---
title: "'തുടക്കകാരി എന്ന നിലയിലാണ് സിനിമ നിർമാണത്തിന്റെ ഓരോ ഘട്ടത്തെയും സമീപിക്കുന്നത്, ഐഎഫ്എഫ്‌കെയുടെ കരുത്ത് ജനപങ്കാളിത്തം';‘ഫുൾ പ്ലേറ്റ്’ സംവിധായിക തനിഷ്ഠ ചാറ്റർജി"
english_title: "iffk i approach filmmaking as a beginner says full plate director tanistha chatterjee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331234/iffk-i-approach-filmmaking-as-a-beginner-says-full-plate-director-tanistha-chatterjee"
published_at: "2025-12-15T12:41:00+05:30"
category: "iffk2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693fb50d5de5e_tanistha-chatterjee.jpg"
keywords: []
---

# 'തുടക്കകാരി എന്ന നിലയിലാണ് സിനിമ നിർമാണത്തിന്റെ ഓരോ ഘട്ടത്തെയും സമീപിക്കുന്നത്, ഐഎഫ്എഫ്‌കെയുടെ കരുത്ത് ജനപങ്കാളിത്തം';‘ഫുൾ പ്ലേറ്റ്’ സംവിധായിക തനിഷ്ഠ ചാറ്റർജി

> **Lead Summary:** **( **[www.truevisionnews.com]** ) ** 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിനെത്തിയ ‘ഫുൾ പ്ലേറ്റ്’ എന്ന ചിത്രത്തിന്റെ സംവിധായിക തനിഷ്ഠ ചാറ്റർജി സിനിമ നിർമ്മാണ അനുഭവങ്ങൾ പങ്കുവെച്ചു. ഒരു തുടക്കകാരിയുടെ സമീപനത്തോടെയാണ് സിനിമയുടെ ഓരോ ഘട്ടത്തെയും താൻ നോക്കിക്കാണുന്നതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**( **[www.truevisionnews.com]** ) ** 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിനെത്തിയ ‘ഫുൾ പ്ലേറ്റ്’ എന്ന ചിത്രത്തിന്റെ സംവിധായിക തനിഷ്ഠ ചാറ്റർജി സിനിമ നിർമ്മാണ അനുഭവങ്ങൾ പങ്കുവെച്ചു. ഒരു തുടക്കകാരിയുടെ സമീപനത്തോടെയാണ് സിനിമയുടെ ഓരോ ഘട്ടത്തെയും താൻ നോക്കിക്കാണുന്നതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

> ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ധർമ്മശാല അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങിയ രാജ്യാന്തര ചലച്ചിത്ര മേളകളിൽ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. “ഇംഗ്ലീഷിലേക്ക് സബ്ടൈറ്റിൽ ചെയ്യുമ്പോൾ അമ്രീനിന്റെ കഥയിലെ നർമ്മം നഷ്ടപ്പെട്ടേക്കുമോ എന്ന് ഞാൻ ആശങ്കപ്പെട്ടിരുന്നു. എന്നാൽ പ്രേക്ഷകർ ‘ഫുൾ പ്ലേറ്റ്’ ഏറ്റെടുത്തത് സന്തോഷം നൽകുന്ന അനുഭവമാണ്,” തനിഷ്ഠ പറഞ്ഞു.

ഒരു സംവിധായക എന്നതിലുപരി താൻ ഒരു അഭിനേത്രിയാണ് എന്നും, അഭിനയയാത്രയിൽ ഉപയോഗിക്കുന്ന അതേ രീതികൾ തന്നെയാണ് സംവിധാനത്തിലും പിന്തുടരുന്നതെന്നും അവർ വ്യക്തമാക്കി. ചിത്രത്തിലെ കഥാപാത്രത്തിന് അനുസൃതമായാണ് താൻ തിരക്കഥ എഴുതിയതെന്നും തനിഷ്ഠ കൂട്ടിച്ചേർത്തു.

> കാൻസർ നാലാം ഘട്ടത്തിലായിരുന്ന വേളയിലാണ് തനിഷ്ഠ ‘ഫുൾ പ്ലേറ്റ്’ നിർമ്മിച്ചത്. സിനിമ തനിക്ക് സുഖം പ്രാപിക്കാൻ സഹായിച്ചതിനെക്കുറിച്ച് അവർ മനസ്സ് തുറന്നു: “സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലായിരുന്നു എന്റെ കീമോതെറാപ്പി. എഡിറ്റിങ് പൂർത്തിയായെങ്കിലും മറ്റ് സാങ്കേതിക ജോലികൾ ബാക്കിയുണ്ടായിരുന്നു. സംഗീതം ആസ്വദിക്കുകയും ചിത്രത്തിന്റെ സാങ്കേതിക തലങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്ത ആ സമയം, എന്റെ ജീവിതം അവസാനിക്കാൻ പോകുകയാണെന്ന തോന്നൽ തെല്ലും വന്നില്ല. മറിച്ച് ഇത് എനിക്ക് വീണ്ടും എഴുതാനുള്ള പ്രചോദനം നൽകി.

ഒരു തുടക്കകാരി എന്ന നിലയിൽ പുതിയ കാര്യങ്ങൾ കൂടുതൽ ആഴത്തിലറിയാനും പഠിക്കാനും ശ്രമിക്കുന്നതിലൂടെയാണ് ഓരോ സിനിമയും മെച്ചപ്പെട്ടതാക്കാൻ സാധിക്കുകയെന്ന് സിനിമ നൽകിയ പാഠത്തെക്കുറിച്ച് അവർ പ്രതികരിച്ചു.

> മറ്റ് രാജ്യാന്തര ചലച്ചിത്രമേളകളിൽ നിന്ന് IFFK-യെ വ്യത്യസ്തമാക്കുന്നത് സജീവ ജനപങ്കാളിത്തമാണ് എന്നും തനിഷ്ഠ ചാറ്റർജി അഭിപ്രായപ്പെട്ടു. “ജനം മേള ഏറ്റെടുക്കുന്നതുകൊണ്ട് തന്നെ, സംവിധായകർക്ക് തങ്ങളുടെ സിനിമകൾ ലോകത്തോട് കാണിക്കാനുള്ള സുപ്രധാന വേദിയായി ഐഎഫ്എഫ്കെ മാറുന്നു,” അവർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331234/iffk-i-approach-filmmaking-as-a-beginner-says-full-plate-director-tanistha-chatterjee)