---
title: "അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപ്പെട്ടു; കൊലപാതകം ലഹരി നൽകിയായിരുന്നോയെന്നും സംശയം"
english_title: "malayatoor chithrapriya murder case more details out"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330630/malayatoor-chithrapriya-murder-case-more-details-out-"
published_at: "2025-12-11T21:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ae4712df71_kochi.jpg"
keywords: []
---

# അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപ്പെട്ടു; കൊലപാതകം ലഹരി നൽകിയായിരുന്നോയെന്നും സംശയം

> **Lead Summary:** **കൊച്ചി: ** മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് ആലുവ റൂറൽ എസ്പി. കൂടുതൽ പേർ പ്രതികളായുണ്ടോ എന്ന് പരിശോധിക്കും.

## Article Content

**കൊച്ചി: ** മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് ആലുവ റൂറൽ എസ്പി. കൂടുതൽ പേർ പ്രതികളായുണ്ടോ എന്ന് പരിശോധിക്കും.

പെൺകുട്ടിയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്തുമെന്നും എസ് പി വ്യക്തമാക്കി. ചിത്രപ്രിയയെ ആൺസുഹൃത്ത് അലൻ തലക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്നും പൊലീസ് വ്യക്തമാക്കുന്നു.

പെൺകുട്ടിക്ക് ലഹരി നൽകിയായിരുന്നോ കൊലപാതകമെന്നും സംശയമുണ്ട്. കൊലയ്ക്ക് മുൻപ് ഇരുവർക്കുമിടയിൽ രൂക്ഷമായ തർക്കമുണ്ടായതായും പൊലീസ് അറിയിച്ചു.

നേരത്തേ മുതലേ ശല്യം ചെയ്ത അലനെ പെൺകുട്ടി അകറ്റി നിർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സ്കൂൾ പഠന കാലത്തെ ചിത്രപ്രിയയെ അറിയാമായിരുന്നു അലന്, അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ അലനെ പെൺകുട്ടി അകറ്റിനിർത്തി.

മികച്ച വോളിബോൾ പ്ലെയറായ ചിത്രപ്രിയ പിന്നീട് കോലഞ്ചേരിയിലെ സ്കൂളിലേക്ക് മാറി. അപ്പോഴും അലൻ പിന്തുടർന്നു. ഒടുവിൽ ബെംഗളൂരുവിൽ പഠനത്തിന് ചേർന്നപ്പോഴും അലൻ ഫോൺ വിളി തുടർന്നു.

ബ്ലേഡ് കൊണ്ട് കൈയിൽ ചിത്രപ്രിയയുടെ പേര് വരഞ്ഞിട്ടു. ശല്യം സഹിക്കവയ്യാതെ ചിത്രപ്രിയ താക്കീത് ചെയ്തതോടെ അലൻ പ്രകോപിതനായെന്ന് പൊലീസ്. നാട്ടിലെത്തിയെ പെൺകുട്ടിയെ എല്ലാം പറഞ്ഞു തീർക്കാനെന്ന് തെറ്റിധരിപ്പിച്ചാണ് ശനിയാഴ്ച ബൈക്കിൽ കയറ്റി കൊണ്ടുപോയത്.

വീട്ടുകാർ എതിർക്കുമെന്നതിനാൽ ആരോടും പറയാതെ ചിത്രപ്രിയ അലനൊപ്പം പോവുകയായികുന്നു. നക്ഷത്ര തടാകത്തിനടുത്ത് ഇരുവരും തർക്കിക്കുന്നതായി ചിലർ കണ്ടെന്നും പൊലീസ് സൂചന നൽകി.

അവിടെ നിന്നാണ് കൊല നടന്ന സെബിയൂർ കൂരപ്പിള്ളി കയറ്റത്തിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയത്. പെൺകുട്ടിക്ക് ലഹരി നൽകിയായിരുന്നോ കൊലപാതകമെന്ന് ബന്ധുക്കൾ സംശയിക്കുന്നു. ഒറ്റപ്പെട്ട സ്ഥലമായതിനാൽ ചിത്രപ്രിയ നിലവിളിച്ചിട്ടും ആരും കേട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330630/malayatoor-chithrapriya-murder-case-more-details-out-)