---
title: "പ്രമേഹം മുതൽ താരൻ വരെ; 2025ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ ആരോഗ്യ ചോദ്യങ്ങൾ എന്തെല്ലാം?"
english_title: "Most searched health questions on Google"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331550/most-searched-health-questions-on-google"
published_at: "2025-12-17T11:03:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6942411f5286e_2025.jpg"
keywords: []
---

# പ്രമേഹം മുതൽ താരൻ വരെ; 2025ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ ആരോഗ്യ ചോദ്യങ്ങൾ എന്തെല്ലാം?

> **Lead Summary:** **[[truevisionnews.com]]** ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോൾ ഡോക്ടറെ കാണുന്നതിന് മുമ്പ് ഗൂഗിളിൽ തിരയുക എന്നത് ഇന്ന് ഇന്ത്യക്കാർക്കിടയിൽ സാധാരണ ശീലമായി മാറിയിരിക്കുകയാണ്. സ്മാർട്ട്‌ഫോണുകളും ഇന്റർനെറ്റ് സൗകര്യങ്ങളും വ്യാപകമായതോടെ ‘ഗൂഗിൾ ഡോക്ടർ’ എന്ന പ്രവണതയും ശക്തമാകുകയാണ്.

## Article Content

**[[truevisionnews.com]]** ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോൾ ഡോക്ടറെ കാണുന്നതിന് മുമ്പ് ഗൂഗിളിൽ തിരയുക എന്നത് ഇന്ന് ഇന്ത്യക്കാർക്കിടയിൽ സാധാരണ ശീലമായി മാറിയിരിക്കുകയാണ്. സ്മാർട്ട്‌ഫോണുകളും ഇന്റർനെറ്റ് സൗകര്യങ്ങളും വ്യാപകമായതോടെ ‘ഗൂഗിൾ ഡോക്ടർ’ എന്ന പ്രവണതയും ശക്തമാകുകയാണ്.

2025ൽ ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ആരോഗ്യ സംബന്ധമായ ചോദ്യങ്ങളിൽ പ്രധാനമായും ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളാണ് മുൻപന്തിയിലുണ്ടായിരുന്നത്.

**അവയിൽ പ്രധാനപ്പെട്ടവ**

*1 . സാധാരണ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര?*

പ്രമേഹമുണ്ടോയെന്ന് തിരിച്ചറിയുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണായകമാണ്. ആരോഗ്യവാനായ ഒരാളുടെ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ 70 മുതൽ 100 മില്ലിഗ്രാം പെർ ഡെസിലീറ്റർ വരെയാണ്. ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം ഇത് 140 വരെ ഉയരാം.

*2 . എന്താണ് ഉയർന്ന രക്തസമ്മർദം?*

രക്തം രക്തക്കുഴലുകളിൽ ചെലുത്തുന്ന അമിത സമ്മർദമാണ് ഹൈപ്പർടെൻഷൻ. 130/80 എംഎംഎച്ച്‌ജിക്ക് മുകളിലുള്ള രക്തസമ്മർദം ഉയർന്നതായാണ് കണക്കാക്കുന്നത്. ഇത് ഹൃദയാഘാതം, പക്ഷാഘാതം, വൃക്കനാശം എന്നിവയ്ക്ക് വഴിവയ്ക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

*3 . രക്തസമ്മർദം കുറയ്ക്കാൻ എന്തെല്ലാം ചെയ്യാം?*

ജീവിതശൈലി മാറ്റങ്ങൾക്കും ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കൃത്യമായി കഴിക്കുന്നതിനും വഴിയിലൂടെ രക്തസമ്മർദം നിയന്ത്രിക്കാനാകും. സ്വമേധയാ മരുന്നുകൾ ആരംഭിക്കുന്നത് അപകടകരമാണെന്ന് വിദഗ്ധർ മുന്നറിയിക്കുന്നു.

*4 . കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം?*

പഴങ്ങൾ, പച്ചക്കറികൾ, ഹോൾ ഗ്രെയിൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണക്രമവും സാച്ചുറേറ്റഡ് കൊഴുപ്പും ട്രാൻസ് ഫാറ്റും കുറയ്ക്കുന്നതും കൊളസ്ട്രോൾ നിയന്ത്രണത്തിന് സഹായകമാണ്. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം, പുകവലി ഒഴിവാക്കൽ, മദ്യപാനം കുറയ്ക്കൽ, സമ്മർദനിയന്ത്രണം എന്നിവയും നിർണായകമാണ്.

*5 . പ്രമേഹത്തെ എങ്ങനെ നിയന്ത്രിക്കാം?*

ഓട്ടോഇമ്മ്യൂൺ രോഗമായ ടൈപ്പ് 1 പ്രമേഹം പൂര്‍ണമായി നിയന്ത്രിക്കാൻ സാധിക്കില്ലെങ്കിലും, ടൈപ്പ് 2 പ്രമേഹം ജീവിതശൈലി മാറ്റങ്ങളിലൂടെ നിയന്ത്രിക്കാനാകും. ശരിയായ ഭക്ഷണക്രമം, സ്ഥിരമായ വ്യായാമം, മതിയായ ഉറക്കം, സമ്മർദ ലഘൂകരണം എന്നിവ പ്രമേഹ നിയന്ത്രണത്തിന് സഹായകരമാണ്.

ശരീരഭാരം അഞ്ച് മുതൽ ഏഴ് ശതമാനം വരെ കുറച്ചാൽ പോലും പ്രമേഹ സാധ്യത ഗണ്യമായി കുറയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഡിജിറ്റൽ യുഗത്തിൽ ആരോഗ്യ ബോധവത്കരണത്തിന് ഗൂഗിൾ വലിയ പങ്കുവഹിക്കുന്നുണ്ടെങ്കിലും, കൃത്യമായ ചികിത്സയ്ക്കും നിർണയത്തിനും ഡോക്ടറുടെ ഉപദേശം അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331550/most-searched-health-questions-on-google)