---
title: "വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങള്‍ക്ക് സമാപ്തി; തദ്ദേശ തിരഞ്ഞെടുപ്പ്, നാളെ ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് "
english_title: "Local body elections, voting in seven districts tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330111/local-body-elections-voting-in-seven-districts-tomorrow"
published_at: "2025-12-08T22:42:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693707ec55e71_election.jpg"
keywords: []
---

# വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങള്‍ക്ക് സമാപ്തി; തദ്ദേശ തിരഞ്ഞെടുപ്പ്, നാളെ ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് 

> **Lead Summary:** **തിരുവനന്തപുരം : **ഏറെ വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങള്‍ക്ക് സമാപ്തി, സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ നാളെ വോട്ടെടുപ്പ് നടക്കും. മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ രണ്ടെടുത്ത് വാശിയേറിയ പോരാട്ടമാണ് അരങ്ങേറുന്നത്.

## Article Content

**തിരുവനന്തപുരം : **ഏറെ വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങള്‍ക്ക് സമാപ്തി, സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ നാളെ വോട്ടെടുപ്പ് നടക്കും. മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ രണ്ടെടുത്ത് വാശിയേറിയ പോരാട്ടമാണ് അരങ്ങേറുന്നത്.

എല്‍ ഡി എഫും യു ഡി എഫും എന്‍ ഡി എയും ഒരുപോലെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന തിരുവനന്തപുരത്ത് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് ബി ജെ പി അധികാരം പിടിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച മുനിസിപ്പാലിറ്റിയാണ് തിരുവനന്തപുരം. കഴിഞ്ഞ തവണ അംഗ സംഖ്യകൊണ്ട് രണ്ടാം സ്ഥാനത്തായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി ജെ പി.

കോര്‍പ്പറേഷന്‍ ഭരണം ലക്ഷ്യമിട്ട് യു ഡി എഫും നേരത്തെ തന്നെ പ്രചരണം ശക്തമാക്കിയ തിരുവനന്തപുരത്ത് മുന്‍ എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ എസ് ശബരീനാഥനെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ശക്തമായ പ്രചാരണം നടത്തിയത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതോടെ കോണ്‍ഗ്രസ് വലിയ പ്രതീക്ഷവച്ചു പുലര്‍ത്തുന്ന കോര്‍പ്പറേഷനാണ് തിരുവനന്തപുരം.

എന്നാല്‍ നിലവിലുള്ള ഭരണ കക്ഷിയെന്ന നിലയില്‍ സിപി ഐ എമ്മിന് ഭരണ തുടര്‍ച്ചയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.

കോണ്‍ഗ്രസ് ഇത്തവണ ഏറെ സാധ്യത വെച്ചുപുലര്‍ത്തുന്ന മറ്റൊരു മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ കൊച്ചിയാണ്. കഴിഞ്ഞതവണ കപ്പിനും ചുണ്ടിനുമിടയില്‍ കൈവിട്ടുപോയ നഗരഭരണം തിരികെ പിടിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു യു ഡി എഫ്.

കെ പി സി സി ജന. സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ ദീപ്തി വര്‍ഗീസിന്റെ നേതൃത്വത്തിലാണ് യു ഡി എഫ് തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നത്. എന്നാല്‍ മുസ്ലിംലീഗ് നേതാവ് അടക്കമുള്ളവര്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതരായി രംഗത്തെത്തിയത് വലിയ ആശങ്കയാണ് കോണ്‍ഗ്രസിനുണ്ടാക്കിയിരിക്കുന്നത്.

കഴിഞ്ഞ തവണ ഭരണം നഷ്ടപ്പെടാന്‍ കാരണം വിമതരായിരുന്നു. ലീഗ് നേതാവ് വിമതനായി മത്സരിച്ച് ജയിച്ചതും എല്‍ ഡി എഫ് ഭരണത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചതും എല്‍ ഡി എഫിന് ഭരണത്തില്‍ തുടരാന്‍ വഴിയൊരുക്കിയിരുന്നു. ഇത്തവണ വിമതനായിരുന്ന കെ എം അഷറഫ് യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സര രംഗത്തുണ്ട്.

ബി ജെ പി കോര്‍പ്പറേഷനില്‍ ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ടെങ്കിലും മട്ടാഞ്ചേരിയില്‍ ദീര്‍ഘകാലമായി ബി ജെ പിയുടെ കൗണ്‍സിലറായിരുന്ന ശ്യാമളാ പ്രഭു പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത് ബി ജെ പിക്ക് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയത്.

കൊല്ലം കോര്‍പ്പറേഷനിൽ ഇത്തവണ യു ഡി എഫും എല്‍ ഡി എഫും എന്‍ ഡി എയും ശക്തമായ പ്രചരണമാണ് കാഴ്ചവെച്ചത്. എല്‍ ഡി എഫ് തുടര്‍ച്ചയായി ഭരിക്കുന്ന കോര്‍പ്പറേഷനാണ് കൊല്ലം. ബി ജെ പിയും ശക്തമായ സാന്നിധ്യമാണ്.

കോട്ടയം, പാല, ആലപ്പുഴ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, പെരുമ്പാവൂര്‍, ആലുവ നഗരസഭകളിലും അതിശക്തമായ പോരാട്ടമാണ് അരങ്ങേറുന്നത്. പാലാ നഗരസഭയില്‍ ബിനു പുളിക്കക്കണ്ടത്തിന്റെ സാന്നിധ്യം എല്‍ ഡി എഫിനെ വലയ്ക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസും സി പി ഐ എമ്മും മുന്നണിയുടെ ഭാഗമായതിന് ശേഷം നടക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പാണിത്.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ശക്തി തെളിയിക്കാനുള്ള അവസരം കൂടിയായാണ് ഈ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ട്രയല്‍ ആയാണ് ഈ ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടപ്പിനെ വിലയിരുത്തുന്നത്. ജില്ലാ പഞ്ചായത്തുകളിലേക്ക് വാശിയേറിയ പോരാട്ടമാണ് മധ്യകേരളത്തില്‍ അരങ്ങേറുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330111/local-body-elections-voting-in-seven-districts-tomorrow)