---
title: "അഫ്ഗാന്‍- പാക് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; നാലുപേർ കൊല്ലപ്പെട്ടു"
english_title: "Pakistan, Afghanistan, and Taliban forces clashed again."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329722/pakistan-afghanistan-and-taliban-forces-clashed-again"
published_at: "2025-12-06T16:31:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69340d0b3c93c_attack.jpg"
keywords: []
---

# അഫ്ഗാന്‍- പാക് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; നാലുപേർ കൊല്ലപ്പെട്ടു

> **Lead Summary:** **മുകാബൂള്‍: **പാകിസ്താനും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടി. വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് ഇരുപക്ഷവും പരസ്പരം ആരോപിച്ചു.

## Article Content

**മുകാബൂള്‍: **പാകിസ്താനും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടി. വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് ഇരുപക്ഷവും പരസ്പരം ആരോപിച്ചു.

സംഭവത്തിൽ നാലുപേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള 1,600 മൈല്‍ (2,600 കി.മീ) അതിര്‍ത്തിക്ക് സമീപമുള്ള അഫ്ഗാന്‍ നഗരമായ സ്പിന്‍ ബോള്‍ഡക്കില്‍ നിന്ന് സംഘർഷത്തെ തുടർന്ന് ആളുകൾ പലായനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

പാകിസ്താന്റെ ആക്രമണത്തിൽ നാല് പേര്‍ കൊല്ലപ്പെട്ടുവെന്ന് സ്പിന്‍ ബോള്‍ഡാക് ഗവര്‍ണര്‍ അബ്ദുള്‍ കരീം ജഹാദ് എഎഫ്പിയോട് പറഞ്ഞു. നാല് പേര്‍ക്ക് പരിക്കേറ്റു. പാകിസ്താനില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

അടുത്തിടെയായി ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഇടയ്ക്കിടെ സംഘര്‍ഷങ്ങള്‍ പതിവാണ്. താലിബാന്‍ സൈന്യം പാകിസ്താനില്‍ ആക്രമണം നടത്തിയെന്നാണ് പാകിസ്താന്റെ ആരോപണം. താലിബാന്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തു എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സയ്ദി പറഞ്ഞു.

ഞങ്ങളുടെ സേന ഉചിതവും ശക്തവുമായ പ്രതികരണം നല്‍കി. പാകിസ്താന്‍ അതിര്‍ത്തി സുരക്ഷയ്ക്കും പൗരന്മാരുടെ സുരക്ഷയ്ക്കും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് ആക്രമണങ്ങളോട് പ്രതികരിക്കാന്‍ നിര്‍ബന്ധിതരായി എന്നാണ് താലിബാന്‍ അവകാശപ്പെട്ടത്.

ഖത്തറും തുര്‍ക്കിയും മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ കരാറിന് ശേഷം രണ്ട് മാസത്തിനുള്ളിലാണ് ഏറ്റവും പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 2021 ല്‍ താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടിയത്. ആക്രമണം നടത്തുന്ന സായുധ ഗ്രൂപ്പുകള്‍ക്ക് താലിബാന്‍ സംരക്ഷണം നല്‍കുന്നു എന്ന് പാക് സര്‍ക്കാര്‍ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329722/pakistan-afghanistan-and-taliban-forces-clashed-again)