---
title: "'അടൂര്‍ പ്രകാശിന്റെ പരാമര്‍ശം പാര്‍ട്ടി നേതൃത്വം പരിശോധിക്കട്ടെ, നമ്മളെല്ലാം അതിജീവിതയ്‌ക്കൊപ്പം' - ചാണ്ടി ഉമ്മന്‍"
english_title: "'AdoorPrakash's position is not the party's, says Chandy Oommen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330206/adoorprakashs-position-is-not-the-partys-says-chandy-oommen-new"
published_at: "2025-12-09T13:25:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937d74f05234_adoor.jpg"
keywords: []
---

# 'അടൂര്‍ പ്രകാശിന്റെ പരാമര്‍ശം പാര്‍ട്ടി നേതൃത്വം പരിശോധിക്കട്ടെ, നമ്മളെല്ലാം അതിജീവിതയ്‌ക്കൊപ്പം' - ചാണ്ടി ഉമ്മന്‍

> **Lead Summary:** **കോട്ടയം: **അടൂര്‍ പ്രകാശിന്റേത് പാര്‍ട്ടിയുടെ നിലപാടല്ല . നടിയെ ആക്രമിച്ച കേസില്‍ അടൂര്‍ പ്രകാശിൻ്റെ പ്രസ്താവന ശരിയല്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എംഎല്‍എ.

## Article Content

**കോട്ടയം: **അടൂര്‍ പ്രകാശിന്റേത് പാര്‍ട്ടിയുടെ നിലപാടല്ല . നടിയെ ആക്രമിച്ച കേസില്‍ അടൂര്‍ പ്രകാശിൻ്റെ പ്രസ്താവന ശരിയല്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എംഎല്‍എ.

അടൂര്‍ പ്രകാശിന്റേത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും നമ്മളെല്ലാം അതിജീവിതയ്‌ക്കൊപ്പമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 'ജഡ്ജി ഒരു തീരുമാനമെടുത്തു. കോടതിയാണ് അടുത്ത മാര്‍ഗം. മേല്‍ കോടതിയിലേക്ക് പോകുന്ന കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്.

അടൂര്‍ പ്രകാശിന്റെ പരാമര്‍ശം പാര്‍ട്ടി നേതൃത്വം പരിശോധിക്കട്ടെ. ഗൂഢാലോചനയില്ലെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. എല്ലാ പാര്‍ട്ടിക്കാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.' ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെയും അദ്ദേഹം പരിഹസിച്ചിരുന്നു. സര്‍ക്കാരിന് മറ്റ് ജോലിയില്ലാത്തതിനാലാണ് അപ്പീല്‍ പോകുന്നതെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പരിഹാസം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330206/adoorprakashs-position-is-not-the-partys-says-chandy-oommen-new)