---
title: "കർശന നിബന്ധനകളോടെ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ പൊതുയോഗത്തിന് അനുമതി"
english_title: "Vijay, Tamil Vetri Kazhagam, Puducherry, permission for public meeting with strict conditions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329758/vijay-tamil-vetri-kazhagam-puducherry-permission-for-public-meeting-with-strict-conditions"
published_at: "2025-12-06T21:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69344db5231d5_tvk.jpg"
keywords: []
---

# കർശന നിബന്ധനകളോടെ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ പൊതുയോഗത്തിന് അനുമതി

> **Lead Summary:** തമിഴക വെട്രി കഴകത്തിന്റെ പുതുച്ചേരിയിലെ പൊതുയോഗം പഴയ തുറമുഖത്തിന് സമീപത്തെ ഗ്രൗണ്ടിൽ ഡിസംബർ ഒമ്പതിന് നടക്കും. കർശന നിബന്ധനകളോടെയാണ് പൊതുയോഗത്തിന് അധികൃതർ അനുമതി നൽകിയിരിക്കുന്നത്.

## Article Content

തമിഴക വെട്രി കഴകത്തിന്റെ പുതുച്ചേരിയിലെ പൊതുയോഗം പഴയ തുറമുഖത്തിന് സമീപത്തെ ഗ്രൗണ്ടിൽ ഡിസംബർ ഒമ്പതിന് നടക്കും. കർശന നിബന്ധനകളോടെയാണ് പൊതുയോഗത്തിന് അധികൃതർ അനുമതി നൽകിയിരിക്കുന്നത്.

വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണം എന്നതാണ് നിബന്ധനകളിൽ ഒന്ന്. കരൂരിൽ ദുരന്തത്തിന് കാരണമായത് വിജയ് വൈകിവന്നത് മൂലമാണെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പങ്കെടുക്കാൻ പാടില്ല എന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ആൾക്കൂട്ടം നിയന്ത്രിക്കാനുള്ള നിബന്ധനകളൂം അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്. ആകെ അയ്യായിരം പേർക്ക് മാത്രമാണ് പൊതുയോഗത്തിൽ പങ്കെടുക്കാൻ അനുമതിയുണ്ടാകുക. ക്യു ആർ കോഡ് വഴിയാകും ഇവർക്ക് വേദിയിൽ പ്രവേശനം അനുവദിക്കുക. ഇവരെയെല്ലാം അഞ്ഞൂറ് പേർ വീതമുള്ള പത്ത് ബ്ലോക്കുകളിലായി ഇരുത്തണം എന്നുമാണ് വ്യവസ്ഥ.

പുതുച്ചേരിയിലെ പൊതുയോഗത്തിന് ആദ്യം അധികൃതർ അനുമതി നൽകിയിരുന്നില്ല. കേന്ദ്രഭരണ ഇടുങ്ങിയ റോഡുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യം അനുമതി നിഷേധിക്കപ്പെട്ടത്. എന്നാൽ ടിവികെ രണ്ടാമതും അപേക്ഷ സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് കർശന നിബന്ധനകളോടെ അനുമതി ലഭിച്ചത്.

കരൂർ ദുരന്തത്തിന് പിന്നാലെ കർശന നിബന്ധനകളോടെയാണ് വിജയ്‌യുടെ എല്ലാ പൊതുയോഗങ്ങളും നടക്കുന്നത്. സെപ്തംബർ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ കരൂർ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാൽപത്തിയൊന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകിയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി.

സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം മുപ്പത്തിയെട്ട് പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.

ഇതിന് ശേഷം നടന്ന കാഞ്ചീപുരം സമ്മേളനം വിജയ് അടച്ചിട്ട വേദിയിലാണ് നടത്തിയിരുന്നത്. സുങ്കുവർഛത്തിരത്തിലെ ഒരു ഇൻഡോർ വേദിയിലായിരുന്നു സമ്മേളനം നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമായിരുന്നു ആ പരിപാടിയിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329758/vijay-tamil-vetri-kazhagam-puducherry-permission-for-public-meeting-with-strict-conditions)