെറും 24 മാസത്തിനുള്ളിൽ മനുഷ്യർക്ക് അമരത്വം ലക്ഷ്യമിട്ട് യാഥാർഥ്യബോധത്തോടെ പ്രവർത്തിക്കാനാവുന്ന സാഹചര്യം തുറന്നുവെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം.

അതേസമയം 2039-ഓടെ അമരത്വം എങ്ങനെയാണ് സാധ്യമാക്കുകയെന്ന് ഇപ്പോൾ വ്യക്തമായ രൂപരേഖയില്ലെന്നും ബ്രയാൻ സമ്മതിക്കുന്നു. എന്നാൽ അമരത്വം അസാധ്യമല്ലെന്നും പ്രകൃതി ഇതിനകം തന്നെ അത് കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇതിന് ഉദാഹരണമായി ഫ്രഷ് വാട്ടർ ഹൈഡ്ര, തുടർച്ചയായ കോശ പുനരുജ്ജീവനം നടത്തുന്ന ടുറിറ്റോപ്സിസ് ഡോനി ജെല്ലിഫിഷ്, വാർധക്യം മന്ദഗതിയിലാക്കുന്ന ലോബ്സ്റ്ററുകൾ എന്നിവയെ ബ്രയാൻ ചൂണ്ടിക്കാട്ടുന്നു.

ഇത് പ്രകാശവേഗതയെ മറികടക്കാനുള്ള ഭൗതികശാസ്ത്രപരമായ ശ്രമമല്ല, മറിച്ച് പരിണാമത്തിലൂടെ പലതവണ വിജയിച്ച ബയോളജിക്കൽ എഞ്ചിനീയറിങ് പ്രശ്‌നമാണെന്നും ബ്രയാൻ വിശദീകരിക്കുന്നു.

ആറുവർഷത്തെ കർശനമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ഹൃദയാരോഗ്യം, ശരീരബലം, ഹോർമോൺ പ്രവർത്തനം, പ്രത്യുത്പാദന ശേഷി എന്നിവ പതിനെട്ടുകാരന്റെ നിലയിലേക്കെത്തിയതായും അദ്ദേഹം അവകാശപ്പെടുന്നു.

എന്നാൽ ഒരു ചെവിയിൽ മിതമായ കേൾവിക്കുറവും മസ്തിഷ്‌കത്തിന്റെ ഘടന 42 വയസ്സുകാരന്റേതിന് സമാനമായതുമാണ് ഇപ്പോഴുള്ള പരിമിതികളെന്നും ബ്രയാൻ പറയുന്നു. മനുഷ്യർക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന തെറാപ്പികളും മരുന്നുകളും തന്റെ ശരീരത്തെ ആധാരമാക്കി പരീക്ഷിച്ചുവികസിപ്പിക്കുകയാണെന്നും, ശാസ്ത്ര സാങ്കേതിക രംഗത്തെ എഐ പുരോഗതിയിലാണ് തന്റെ വിശ്വാസമെന്നും ബ്രയാൻ വ്യക്തമാക്കി.

2039 എന്ന ലക്ഷ്യം ജീവിതത്തോട് ‘യെസ്’ പറയാനും മരണത്തോട് ‘നോ’ പറയാനുമുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായം കുറയ്ക്കാനുള്ള പദ്ധതികളുടെ ഭാഗമായി കടുത്ത ഡയറ്റ്, വ്യായാമം, ഉറക്കക്രമം, പരീക്ഷണ ചികിത്സകൾ എന്നിവയ്ക്കായി ബ്രയാൻ ഇതിനകം ഏകദേശം 18 കോടി രൂപ ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ, തന്റെ പ്രായം അഞ്ച് വയസ്സോളം കുറച്ചുവെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതിനിടെ, ബ്രയാൻ ജോൺസന്റെ കമ്പനിയായ ‘ബ്ലൂപ്രിന്റ്’ സ്ഥാപനത്തിനുള്ളിലെ വിചിത്രമായ പെരുമാറ്റരീതികളെക്കുറിച്ചും വിവാദങ്ങൾ ഉയർന്നിരുന്നു.

സ്ഥാപനമേധാവിയുടെ ചില സ്വകാര്യ പെരുമാറ്റങ്ങളെക്കുറിച്ച് പരാതിപ്പെടില്ലെന്ന വ്യവസ്ഥ ഉൾപ്പെടുത്തി ജീവനക്കാരിൽ നിന്ന് നിർബന്ധിത കരാറുകൾ ഒപ്പുവാങ്ങിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

അല്പവസ്ത്രമോ വിവസ്ത്രമോ ധരിച്ച് ഓഫീസിലെത്തുന്നതിലും ലൈംഗിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിലും എതിർപ്പില്ലെന്ന് ജീവനക്കാർ സമ്മതിച്ച കരാറുകൾ ഒപ്പിട്ടുവെന്നുമാണ് റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331777/biological-age-brian-johnson)