---
title: "‘ഇടതുപക്ഷം ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം; എന്നാൽ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തികൾ ഒ‍ഴിവാക്കണം’ - മന്ത്രി വി ശിവൻകുട്ടി"
english_title: "v sivankutty response on parody song controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331739/v-sivankutty-response-on-parody-song-controversy"
published_at: "2025-12-18T10:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694391de3d57f_v_sivankutty.jpg"
keywords: []
---

# ‘ഇടതുപക്ഷം ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം; എന്നാൽ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തികൾ ഒ‍ഴിവാക്കണം’ - മന്ത്രി വി ശിവൻകുട്ടി

> **Lead Summary:** തിരുവനന്തപുരം : ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനം ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കും വേണമെന്നുള്ള അഭിപ്രായമാണ് മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്രം തടഞ്ഞ സിനിമകൾ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കാനുള്ള കേരള സർക്കാരിന്‍റെ തീരുമാനം ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

## Article Content

തിരുവനന്തപുരം : ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനം ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കും വേണമെന്നുള്ള അഭിപ്രായമാണ് മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്രം തടഞ്ഞ സിനിമകൾ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കാനുള്ള കേരള സർക്കാരിന്‍റെ തീരുമാനം ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

മിമിക്രിയും, കളിയാക്കലും, ധാരാളം പാരഡി ഗാനങ്ങളും നമ്മുടെ നാട്ടിൽ പ്രശസ്തമാണ്, അതിലൊന്നും സാധാരണയായി ആർക്കും പരാതി ഉണ്ടാവാറില്ല. എന്നാൽ, അത്തരം കാര്യങ്ങൾ ഒരു വ്യക്തിയേയോ അല്ലെങ്കിൽ ഒരു സമൂഹത്തിനെയോ ഒരു കാരണവശാലും വേദനപ്പെടുത്താൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും ഒരു വിശ്വാസത്തെ കളിയാക്കുകയോ, അല്ലെങ്കിൽ ഒരു സമൂഹം വിശ്വസിക്കുന്ന ദൈവത്തിനെ കളിയാക്കുകയോ ചെയ്ത്, ആ സമൂഹത്തിന് വേദന ഉണ്ടാകുന്ന വിധത്തിൽ ഉള്ള ഒരു പാരഡി ഗാനം അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരു വിശ്വാസത്തെ വൃണപ്പെടുത്തുകയോ, വ്യക്തികളെ വ്യക്തിഗതമായി ലക്ഷ്യമിടുകയോ ചെയ്യുന്ന പാട്ട് ഒഴിവാക്കുന്നതായിരിക്കും മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനും ഉതകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവമൂർത്തികളെ കളിയാക്കിക്കൊണ്ടുള്ള പാട്ടുകളൊന്നും ഇടതുപക്ഷം ഇന്ന് വരെ നിർമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ വിശ്വാസികൾ തന്നെ പരാതി കൊടുത്തിട്ടുണ്ട്, അത് അതിന്‍റെ മുറയ്ക്ക് മുന്നോട്ട് പോകും എന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331739/v-sivankutty-response-on-parody-song-controversy)