---
title: "‘കോൺഗ്രസിൽ നിലനിൽക്കുന്നിടത്തോളം കാലം പാര്‍ട്ടിയുടെ ആശയങ്ങളും പ്രത്യയശാസ്ത്രവും പിന്തുടരാൻ ശശി തരൂര്‍ ബാധ്യസ്ഥൻ’ - രമേശ് ചെന്നിത്തല"
english_title: "ramesh chennithala says rahul represents congress ideology tharoor bound to follow party line"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331231/ramesh-chennithala-says-rahul-represents-congress-ideology-tharoor-bound-to-follow-party-line"
published_at: "2025-12-15T12:28:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693fb2548638e_ramesh_chennithala.jpg"
keywords: []
---

# ‘കോൺഗ്രസിൽ നിലനിൽക്കുന്നിടത്തോളം കാലം പാര്‍ട്ടിയുടെ ആശയങ്ങളും പ്രത്യയശാസ്ത്രവും പിന്തുടരാൻ ശശി തരൂര്‍ ബാധ്യസ്ഥൻ’ - രമേശ് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) ** ശശി തരൂരിനും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുള്ളില്‍ വ്യത്യസ്ത പ്രത്യയശാസ്ത്രമെന്നും ഒരുമിപ്പിച്ച് കൊണ്ടുപോകാൻ കോണ്‍ഗ്രസിനാവുന്നില്ലെന്ന തരൂരിൻ്റെ പരാമര്‍ശത്തെ തള്ളി രമേശ് ചെന്നിത്തല.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) ** ശശി തരൂരിനും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുള്ളില്‍ വ്യത്യസ്ത പ്രത്യയശാസ്ത്രമെന്നും ഒരുമിപ്പിച്ച് കൊണ്ടുപോകാൻ കോണ്‍ഗ്രസിനാവുന്നില്ലെന്ന തരൂരിൻ്റെ പരാമര്‍ശത്തെ തള്ളി രമേശ് ചെന്നിത്തല.

രാഹുലിന്റേത് കോൺഗ്രസിന്റെ ആശയമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിലനിൽക്കുന്നിടത്തോളം കാലം പാര്‍ട്ടിയുടെ ആശയങ്ങളും പ്രത്യയശാസ്ത്രവും പിന്തുടരാൻ ഉത്തരവാദിത്വമുള്ള ആളാണ് ശശി തരൂരെന്ന് അദ്ദേഹം പറഞ്ഞു.

ശശി തരൂർ കോൺഗ്രസിന്റെ എം പി എന്ന നിലയിൽ ആദർശം പിന്തുടരാൻ ബാധ്യസ്ഥനാണ്. അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ല എഴുത്തുകാരനും അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ആളുമാണ്. ചിലപ്പോൾ ചില കാര്യങ്ങളിൽ അദ്ദേഹം അഭിപ്രായം പറഞ്ഞെന്നിരിക്കും. പ്രത്യയശാസ്ത്രപരമായ വ്യത്യാസം ഉണ്ടെങ്കിൽ എങ്ങനെയാണ് അദ്ദേഹം കോൺഗ്രസിൽ നിൽക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ മുന്‍മന്ത്രിമാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുന്‍മന്ത്രിമാരുടെ പങ്ക് വ്യക്തമായി കഴിഞ്ഞതാണെന്നും കോടിക്കണക്കിന് ഭക്തരുടെ മനസ്സിനെ മുറിവേല്‍പ്പിച്ച സംഭവമാണിതെന്നും അദ്ദേഹം ആരോപിച്ചു.

സ്വര്‍ണ്ണക്കൊള്ളയിലെ സര്‍ക്കാര്‍ ഒളിച്ചുകളി ജനത്തിന് മനസിലായി. 10 വര്‍ഷത്തെ ഭരണക്കെടുതി ജനത്തിന് മനസിലായി. ദേവസ്വം പ്രസിഡന്റുമാര്‍ ഇങ്ങനെ ചെയ്യാന്‍ മന്ത്രിമാരുടെ അനുവാദം വേണം. ഏതു കൊച്ചു കുഞ്ഞിനും അതറിയാം. ക്രിമിനല്‍ നടപടി പ്രകാരം അറസ്റ്റില്‍ കഴിഞ്ഞാല്‍ തൊണ്ടി മുതല്‍ കണ്ടെത്തണം. എന്തുകൊണ്ട് തൊണ്ടിമുതല്‍ ഇതുവരെ കണ്ടെത്തിയില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സ്വര്‍ണ്ണം എവിടെയാണ് പോയതെന്നും അദ്ദേഹം ചോദിച്ചു.

എസ്‌ഐടിക്ക് മുന്നില്‍ താന്‍ നല്‍കിയ മൊഴിയും ഇതാണ്. തൊണ്ടിമുതല്‍ കണ്ടെത്താത്തത് ദുരൂഹമാണ്. അന്വേഷണത്തിന്റെ പ്രധാന കണ്ടെത്തലാവണം തൊണ്ടിമുതല്‍. നിഗൂഢമായ വന്‍ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇത് പുറത്തുവരാന്‍ തൊണ്ടിമുതലിലേക്ക് എത്തണം. അന്താരാഷ്ട്ര മാഫിയാ ബന്ധമുണ്ടോ എന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331231/ramesh-chennithala-says-rahul-represents-congress-ideology-tharoor-bound-to-follow-party-line)