---
title: "അതിവേഗം വളര്‍ന്നു, അതുപോലെ വീണു; ഏണിയും പാമ്പും കളി പോലെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പൊളിറ്റിക്കല്‍ കരിയർ"
english_title: "Rahul Mangkootatil, Political Career"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329386/rahul-mangkootatil-political-career"
published_at: "2025-12-04T17:00:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693170c885045_5.jpg"
keywords: []
---

# അതിവേഗം വളര്‍ന്നു, അതുപോലെ വീണു; ഏണിയും പാമ്പും കളി പോലെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പൊളിറ്റിക്കല്‍ കരിയർ

> **Lead Summary:** ** വി**ദ്യാർഥി രാഷ്ട്രീയത്തിലൂടെ അതിവേഗം കോൺഗ്രസിന്റെ പ്രധാന മുഖമായി മാറിയ രാഹുൽ മാങ്കൂട്ടത്തിൽ അതേ വേഗത്തിൽ പൊലിഞ്ഞു വീണു. ഉയർച്ച പോലെ തന്നെ അതിവേഗമായിരുന്നു രാഹുലിന്റെ വീഴ്ചയും.

## Article Content

** വി**ദ്യാർഥി രാഷ്ട്രീയത്തിലൂടെ അതിവേഗം കോൺഗ്രസിന്റെ പ്രധാന മുഖമായി മാറിയ രാഹുൽ മാങ്കൂട്ടത്തിൽ അതേ വേഗത്തിൽ പൊലിഞ്ഞു വീണു. ഉയർച്ച പോലെ തന്നെ അതിവേഗമായിരുന്നു രാഹുലിന്റെ വീഴ്ചയും.

കുറിക്കുകൊള്ളുന്ന ചോദ്യങ്ങളും കൃത്യമായ മറുപടികളുമായി ഈ മുപ്പത്തിയാറുകാരൻ രാഹുൽ മാങ്കൂട്ടത്തിൽ എന്ന ചെറുപ്പക്കാരൻ അതിവേഗം പ്രശസ്തിയിലേക്കുയർന്നു. മികച്ച പ്രാസംഗികനായും ചാനൽ ചർച്ചകളിൽ വക്താവായും തിളങ്ങി.

ഏണിയും പാമ്പും കളി പോലെയായി രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവ നേതാവിന്‍റെ പൊളിറ്റിക്കൽ കരിയര്‍. തുടര്‍ച്ചയായി പ്രതിപക്ഷത്തായിപ്പോയ പാര്‍ട്ടിയുടെ മനോവീര്യം വീണ്ടെടുക്കാൻ ആക്രമണമല്ലാതെ വഴിയില്ലെന്ന കണ്ടപ്പോള്‍ രാഹുലിനെ സൈബറിടത്തും പുറത്തും മുന്നണിപ്പോരാളിയാക്കി. അര്‍പ്പിച്ച വിശ്വാസം തകര്‍ത്തതിന്‍റെയും നാണം കെടുത്തിയതിന്‍റെയും കലിയിലാണ് രാഹുലിനെ പാര്‍ട്ടി പിടിച്ചു പുറത്താക്കിയത്.

സൈബറിടവും റീലുകളും രാഷ്ട്രീയം നിയന്ത്രിക്കുന്ന കാലത്ത് സൂപ്പര്‍ താരമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. മാറുന്ന കാലത്ത് സംസ്ഥാന രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്‍റെ മുഖം. ഖദറല്ല, കളറാണ് ധരിക്കേണ്ടതെന്ന് വിചാരിക്കുന്ന ന്യൂജൻ പാര്‍ട്ടിക്കാര്‍ക്ക് ഷാഫി പറമ്പിലിനെ പോലെ റോള്‍ മോഡലായിരുന്നു രാഹുലും.

> പിണറായി വിജയനെ "വിജയൻ" എന്ന് വിളിച്ച്, കോൺഗ്രസ് അണികളെ ഹരം കൊള്ളിച്ചും, ചാനൽ ചർച്ചയിലെ വാദങ്ങളോട് കാച്ചിക്കുറുക്കിയ മറുവാദങ്ങൾ ഉയർത്തിയും, നല്ല കവല പ്രസംഗങ്ങൾ കാഴ്ചവച്ചുമാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന രാഹുലിനെ കേരളം ആകെ അറിഞ്ഞത്.

