---
title: "'വാഹനത്തിന്റെ ബോൾട്ട് ഇളകിയത് വധശ്രമം ആയിരുന്നോയെന്ന് സംശയമുണ്ട്, വിധി എതിരായാൽ നിയമസഹായം നൽകും' -  ഉമ തോമസ് എം എൽ എ"
english_title: "Uma Thomas MLA, actress assault case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329934/uma-thomas-mla-actress-assault-case-new"
published_at: "2025-12-08T08:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693640f46335f_dileep.jpg"
keywords: []
---

# 'വാഹനത്തിന്റെ ബോൾട്ട് ഇളകിയത് വധശ്രമം ആയിരുന്നോയെന്ന് സംശയമുണ്ട്, വിധി എതിരായാൽ നിയമസഹായം നൽകും' -  ഉമ തോമസ് എം എൽ എ

> **Lead Summary:** **കൊച്ചി: **അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്ന് സംശയമുണ്ടെന്ന് ഉമ തോമസ് എം എൽ എ. വിചാരണയുടെ പല ഘട്ടങ്ങളിലും ഈ സംശയം ബലപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടായെന്നും വിധി എതിരായാൽ നിയമസഹായം നൽകുമെന്നും ഉമാ തോമസ് പറഞ്ഞു.

## Article Content

**കൊച്ചി: **അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്ന് സംശയമുണ്ടെന്ന് ഉമ തോമസ് എം എൽ എ. വിചാരണയുടെ പല ഘട്ടങ്ങളിലും ഈ സംശയം ബലപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടായെന്നും വിധി എതിരായാൽ നിയമസഹായം നൽകുമെന്നും ഉമാ തോമസ് പറഞ്ഞു.

അതിജീവിതയുമായി സംസാരിച്ചിരുന്നു. വിധിയെക്കുറിച്ച് അവർക്കും ആശങ്കയുണ്ട്. വിധി എതിരായാണ് വരുന്നതെങ്കിൽ ആവശ്യമായ നിയമസഹായം നൽകും. പ്രമുഖരായ പലരും മൊഴി മാറ്റിയത് വിധിയെ ബാധിക്കുമോയെന്ന് സംശയമുണ്ട്.

മൊഴി മാറ്റാൻ പി ടി തോമസിനും സമ്മർദം ഉണ്ടായിരുന്നു. വാഹനത്തിന്റെ ബോൾട്ട് ഇളകിയത് വധശ്രമം ആയിരുന്നോയെന്ന് സംശയമുണ്ടെന്നും പി ടി അന്ന് ഇടപ്പെട്ടില്ലായിരുന്നെങ്കിൽ ഈ കേസ് ഇവിടെ വരെ എത്തില്ലായിരുന്നെന്നും ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ വിധിക്കുമുമ്പ് മറ്റൊരു ഹർജിയുമായി ഒന്നാംപ്രതിയുടെ അമ്മ. പൾസർ സുനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം എന്ന ആവശ്യവുമായി സുനിൽകുമാറിന്റെ അമ്മ ശോഭനയാണ് കോടതിയെ സമീപിച്ചത്.

ഒരുലക്ഷം രൂപയുടെ അക്കൗണ്ട് ആണ് അന്വേഷണസംഘം നേരത്തെ അപേക്ഷ നൽകി മരവിപ്പിച്ചത്. ദിലീപ് നൽകിയ ക്വട്ടേഷൻ തുകയാണ് ഇതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറയുന്നത്. നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.

വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആൻറണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329934/uma-thomas-mla-actress-assault-case-new)