ശബരിമല:( www.truevisionnews.com) മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട് വഴിയുള്ള തീർഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യത്തിനായി ബി.എസ്.എൻ.എൽ താൽക്കാലിക ടവർ സ്ഥാപിക്കും.
മകരവിളക്ക് ദർശനത്തിനായി പതിനായിരങ്ങൾ എത്തിച്ചേരുന്ന പുൽമേട്ടിൽ ഭക്തജനത്തിരക്ക് കണക്കിലെടുത്താണ് അഞ്ച് ദിവസത്തേക്ക് ഈ അധിക സംവിധാനം ഒരുക്കുന്നത്. ദുർഘടമായ പുൽമേട് പരമ്പരാഗത തീർഥാടനപാതയിൽ ഫൈബർ കേബിളുകൾ എത്തിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈക്രോവേവ് സംവിധാനം ഉപയോഗിച്ച് ഇവിടെ നെറ്റ്‌വർക്ക് ലഭ്യമാക്കും.
പാണ്ടിത്താവളത്തെ എക്സ്ചേഞ്ചിൽ നിന്നുള്ള രണ്ട് 4ജി യൂനിറ്റുകൾ നിലവിൽ പുൽമേട് മേഖലയിൽ കവറേജ് നൽകുന്നത്. സത്രം മുതൽ ഓടാംപ്ലാവ് വരെയുള്ള പരമ്പരാഗത പാതയിൽ 80 ശതമാനം ഭാഗങ്ങളിലും 3ജി, 2ജി സേവനങ്ങൾ ലഭ്യമാണെന്നും ഓടംപ്ലാവ് മുതൽ 4ജി ലഭ്യമാണെന്നും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ബിഎസ്എൻഎൽ വൃത്തങ്ങൾ വ്യക്തമാക്കി.
പത്തനംതിട്ട മുതൽ സന്നിധാനംവരെ 27ഓളം 4ജി സൈറ്റുകളും അതിവേഗ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുമാണ് ഇത്തവണ ബി.എസ്.എൻ.എൽ സജ്ജീകരിച്ചിരിക്കുന്നത്.
Content Highlight: BSNL to set up temporary internet tower in Pulmedu for Sabarimala pilgrims



































