---
title: "സിനിമാപ്പൂരത്തിന് തിരിതെളിഞ്ഞു; ഐഎഫ്എഫ്കെയുടെ 30-ാം പതിപ്പിന് പ്രൗഢഗംഭീരമായ തുടക്കം"
english_title: "IFFK, a grand start to the 30th edition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330792/iffk-a-grand-start-to-the-30th-edition"
published_at: "2025-12-12T21:15:00+05:30"
category: "iffk2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693c3c0b4d60c_saji_.jpg"
keywords: []
---

# സിനിമാപ്പൂരത്തിന് തിരിതെളിഞ്ഞു; ഐഎഫ്എഫ്കെയുടെ 30-ാം പതിപ്പിന് പ്രൗഢഗംഭീരമായ തുടക്കം

> **Lead Summary:** **തിരുവനന്തപുരം: **കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 30-ാം എഡിഷന് തിരുവനന്തപുരത്ത് തുടക്കം. മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടകനായ ചടങ്ങില്‍ പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ വിശിഷ്ടാതിഥികള്‍ ആയിരുന്നു.

## Article Content

**തിരുവനന്തപുരം: **കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 30-ാം എഡിഷന് തിരുവനന്തപുരത്ത് തുടക്കം. മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടകനായ ചടങ്ങില്‍ പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ വിശിഷ്ടാതിഥികള്‍ ആയിരുന്നു.

ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർ‍‍ഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സമ്മാനിച്ചു. ഉദ്ഘാടന ശേഷം പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി 'പലസ്തീൻ 36' എന്ന ചിത്രം പ്രദർശിപ്പിച്ചു. 

ഉദ്ഘാടന പ്രസംഗത്തിനിടെ നടി ആക്രമിക്കപ്പെട്ട കേസ് മന്ത്രി സജി ചെറിയാന്‍ പരാമര്‍ശിച്ചു. കേരള സര്‍ക്കാര്‍ അവള്‍ക്കൊപ്പമാണെന്നും ഉദ്ഘാടന സമ്മേളനം അതിജീവിതക്കുള്ള ഐക്യദാർഢ്യം കൂടിയാണെന്നും മന്ത്രി പറഞ്ഞു.

പോരാട്ടത്തിൻ്റെ പെൺ പ്രതീകമായ നടി ഐഎഫ്എഫ്കെ വേദിയിൽ ഒരിക്കൽ ഉണ്ടായിരുന്നു. അവൾക്കൊപ്പം ആണ് ഞങ്ങൾ എന്ന് അന്നേ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ആ നടിയുടെ അസാന്നിധ്യത്തിൽ ഞാൻ വീണ്ടും പ്രഖ്യാപിക്കുന്നു, അവൾക്കൊപ്പമാണ് കേരളം, സജി ചെറിയാന്‍ പറഞ്ഞു.

26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് നൽകി ആദരിക്കും.

ആഗോളവൽക്കരണം, പലായനം, സ്വത്വം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിൻ്റെ 'ടിംബുക്തു', 'ബ്ലാക്ക് ടീ' തുടങ്ങിയ ശ്രദ്ധേയമായ അഞ്ച് ചിത്രങ്ങൾ 'ദ ഗ്ലോബൽ ഗ്രിയോട്ട്: സിസാക്കോസ് സിനിമാറ്റിക് ജേർണി' എന്ന പ്രത്യേക പാക്കേജിൽ പ്രദർശിപ്പിക്കും.

ഈജിപ്ഷ്യൻ സിനിമയുടെ ഇതിഹാസമായ യൂസഫ് ഷഹീൻ്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി അദ്ദേഹത്തിൻ്റെ വിഖ്യാത ചിത്രങ്ങളായ 'കെയ്‌റോ സ്റ്റേഷൻ', 'അലക്സാണ്ട്രിയ എഗെയ്ൻ ആൻഡ് ഫോറെവർ', 'ദി അദർ' എന്നിവ ഉൾപ്പെടുത്തി റിട്രോസ്‌പെക്ടിവ് വിഭാഗവും ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330792/iffk-a-grand-start-to-the-30th-edition)