---
title: "ഡൽഹിയിൽ ശ്വാസംമുട്ടുന്ന അന്തരീക്ഷം; വായുനിലവാര സൂചിക അപകടപരിധിക്ക് അപ്പുറം"
english_title: "Delhi, air pollution, severe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331755/delhi-air-pollution-severe"
published_at: "2025-12-18T11:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69439eb46254a_TRUE1.jpg"
keywords: []
---

# ഡൽഹിയിൽ ശ്വാസംമുട്ടുന്ന അന്തരീക്ഷം; വായുനിലവാര സൂചിക അപകടപരിധിക്ക് അപ്പുറം

> **Lead Summary:** **ഡൽഹി:** [[truevisionnews.com]] ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതര നിലയിലേക്കെത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബർ മുതൽ തലസ്ഥാനവാസികൾ ശ്വസിക്കുന്നത് ‘മോശം’ മുതൽ ‘അത്യന്തം ഗുരുതരം’ വരെ വിഭാഗങ്ങളിൽപ്പെടുന്ന വായുവാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

## Article Content

**ഡൽഹി:** [[truevisionnews.com]] ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതര നിലയിലേക്കെത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബർ മുതൽ തലസ്ഥാനവാസികൾ ശ്വസിക്കുന്നത് ‘മോശം’ മുതൽ ‘അത്യന്തം ഗുരുതരം’ വരെ വിഭാഗങ്ങളിൽപ്പെടുന്ന വായുവാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഡിസംബർ പകുതിയോടെ നഗരത്തിലെ പല പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക (AQI) 600 കടന്നു. ചില മേഖലകളിൽ ഇത് 1000 വരെ ഉയർന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ‘ലോക്കൽ സർക്കിൾസ്’ നടത്തിയ സർവേയിൽ 82 ശതമാനത്തിലധികം പേർ വായുമലിനീകരണം മൂലം തീവ്രമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതായി അറിയിച്ചു.

ഡൽഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 34,000 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ, ഭൂരിഭാഗം ആളുകളും തങ്ങളോട് അടുത്ത് പരിചയമുള്ള ഒരാൾക്കെങ്കിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതായി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിൽ 28 ശതമാനം പേർക്ക് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായതായി അറിയാമെന്നും പറയുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ വായുമലിനീകരണം ഡൽഹിയിലെ കുടുംബങ്ങളെ എങ്ങനെ ബാധിച്ചുവെന്നതും സർവേ ചൂണ്ടിക്കാട്ടുന്നു.

ആസ്ത്മ, സി.ഒ.പി.ഡി, പക്ഷാഘാതം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വൈജ്ഞാനിക ക്ഷയം എന്നിവയാണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന ആരോഗ്യപ്രശ്‌നങ്ങൾ. ആരോഗ്യപ്രശ്‌നങ്ങൾക്കൊപ്പം സാമ്പത്തിക ബുദ്ധിമുട്ടുകളും വർധിക്കുന്നതായി സർവേ വ്യക്തമാക്കുന്നു.

ദീർഘകാല ചികിത്സാ ചെലവുകൾ വഹിക്കാൻ കഴിയുമോ എന്ന ആശങ്ക പലർക്കുമുണ്ട്. വിഷമയമായ വായുവിനെ തുടർന്ന് ഡൽഹി വിടാൻ ആലോചിക്കുന്നവരുടെ ശതമാനം എട്ടാണെന്നും സർവേ വ്യക്തമാക്കുന്നു.

പൊതുഗതാഗതം മെച്ചപ്പെടുത്തുക, വ്യവസായ മാലിന്യങ്ങൾ കർശനമായി നിയന്ത്രിക്കുക, മലിനീകരണ ബാധിതർക്കുള്ള പിന്തുണ വർധിപ്പിക്കുക എന്നിവയാണ് പരിഹാര നിർദേശങ്ങൾ. ഇതിനിടെ തലസ്ഥാനത്തെ മലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ കർശന നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUC) ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുകയും, നഗരത്തിന് പുറത്ത് നിന്നുള്ള BS6 മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.

വായു ഗുണനിലവാര സൂചിക പ്രകാരം 0–50 മികച്ചതും, 50–100 തൃപ്തികരവുമാണ്. 100–200 മോശം, 200–300 അപകടകരം, 300–400 രൂക്ഷം എന്ന വിഭാഗങ്ങളിലാണ്. 400-ന് മുകളിലുള്ള വായു മനുഷ്യജീവിതത്തിനുതന്നെ ഭീഷണിയാകുന്ന അതീവ ഗുരുതര നിലയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. താരതമ്യേന കേരളത്തിലെ ശരാശരി AQI 48 മാത്രമാണ്.

**GRAP-4 നിയന്ത്രണങ്ങൾ ശക്തമാക്കി**

വായുവിന്റെ നിലവാരം അതിവേഗം വഷളായ സാഹചര്യത്തിൽ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (GRAP-4) പ്രകാരമുള്ള ഏറ്റവും കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

ഹെവി വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കൽ, വർക്ക്-ഫ്രം-ഹോം നിർദേശങ്ങളോടെ ഓഫീസ് ഹാജർ കുറയ്ക്കൽ, സ്‌കൂൾ ക്ലാസുകൾ ഹൈബ്രിഡ് അല്ലെങ്കിൽ ഓൺലൈൻ മോഡുകളിലേക്കു മാറ്റൽ തുടങ്ങിയ അടിയന്തര നടപടികളാണ് നിലവിൽ പ്രാബല്യത്തിലുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331755/delhi-air-pollution-severe)