റീൽസിന് അപ്പുറം റിയാലിറ്റി വേറെയാണെന്ന് അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായിരുന്നു. താഴെ തട്ടിൽ യൂത്ത് കോണ്‍ഗ്രസിനെ വളര്‍ത്താൻ ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനം പക്ഷേ അവര്‍ പുറത്തു പറഞ്ഞില്ല.

സൈബര്‍ സംഘങ്ങളുടെ ആക്രമണത്തെ പേടിച്ച് മിണ്ടാതിരുന്നു. അപക്വമായ പെരുമാറ്റങ്ങളുണ്ടായി. ഏണി കയറിയ യുവനേതാവിനെ ഇനി എല്ലാം എന്‍റെ വരുതിയിൽ എന്ന തോന്നൽ വിഴുങ്ങി. ഗുരുതരമായ ആരോപണം ഉയര്‍ന്നപ്പോള്‍ ഇരകളെയും പൊതു സമൂഹത്തെയും വെല്ലുവിളിച്ചു.

പദവിയൊഴിയാൻ നിര്‍ബന്ധിതമാകതുന്പോഴും ധാര്‍മികത എന്ന പ്രശ്നം രാഹുലിനെ അലട്ടിയില്ല. നിയമ പരമായി ഒരു തെറ്റു ചെയ്തിട്ടില്ലെന്ന് വിശദീകരിച്ചു. സ്വഭാവ ദൂഷ്യത്തിന് നടപടിയെടുക്കുമ്പോള്‍ അതിന് വഴങ്ങി അടങ്ങിയൊതുങ്ങി നിന്നില്ല.

നടപടിക്ക് വാദിച്ചവരെയും വിമര്‍ശിച്ചവരെയും അധിക്ഷേപിച്ചു, ആക്രമിച്ചു. ഇനി ഒരു പരാതിയും വരാനില്ലെന്ന് ആത്മവിശ്വാസത്തിൽ പാര്‍ട്ടിയിൽ തിരികെയെത്താൻ തിടുക്കം കാട്ടി. മുതിര്‍ന്ന നേതാക്കളിൽ ചിലര്‍ പിന്തുണച്ചു.

പക്ഷേ അതിഗുരുതരമായ പരാതികള്‍ വന്നപ്പോള്‍ പിന്തുണച്ചവര്‍ രാഹുലിനെ കൈവിടുന്നു. ഇനിയും ചുമന്നാൽ എല്ലാവരും മുങ്ങുമെന്ന തിരിച്ചറിവിൽ പുറത്താക്കുന്നു. അസൂയാവഹമായ രാഷ്ട്രീയ വളർച്ച നേടിയ യുവ നേതാവിന്‍റെ വന്‍ വീഴ്ച സ്വന്തം ചെയ്തികളാൽ തന്നെ.

ജൂലൈ 28ന് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ ‘WHO CARES’ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ മറുപടി നൽകി. ഓഗസ്റ്റ് 20ന് രാഹുലിന്റെ പേര് പറയാതെ റിനി ആൻ ജോർജിന്റെ തുറന്നുപറച്ചിൽ. പിന്നാലെ ഓഗസ്റ്റ് 21ന്

യുവതിയുമായുള്ള രാഹുലിന്റെ ഫോൺ സംഭാഷണങ്ങളും ചാറ്റും പുറതു വന്നതോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിന്റെ രാജി. ഓഗസ്റ്റ് 23ന് അതിജീവിതയെ ഭീഷണിപ്പെടുത്തിയ ചാറ്റ് പുറത്ത് വന്നതോടെ ഓഗസ്റ്റ് 25ന് കോൺഗ്രസ് പാർലന്റെറി പാർട്ടിയിൽനിന്ന് സസ്പെൻഷൻ ചെയ്തു .

പിന്നാലെ രാഹുലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രംഗത്തെത്തി . സെപ്റ്റംബർ 10ന് റിനി ആൻ ജോർജ് അന്വേഷക സംഘത്തിന് മൊഴി നൽകി. നവംബർ 27ന് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയി. നവംബർ 28 ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329386/rahul-mangkootatil-political-career)