---
title: "'സ്ത്രീലമ്പടന്മാരെ വേറെ എന്ത് വിളിക്കാനാണ്?  ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ക്ക് 'യൂസ് ആന്‍ഡ് ത്രോ' സംസ്കാരമായി മാറി' -മന്ത്രി വി ശിവന്‍കുട്ടി"
english_title: "Sexual assault case, Rahul Mangkootathil MLA, 'use and throw' culture for Congressmen, Minister V Sivankutty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330682/sexual-assault-case-rahul-mangkootathil-mla-use-and-throw-culture-for-congressmen-minister-v-sivankutty"
published_at: "2025-12-12T10:46:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ba6247441b_v_sivankutty.jpg"
keywords: []
---

# 'സ്ത്രീലമ്പടന്മാരെ വേറെ എന്ത് വിളിക്കാനാണ്?  ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ക്ക് 'യൂസ് ആന്‍ഡ് ത്രോ' സംസ്കാരമായി മാറി' -മന്ത്രി വി ശിവന്‍കുട്ടി

> **Lead Summary:** **തിരുവനന്തപുരം: **ലൈംഗികാരോപണകേസിൽ പതിനഞ്ച് ദിവസത്തെ ഒളിവുജീവത്തിന് ശേഷം പുറത്തു വന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

## Article Content

**തിരുവനന്തപുരം: **ലൈംഗികാരോപണകേസിൽ പതിനഞ്ച് ദിവസത്തെ ഒളിവുജീവത്തിന് ശേഷം പുറത്തു വന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ഒളിവില്‍ നിന്നും പുറത്ത് വന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയെന്ന് ശിവന്‍കുട്ടി പറഞ്ഞു. അതാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ച 'സ്ത്രീലമ്പടന്‍' എന്ന പ്രയോഗത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

'സ്ത്രീലമ്പടന്‍ എന്ന പദപ്രയോഗം മുഖ്യമന്ത്രി സഹികെട്ട് ഉപയോഗിച്ചതാണ്. സ്ത്രീലമ്പടന്മാര്‍ക്ക് പകരം വയ്ക്കാനുള്ള വാക്ക് പിന്നെ എന്താണ്. അങ്ങനെയുള്ള എത്ര പാരമ്പര്യമാണ് കോണ്‍ഗ്രസിന് ഉള്ളത്. യൂസ് ആന്‍ഡ് ത്രോ സംസ്‌കാരത്തിന്റെ ഉടമകളായി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാറി. വസ്തുത നാട്ടുകാര്‍ക്ക് അറിയാം', ശിവന്‍കുട്ടി പറഞ്ഞു.

മുഖ്യമന്ത്രിയെ കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ ഓരോ കാര്യങ്ങളും ഒന്നൊന്നായി അദ്ദേഹം പറയുമെന്നും ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതിനുള്ള അവസരം ഉണ്ടാക്കാതിരിക്കുകയായിരിക്കും കോണ്‍ഗ്രസിന് നല്ലത്. രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുന്നത് കോണ്‍ഗ്രസിനെതിരെ കേരളം ഞെട്ടുന്ന പല കാര്യങ്ങളും രാഹുല്‍ പറയാന്‍ സാധ്യതയുള്ളതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. കോണ്‍ഗ്രസിലെ 'സ്ത്രീലമ്പടന്മാര്‍' എന്താണ് കാട്ടിക്കൂട്ടുന്നതെന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്.

ഇരയായവര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ നോക്കിയാല്‍ മനസിലാകും. ജീവന്‍ അപകടത്തിലാകുമെന്ന് അവര്‍ ഭയപ്പെടുകയാണ്. യഥാര്‍ത്ഥ ലൈംഗിക വൈകൃത കുറ്റവാളികള്‍ നാടിന് മുന്നില്‍ വന്ന് വെല്‍ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330682/sexual-assault-case-rahul-mangkootathil-mla-use-and-throw-culture-for-congressmen-minister-v-sivankutty)