---
title: "യുദ്ധ മുഖത്ത് ട്വൻറ്റി ഫോർ ന്യൂസും - റിപ്പോർട്ടർ ടിവിയും; ചാനൽ പോരിൽ പകച്ച് മാധ്യമ ലോകം"
english_title: "Twenty Four News and Reporter TV in the face of war The media world is in a frenzy over the channel war"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329557/twenty-four-news-and-reporter-tv-in-the-face-of-war-the-media-world-is-in-a-frenzy-over-the-channel-war"
published_at: "2025-12-05T16:08:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932b938c1fdd_24_vs_reporter.jpg"
keywords: []
---

# യുദ്ധ മുഖത്ത് ട്വൻറ്റി ഫോർ ന്യൂസും - റിപ്പോർട്ടർ ടിവിയും; ചാനൽ പോരിൽ പകച്ച് മാധ്യമ ലോകം

> **Lead Summary:** പണത്തിനും പെണ്ണിനും പൊന്നിനുമൊക്കെ വേണ്ടി ഗുണ്ടകൾ തമ്മിലുള്ള പോരാട്ടം നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ ഇതാ ഈ കെട്ടകാലത്ത് മാധ്യമ സ്ഥാപനങ്ങൾ തമ്മിൽ റേറ്റിങ്ങിന്റെ പേരിലുള്ള കുടിപ്പകയുടെ ഒരു യുദ്ധമാണ് ഉടലെടുത്തുകൊണ്ടിരിക്കുന്നത്.

## Article Content

പണത്തിനും പെണ്ണിനും പൊന്നിനുമൊക്കെ വേണ്ടി ഗുണ്ടകൾ തമ്മിലുള്ള പോരാട്ടം നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ ഇതാ ഈ കെട്ടകാലത്ത് മാധ്യമ സ്ഥാപനങ്ങൾ തമ്മിൽ റേറ്റിങ്ങിന്റെ പേരിലുള്ള കുടിപ്പകയുടെ ഒരു യുദ്ധമാണ് ഉടലെടുത്തുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം തുറന്ന ഒരു പോരിനാണ് മാധ്യമലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. അവസാനമായി ഇപ്പോഴിതാ, റിപ്പോർട്ടർ ചാനലിനെതിരെ വ്യാജ വാർത്ത സൃഷ്ടിച്ചതായി 24 ന്യൂസിനെതിരെ കേസെടുത്തിരിക്കുകയാണ്.

ബാർക് റേറ്റിങ്ങുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ വ്യാജ വാർത്ത സംപ്രേക്ഷണം ചെയ്തുവെന്ന കേസിലാണ് 24 ന്യൂസ് ചാനല്‍ എംഡി ആർ ശ്രീകണ്ഠന്‍ നായർ, ചാനല്‍ ചെയർമാന്‍ ആലുങ്കല്‍ മുഹമ്മദ് എന്നിവർ ഉള്‍പ്പെടെ ആറ് പേർക്കെതിരെയാണ് കളമശ്ശേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.*

കേസില്‍ ശ്രീകണ്ഠന്‍ നായർ ഒന്നാം പ്രതിയും മകനും വൈസ് ചെയർമാനുമായ ശ്രീരാജ് രണ്ടാം പ്രതിയുമാണ്. ഫ്ലവേഴ്സ് ചാനല്‍ സിഇഒ ഉണ്ണികൃഷ്ണന്‍, 24 ന്യൂസ് ചാനല്‍ എക്സിക്യുട്ടീവ് എഡിറ്റർമാരായ കെ ആർ ഗോപീകൃഷ്ണന്‍, ബി ദിലീപ് കുമാർ, ചെയർമാന്‍ ആലുങ്കല്‍ മുഹമ്മദ് എന്നിവരാണ് മൂന്ന് മുതല്‍ ആറുവരേയുള്ള പ്രതികള്‍. മൊബൈല്‍ ഫോണ്‍ഹാക്ക് ചെയ്ത് വാട്സാപ്പ് ചാറ്റുകള്‍ ചോർത്തിയെടുത്തു എന്നത് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് കേസിൽ ഉള്ളത്.

