---
title: "നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ; ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാകും, വിചാരണ നേരിട്ടത് 10 പേർ"
english_title: "Actress attack case Verdict tomorrow, Dileep and other accused to appear in court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329785/actress-attack-case-verdict-tomorrow-dileep-and-other-accused-to-appear-in-court"
published_at: "2025-12-07T08:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6934eb3ea8d98_dileep.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ; ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാകും, വിചാരണ നേരിട്ടത് 10 പേർ

> **Lead Summary:** **എറണാകുളം: **നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. കേരളത്ത നടുക്കിയ കേസായിരുന്നു കൊച്ചിയിലെ നടി ആക്രമിക്കപ്പെട്ട സംഭവം.

## Article Content

**എറണാകുളം: **നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. കേരളത്ത നടുക്കിയ കേസായിരുന്നു കൊച്ചിയിലെ നടി ആക്രമിക്കപ്പെട്ട സംഭവം.

നടൻ ദീലീപ് എട്ടാം പ്രതിയായ കേസിൽ രാവിലെ പതിനൊന്നിനാണ് നടപടികൾ തുടങ്ങുക. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിയാണ് കേസില്‍ ഒന്നാം പ്രതി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്.

ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തി വിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്. എന്നാൽ തന്നെ കേസിൽ പെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമാണ് ദിലീപിന്‍റെ വാദം. ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാകും. നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ അതിജീവിത.

ഏഴര വർഷത്തെ വിചാരണയ്ക്ക് ഒടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. കേസിൽ ആകെ 10 പ്രതികൾ.

ബലാൽസംഗ കൊട്ടേഷന് ഗൂഢാലോചന നടത്തിയത് 8-ാം പ്രതി ദിലീപ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ഒന്നര കോടിയുടെ കൊട്ടേഷനാണ് ദിലീപ് നൽകിയത്. നിയമപോരാട്ടം വിജയം കാണുമെന്ന് അതിജീവിതയുടെ അഭിഭാഷക.

പൾസർ സുനിയ്ക്ക് പുറമെ മാർട്ടിൻ ആന്റണി, മണികണ്ഠൻ,വിജീഷ് വി പി,സലിം എന്ന വടിവാൾ സലീം,പ്രദീപ് എന്നിവരാണ് കൃത്യത്തിൽ നേരിട്ട് ഏർപ്പെട്ടവർ. എന്നാൽ പ്രാഥമിക തെളിവ് പോലുമില്ലെന്നാണ് പ്രതിഭാഗത്തിന്റ വാദം.

261 സാക്ഷികൾ, പ്രോസിക്യൂഷൻ ഹാജരാക്കിയത് 833 രേഖകൾ ആകെ 1700 രേഖകൾ 142 തൊണ്ടിമുതലുകൾ. സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന്റെ ആയുധം. വിചാരണ കോടതി മുതൽ രാഷ്ട്രപതി ഓഫിസ് വരെയെത്തിയ കേസിന്റെ വിധി എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇനിയുള്ള മണിക്കൂറുകൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329785/actress-attack-case-verdict-tomorrow-dileep-and-other-accused-to-appear-in-court)