---
title: "ജെമിനി എഐ ദുരുപയോഗം; നാനോ ബനാന ഫീച്ചറിലൂടെ അർധനഗ്ന ചിത്ര നിർമ്മാണം വ്യാപകം"
english_title: "Gemini AI, Nano Banana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331243/gemini-ai-nano-banana"
published_at: "2025-12-15T13:16:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693fbd578b567_nano.jpg"
keywords: []
---

# ജെമിനി എഐ ദുരുപയോഗം; നാനോ ബനാന ഫീച്ചറിലൂടെ അർധനഗ്ന ചിത്ര നിർമ്മാണം വ്യാപകം

> **Lead Summary:** **[[truevisionnews.com]]** ഗൂഗിളിന്റെ ജെമിനി എഐ ചാറ്റ്ബോട്ടിലെ ‘നാനോ ബനാന’ ഇമേജ് എഡിറ്റിംഗ് സംവിധാനത്തിന്റെ വ്യാപക ദുരുപയോഗം ആശങ്ക ഉയർത്തുന്നു.

## Article Content

**[[truevisionnews.com]]** ഗൂഗിളിന്റെ ജെമിനി എഐ ചാറ്റ്ബോട്ടിലെ ‘നാനോ ബനാന’ ഇമേജ് എഡിറ്റിംഗ് സംവിധാനത്തിന്റെ വ്യാപക ദുരുപയോഗം ആശങ്ക ഉയർത്തുന്നു.

യഥാർത്ഥ ചിത്രങ്ങളെ തിരിച്ചറിയാനാകാത്തവിധം മാറ്റിമറിക്കാനും അതീവ യാഥാർത്ഥ്യമുള്ള പുതിയ ദൃശ്യങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന ഈ എഐ സാങ്കേതികവിദ്യ, ചിലർ വ്യക്തികളെ അർധനഗ്നരാക്കാനും അശ്ലീല സ്വഭാവമുള്ള ചിത്രങ്ങൾ നിർമിക്കാനും ഉപയോഗിക്കുന്നുവെന്നതാണ് ആരോപണം.

ഇൻസ്റ്റഗ്രാം,ത്രെഡ്‌സ്, റെഡ്ഡിറ്റ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇത്തരം ചിത്രങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്ന ലളിതമായ ‘പ്രോംറ്റുകൾ’ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്.

പൂർണ നഗ്നതയോ അശ്ലീലതയോ ഉള്ള ചിത്രങ്ങൾ സൃഷ്ടിക്കാൻ നൽകിയ നിർദേശങ്ങൾ ജെമിനി സാധാരണയായി നിരസിക്കുന്നുണ്ടെങ്കിലും, അർധനഗ്ന ദൃശ്യങ്ങൾ തടയുന്നതിൽ ഈ സംവിധാനം പരാജയപ്പെടുന്നുവെന്ന വിമർശനമാണ് ഉയരുന്നത്.

അടുത്തകാലത്താണ് ജെമിനിയിലെ നാനോ ബനാന ഫീച്ചർ ആഗോളതലത്തിൽ ശ്രദ്ധ നേടിയത്. വ്യക്തികളുടെ സാധാരണ ചിത്രങ്ങളെ ആകർഷകമായ ആർട്ടിസ്റ്റിക് ദൃശ്യങ്ങളാക്കി മാറ്റാൻ കഴിയുന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

പ്രോംറ്റുകൾ തയ്യാറാക്കാനുള്ള അറിവില്ലാത്തവർക്ക് പോലും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന നിർദേശങ്ങൾ പകർത്തി ജെമിനിക്ക് നൽകുന്നത് മതിയാകുന്ന സാഹചര്യമാണിപ്പോൾ. ഇതേ രീതിയിൽ, വ്യക്തികളെ അർധനഗ്നരാക്കുന്നതിനും ആളുകൾ തമ്മിലുള്ള ഇന്റിമേറ്റ് ദൃശ്യങ്ങൾ സൃഷ്ടിക്കുന്നതിനുമായി തയ്യാറാക്കിയ പ്രോംറ്റുകളും വ്യാപകമായി പ്രചരിക്കുകയാണ്.

വ്യക്തികളുടെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരം ചിത്രങ്ങൾ നിർമിക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ ആശങ്ക. ലക്ഷക്കണക്കിന് ആളുകൾ ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ പിന്തുടരുന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331243/gemini-ai-nano-banana)