ടിവി ഓണാക്കിയാൽ സാധാരണ വാർത്തയേക്കാൾ വലിയ വാർത്തയായി മാറുന്നത് ഇന്ന് ചാനലുകൾ തമ്മിലുള്ള റേറ്റിംഗ് യുദ്ധമാണ്. പ്രേക്ഷകർ ചാനലുകൾ റിമോട്ട് പിടിച്ചു മാറ്റുന്നതിനേക്കാൾ വേഗത്തിൽ ചില ചാനലുകൾ റേറ്റിംഗ് കൂട്ടാൻ വേണ്ടി ശ്രമിക്കുന്നു. ഇവർ നടത്തുന്ന കള്ളക്കളികൾ ആണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ നേരം കൊണ്ട്, റേറ്റിംഗിന് വേണ്ടിയുള്ള മത്സരത്തിനപ്പുറം, കോടികളുടെ അഴിമതി ആരോപണങ്ങളിലേക്കും, പോലീസ് കേസുകളിലേക്കും ഈ പോര് വളർന്നിരിക്കുകയാണ്.

24 ന്യൂസിന്റെ വരവോട് കൂടി മലയാള വാര്‍ത്താ ചാനല്‍ ശൈലിയ്ക്ക് തന്നെ വലിയൊരു മാറ്റം വന്നിരുന്നു. വൈകാതെ മറ്റ് ചാനലുകളും 24 ന്യൂസിന്റെ പാതയില്‍ വാര്‍ത്താ അവതരണത്തിലൊക്കെ കാതലായ മാറ്റം വരുത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുന്‍നിര ചാനലായി മാറാനും 24 ന്യൂസിന് സാധിച്ചിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ടര്‍ ടിവി പുതിയ ഉടമകളിലേക്ക് എത്തിയതോടെ മലയാള വാര്‍ത്താ ചാനലുകള്‍ തമ്മിലുള്ള മത്സരം മറ്റൊരു തലത്തിലേക്ക് പോയി. അധികം വൈകാതെ മലയാള ടെലിവിഷന്‍ ചരിത്രത്തിലാദ്യമായി ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താനും റിപ്പോര്‍ട്ടറിനായി. എന്നാല്‍ പിന്നീട് ഏഷ്യാനെറ്റ് തന്നെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ഇതിനിടെയാണ് ഈ മൂന്ന് ചാനലുകളും തമ്മിലുള്ള പോര് മറ്റൊരു തലത്തിലേക്കും കടക്കുന്നത്. നേരത്തെ റിപ്പോര്‍ട്ടര്‍ ടിവിയും ഏഷ്യാനെറ്റ് ന്യൂസും തമ്മിലുള്ള പോര് കോടതി വരെ എത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഉടമയായ രാജീവ് ചന്ദ്രശേഖർ, റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് നിയമമനടപടികള്‍. ഇതിനിടെ റിപ്പോര്‍ട്ടര്‍ ടിവിയും മീഡിയ വണ്ണും തമ്മിലും പരസ്പരം ഏറ്റുമുട്ടലുണ്ടായി.മീഡിയ വണ്ണിന് ലഭിക്കുന്ന സാമ്പത്തിക സഹായത്തെ കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍ തുറന്നടിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ മീഡിയ വണ്ണും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ടിവിയും 24 ന്യൂസും തമ്മിലാണ് പോര് കടുക്കുന്നത്. ടെലിവിഷന്‍ ചാനലുകളുടെ വ്യൂവര്‍ഷിപ് നിര്‍ണയിക്കുന്ന ബാര്‍ക്ക് ഡാറ്റയില്‍ തിരിമറി നടത്തിയെന്നും ഇതിന് പിന്നില്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് എന്നും പറഞ്ഞ് 24 ന്യൂസിന്റെ എംഡി ശ്രീകണ്ഠന്‍ നായര്‍ രംഗത്തെത്തുകയും പിന്നാലെ പരാതി നൽകുകയും ചെയ്തിരുന്നു.

