---
title: "കോവിഡ് വന്നവരാണോ നിങ്ങൾ? കോവിഡിനുശേഷം ഹൃദയരോഗികളുടെ എണ്ണം ഇരട്ടിയായതായി പുതിയ പഠനം "
english_title: "Covid, heart disease"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330367/covid-heart-disease"
published_at: "2025-12-10T11:48:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693911606b174_heart.jpg"
keywords: []
---

# കോവിഡ് വന്നവരാണോ നിങ്ങൾ? കോവിഡിനുശേഷം ഹൃദയരോഗികളുടെ എണ്ണം ഇരട്ടിയായതായി പുതിയ പഠനം 

> **Lead Summary:** **[[truevisionnews.com]]** കോവിഡ് മഹാമാരിക്കുശേഷം യുവാക്കളിൽ ഹൃദയാഘാതത്തിനും രക്തക്കുഴലുകളുടെ അസാധാരണ വീക്കത്തിനും വലിയ തോതിൽ വർധന സംഭവിച്ചതായി പുതിയ പഠനം വ്യക്തമാക്കുന്നു.

## Article Content

**[[truevisionnews.com]]** കോവിഡ് മഹാമാരിക്കുശേഷം യുവാക്കളിൽ ഹൃദയാഘാതത്തിനും രക്തക്കുഴലുകളുടെ അസാധാരണ വീക്കത്തിനും വലിയ തോതിൽ വർധന സംഭവിച്ചതായി പുതിയ പഠനം വ്യക്തമാക്കുന്നു.

ചെന്നൈയിലെ ഓമാന്ദുരാർ ഗവ. മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗമാണ് പഠനം നടത്തിയത്. കണ്ടെത്തലുകൾ യൂറോപ്യൻ ഹാർട്ട് ജേണൽ പ്രസിദ്ധീകരിച്ചു. പഠനത്തിൽ 18 മുതൽ 80 വയസ്സുവരെയുള്ളവരുടെ ഏഴ് വർഷത്തെ രോഗവിവരങ്ങളും ആൻജിയോ പരിശോധനാ ഫലങ്ങളും വിലയിരുത്തി.

2017–2019 കാലയളവിൽ ചികിത്സ തേടിയ 8,300 പേരുടെയും 2020–2023 കാലയളവിലെ 11,420 പേരുടെയും വിവരങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, കൊറോണറി ആർട്ടറി എക്ടാസിയ എന്ന ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾ അസാധാരണമായി വീർക്കുന്ന അവസ്ഥ, കോവിഡ് ശേഷിയോടെ നാലിരട്ടിയോളം വർധിച്ചതായി കണ്ടെത്തി.

കോവിഡ് വൈറസ് രക്തക്കുഴലുകളുടെ അന്തർപാളിയിലെ കോശങ്ങളിൽ വീക്കം സൃഷ്ടിക്കുന്നതായിരിക്കാം ഇതിന് പിന്നിലെ പ്രധാന കാരണം. ഇതോടെ രക്തയോട്ടം ദുർബലമാകുകയും ധമനികളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത ഉയരുകയും ഹൃദയാഘാതം വരെ സംഭവിക്കാവുന്ന സാഹചര്യം രൂപപ്പെടുകയും ചെയ്യുന്നു.

കോവിഡിന് മുമ്പ് 30–40 പ്രായപരിധിയിലുള്ള ഏഴ് ശതമാനത്തിൽ മാത്രം കണ്ടിരുന്ന കൊറോണറി ആർട്ടറി എക്ടാസിയ, കോവിഡ് ശേഷത്തിൽ 14 ശതമാനമായി ഇരട്ടിയായി ഉയർന്നതും പഠനത്തിൽ വ്യക്തമാക്കുന്നു.

ഗർഭിണികളേയും 18 വയസ്സിന് താഴെയുള്ളവരെയും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കോവിഡ് വാക്സിനുകളാണ് ഈ അവസ്ഥയ്ക്ക് കാരണം എന്നു തെളിയിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ജെ. സെസിലി മേരി മജെല്ല വ്യക്തമാക്കി.

യുവതലമുറയിൽ ഉയരുന്ന ഹൃദ്രോഗ ഭീഷണിയെ മുൻനിർത്തി വാർഷിക ആരോഗ്യപരിശോധനകൾ നിർബന്ധമാക്കണമെന്നും പുകവലി, അമിത മദ്യപാനം എന്നിവ വിട്ടുമാറണമെന്നും നേരത്തെ രോഗനിർണയവും ജീവിതശൈലീ മാറ്റങ്ങളും ദീർഘകാല സങ്കീർണതകൾ തടയാൻ നിർണായകമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330367/covid-heart-disease)