---
title: "തദ്ദേശ തിരഞ്ഞെടുപ്പ്: വടക്കന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്"
english_title: "Local body elections, second phase of voting today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330479/local-body-elections-second-phase-of-voting-today"
published_at: "2025-12-11T06:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a1db5a309a_vote.jpg"
keywords: []
---

# തദ്ദേശ തിരഞ്ഞെടുപ്പ്: വടക്കന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്

> **Lead Summary:** **കൊച്ചി: **കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.

## Article Content

**കൊച്ചി: **കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.

രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകും.

രണ്ടാം ഘട്ടത്തിൽ 7 ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാർഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാർഡുകളിലേക്കും, 3 കോർപ്പറേഷനുകളിലെ 188 വാർഡുകളിലേക്കുമാണ് ജനവിധി നടക്കുന്നത്.

ആകെ 1.53 കോടിയിലധികം വോട്ടർമാർ ഈ ഘട്ടത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതിൽ 80.90 ലക്ഷം സ്ത്രീ വോട്ടർമാരും 72.46 ലക്ഷം പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. 18,274 പോളിങ് സ്റ്റേഷനുകളാണ് ഏഴ് ജില്ലകളിലായി സജ്ജമാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330479/local-body-elections-second-phase-of-voting-today)