ഈ പരാതിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. 24 ന്യൂസ് ചാനല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സി ഉണ്ണികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് ബാര്‍ക്ക് സീനിയര്‍ മാനേജര്‍ പ്രേംനാഥ് ഒന്നാം പ്രതിയും റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ രണ്ടാം പ്രതിയുമായി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ക്കെതിരെ വ്യാജ രേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് എഫ് ഐ ആറില്‍ ചേര്‍ത്തത്.

ഒന്നാം പ്രതിയായ പ്രേംനാഥ് രണ്ടാം പ്രതിയായ ചാനല്‍ ഉടമയ്ക്ക് റേറ്റിംഗ് മീറ്ററുകള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കൈമാറിയെന്നും 24 ന്യൂസിന്റെ റേറ്റിംഗ് കുറച്ച് കാണിച്ച് റിപ്പോര്‍ട്ടര്‍ ചാനലിന് റേറ്റിങ് ഉയര്‍ത്തിക്കാണിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇതിന് 24 ന്യൂസ് ഉടമ മുഹമ്മദ് ആലുങ്കലിനെതിരായ പരാതിയും കേസും പുറത്തുവിട്ടാണ് റിപ്പോര്‍ട്ടര്‍ തിരിച്ചടിച്ചത്.

2000 കോടിയുടെ തട്ടിപ്പ് കേസാണ് ചാനല്‍ ചെയര്‍മാന്‍ മുഹമ്മദ് ആലുങ്കലിനെതിരെ നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്തത് എന്ന വിവരമാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടത്. നിലമ്പൂര്‍ സ്വദേശിയായ അബ്ദുള്‍ സലാമിന്റെ പരാതിയില്‍ മറ്റ് അഞ്ച് പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. മുഹമ്മദ് ആലുങ്കലും കൂട്ടുപ്രതികളും ചേര്‍ന്ന് സൗദി അറേബ്യയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്ന ആശുപത്രി ശ്യംഖല തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്.

ഇരു വിഭാഗവും ഉന്നയിക്കുന്ന ആരോപണങ്ങളിൽ എത്രത്തോളം സത്യമുണ്ടെന്നത് അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. അതുവരെ ആരോപണങ്ങൾ ആരോപണങ്ങളായി തന്നെ തുടരും. പരസപരം താറടിച്ചുകൊണ്ടുള്ള ഈ ചാനലുകളുടെ മത്സരം വരും ദിവസങ്ങൾ കൂടുതൽ രൂക്ഷമാകാനുള്ള എല്ലാ സാധ്യതയുമുണ്ട്.

**എന്താണ് ബാർക്ക്? എന്തിനാണ് റേറ്റിംഗ്?**

> ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (BARC) ഇന്ത്യ എന്നത് ഇന്ത്യൻ പ്രക്ഷേപകർ, പരസ്യദാതാക്കൾ, ഏജൻസികൾ എന്നിവയുടെ സംയുക്ത സ്ഥാപനമാണ്. രാജ്യത്തെ ടിവി കാഴ്ചക്കാരുടെ വിവരങ്ങൾ ശേഖരിച്ച് റേറ്റിംഗ് നിശ്ചയിക്കുന്നത് ബാർക്കാണ്. 50,000-ത്തിലധികം വരുന്ന “പാനൽ ഹോമുകളിൽ” സ്ഥാപിച്ചിട്ടുള്ള മീറ്ററുകൾ വഴിയാണ് ഈ വിവരശേഖരണം. ഒരു ചാനലിന്റെ റേറ്റിംഗ് അനുസരിച്ചാണ് അതിലെ പരസ്യത്തിന്റെ നിരക്ക് നിശ്ചയിക്കപ്പെടുന്നത് എന്നതിനാൽ, റേറ്റിംഗിലെ ചെറിയ മാറ്റങ്ങൾ പോലും കോടിക്കണക്കിന് രൂപയുടെ പരസ്യ വരുമാനത്തിൽ വ്യത്യാസമുണ്ടാക്കും. *

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329557/twenty-four-news-and-reporter-tv-in-the-face-of-war-the-media-world-is-in-a-frenzy-over-the-channel-war)