---
title: "'വീരസവർക്കർ പുരസ്കാരം തരൂരിന് ഇന്ന് സമ്മാനിക്കുമെന്ന് എച്ച്‌ആർഡിഎസ്‌ ഇന്ത്യ, ഇതെന്ത് അവാർഡെന്ന് തരൂർ, ചടങ്ങിൽ പ​ങ്കെടുക്കില്ല"
english_title: "hrds savarkar award to shashi tharoor today tharoor will not attend"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330356/hrds-savarkar-award-to-shashi-tharoor-today-tharoor-will-not-attend"
published_at: "2025-12-10T11:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69390b1b50e49_sashi_tharoor.jpg"
keywords: []
---

# 'വീരസവർക്കർ പുരസ്കാരം തരൂരിന് ഇന്ന് സമ്മാനിക്കുമെന്ന് എച്ച്‌ആർഡിഎസ്‌ ഇന്ത്യ, ഇതെന്ത് അവാർഡെന്ന് തരൂർ, ചടങ്ങിൽ പ​ങ്കെടുക്കില്ല

> **Lead Summary:** **ന്യൂഡൽഹി: ( **[www.truevisionnews.com]** ) **കോൺഗ്രസുമായി ഉടക്കി നിൽക്കുന്ന പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പിക്ക് വിവാദ സംഘ്പരിവാർ അനുകൂല സംഘടനയായ എച്ച്‌ആർഡിഎസ്‌ ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ സവർക്കർ പുരസ്‌കാരം ഇന്ന് സമ്മാനിക്കും. അതേസമയം, ചടങ്ങിൽ പ​ങ്കെടുക്കി​ല്ലെന്ന് ശശി തരൂരിന്റെ ഓഫിസ് അറിയിച്ചു.

## Article Content

**ന്യൂഡൽഹി: ( **[www.truevisionnews.com]** ) **കോൺഗ്രസുമായി ഉടക്കി നിൽക്കുന്ന പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പിക്ക് വിവാദ സംഘ്പരിവാർ അനുകൂല സംഘടനയായ എച്ച്‌ആർഡിഎസ്‌ ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ സവർക്കർ പുരസ്‌കാരം ഇന്ന് സമ്മാനിക്കും. അതേസമയം, ചടങ്ങിൽ പ​ങ്കെടുക്കി​ല്ലെന്ന് ശശി തരൂരിന്റെ ഓഫിസ് അറിയിച്ചു.

ആരാണ് ഈ അവാർഡ് പ്രഖ്യാപിച്ചതെന്ന് തനിക്കറിയില്ലെന്നും ഇങ്ങനെ ഒരവാർഡിനെ കുറിച്ച് താൻ ആദ്യമായാണ് കേൾക്കുന്നതെന്നുമായിരുന്നു ശശി തരൂർ ഇന്നലെ പ്രതികരിച്ചത്. ‘ഈ അവാർഡിന്റെ പ്രസക്തിയെ കുറിച്ച് എനിക്ക് ഒരു പിടുത്തവുമില്ല. എന്തിനാണ് ഈ അവാർഡ് എന്ന് അറിയില്ല. ഞാൻ ഇങ്ങനെ ഒരവാർഡ് സ്വീകരിച്ചിട്ടേ ഇല്ല. അതേക്കുറിച്ച് അന്വേഷിക്കട്ടെ’ -എന്നും തരൂർ പറഞ്ഞു.

കേരളത്തിലടക്കം നിരവധി വിവാദ ഇടപാടുകൾ നടത്തിയ സംഘടനയാണ് അജി കൃഷ്ണൻ എന്നയാൾ നേതൃത്വം നൽകുന്ന എച്ച്‌ആർഡിഎസ്‌ ഇന്ത്യ. നേരത്തെ സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകി ഇവർ വാർത്തയിൽ ഇടംപിടിച്ചിരുന്നു.

ഇന്ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങാണ് തരൂരിന്‌ സവർക്കർ പുരസ്‌കാരം സമർപ്പിക്കുക. തരൂർ പ​ങ്കെടുക്കുമെന്ന് ഉറപ്പുനൽകിയതായി എച്ച്‌ആർഡിഎസ്‌ നേതാവ് അജി കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഓപറേഷൻ സിന്ദൂർ അടക്കമുള്ള വിഷയങ്ങളിൽ തരൂർ സ്വീകരിച്ച നിലപാടിനെ അടിസ്ഥാനമാക്കിയാണ് അവാർഡ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാരോട്‌ മാപ്പുപറഞ്ഞ്‌ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും ഗാന്ധിവധക്കേസിൽ പ്രതിചേർക്കപ്പെടുകയുംചെയ്‌ത ഹിന്ദുത്വ തീവ്രവാദിയായ സവർക്കറുടെ പേരിലുള്ള പ്രഥമ പുരസ്‌കാരത്തിന് ഏഴുപേരെയാണ് സംഘടന തെരഞ്ഞെടുത്തത്. ചടങ്ങിൽ ജമ്മു കശ്‌മീർ ലെഫ്‌. ഗവർണറായ മനോജ്‌ സിൻഹ മുഖ്യാതിഥിയാകും.

തരൂർ പുരസ്കാരം സ്വീകരിക്കില്ലെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. കോൺഗ്രസിന്റെ രക്തം ശശി തരൂരിന്റെ സിരകളിൽ അവശേഷിക്കുന്നുവെങ്കിൽ അദ്ദേഹം അവാർഡ് നിരസിക്കണം. ആർഎസ്എസുമായി ബന്ധപ്പെട്ട സംഘടനയാണ് എച്ച് ആർ ഡി എസ്. ഒരുപാട് വിവാദങ്ങളും പരാതികളും സംഘടനയുമായി ബന്ധപ്പെട്ട് ഉണ്ട്. ശക്തമായി പുരസ്കാരത്തിനെതിരെ തരൂർ പ്രതികരിക്കണം.

അവാർഡ് നൽകുന്ന വിവരം തരൂരിനെ അറിയിച്ചിട്ടുണ്ടോ എന്നതിൽ മറുപടി പറയേണ്ടത് അദ്ദേഹമാണ്. അവാർഡ് സ്വീകരിച്ചാൽ കോൺഗ്രസുകാരുടെ മനസ്സിൽ നിന്ന് തരൂർ എന്നന്നേക്കുമായി പുറത്താകും എന്നതിൽ സംശയമില്ല. കോൺഗ്രസ് പ്രവർത്തകരുടെ ഉള്ളിൽ ശശി തരൂരിന് അവശേഷിക്കുന്ന സ്ഥാനം നഷ്ടപ്പെടുത്താനുള്ള ബിജെപിയുടെയും ആർഎസ്എസിന്റെയും ബോധപൂർവ്വമായ നീക്കമാണിത്. ശശി തരൂർ ഈ കെണിയിൽ വീഴരുത്.

അവാർഡ് സ്വീകരിച്ചാൽ എന്ത് നടപടി സ്വീകരിക്കണമെന്ന് എഐസിസി തീരുമാനിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്. അതിന് ആക്കം കൂട്ടുന്ന പ്രവർത്തി കോൺഗ്രസിന്റെ രക്തം സിരകളിൽ ഒഴുകുന്ന ആരും ചെയ്യാൻ പാടില്ല. തരൂരിനെ പുടിന്റെ അത്താഴ വിരുന്നിൽ ക്ഷണിച്ചത് എന്തുകൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും. അതിൽ കൂടുതൽ വിശദീകരണം ആവശ്യമില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330356/hrds-savarkar-award-to-shashi-tharoor-today-tharoor-will-not-attend)