---
title: "ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി; ആരാണ് ലുവാനാ?"
english_title: "The world's youngest billionaire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329351/the-worlds-youngest-billionaire"
published_at: "2025-12-04T14:25:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69314cf08b112_fashh.jpg"
keywords: []
---

# ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി; ആരാണ് ലുവാനാ?

> **Lead Summary:** **[truevisionnews.com] **ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി 29 കാരിയായ ബ്രസീലിയൻ യുവതി ലുവാനാ ലോപ്സ് ലാറ മാറിയിരിക്കുന്നു.

## Article Content

**[truevisionnews.com] **ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി 29 കാരിയായ ബ്രസീലിയൻ യുവതി ലുവാനാ ലോപ്സ് ലാറ മാറിയിരിക്കുന്നു.

ലുവാന സഹസ്ഥാപകയായ കൽഷി എന്ന പ്രെഡിക്ഷൻ മാർക്കറ്റ് പ്ലാറ്റ്ഫോമിന്റെ മൂല്യം ഡിസംബറിൽ 1,100 കോടി ഡോളർ കടന്നതോടെയാണ് അവർ ഈ നേട്ടം സ്വന്തമാക്കിയത്.

ഇതോടെ സ്കെയിൽ എഐയുടെ ഉടമ ലൂസി ഗുവോയേക്കാൾ ചെറുപ്പത്തിൽ ശതകോടീശ്വരി പദവിയിലേക്ക് ഉയരുന്ന വ്യക്തി ലുവാനയായി.

ബ്രസീലിൽ ജനിച്ച ലുവാന ബോൾഷോയ് തിയേറ്റർ സ്‌കൂളിൽ പരിശീലനം നേടിയ പ്രൊഫഷണൽ ബാലെ നർത്തകിയുമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ പഠനപരിചയം ബാലെ പരിശീലനമാണ് എന്ന് ലുവാന പറയാറുണ്ട്.

ഹൈസ്കൂൾ പഠനത്തിനു ശേഷം ഓസ്ട്രിയയിൽ വിവിധ വേദികളിൽ അവർ നൃത്തപ്രകടനം അവതരിപ്പിച്ചു. ഗണിതാധ്യാപികയായ അമ്മയുടെയും ഇലക്ട്രിക്കൽ എൻജിനീയറായ പിതാവിന്റെയും മകളായ ലുവാന ചെറുപ്പം മുതൽ തന്നെ പഠനത്തിൽ അതുല്യ പ്രതിഭ തെളിയിച്ചു.

ബ്രസീലിലെ ശാസ്ത്ര-ഗണിത ഒളിംപ്യാഡുകളിൽ അനവധി മെഡലുകൾ അവർ നേടിയിട്ടുണ്ട്. പിന്നീട് ഉന്നതപഠനത്തിനായി യുഎസ്സിലേക്ക് പോയ ലുവാന എംഐടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടി.

എംഐടിയിൽ പഠിക്കുമ്പോൾ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്ത ലുവാനയ്ക്ക് ക്വാണ്ടിറ്റേറ്റീവ് ട്രേഡിങ്ങിൽ അനുഭവസമ്പത്ത് ലഭിച്ചു.

അതേ സമയത്താണ് സഹപാഠിയായ താരെക് മൻസൂറിനൊപ്പം കൽഷി എന്ന ആശയം രൂപം കൊണ്ടത്. ലോകസംഭവങ്ങളെ അടിസ്ഥാനമാക്കി നിയമപരമായ ട്രേഡിങ് നടത്താൻ സാധിക്കുന്ന ഒരു പ്ലാറ്റ്ഫോമിന് അഭാവമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് 2018-ൽ ന്യൂയോർക്കിൽ കൽഷി സ്ഥാപിച്ചത്.

ജൂണിൽ 200 കോടി ഡോളർ മൂല്യമുണ്ടായിരുന്ന കൽഷി, ഡിസംബറിൽ 1100 കോടിയായി ഉയർന്നു. കമ്പനിയിൽ 12% ഓഹരിയുള്ള ലുവാനയുടെ വ്യക്തിപരമായ സമ്പത്ത് 130 കോടി ഡോളർ, അതായത് 11,700 കോടി രൂപ, എന്ന നിലയിൽ ഉയർന്നിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329351/the-worlds-youngest-billionaire)