---
title: "ഷാഫിക്കെതിരെ പറഞ്ഞു, വെളിപ്പെടുത്തലിന് പിന്നാലെ പുറത്താക്കൽ; എം.എ. ഷഹനാസിനെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്നും ഒഴിവാക്കി കോൺഗ്രസ് നടപടി"
english_title: "M.A. Shahnaz removed from WhatsApp group"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329272/ma-shahnaz-removed-from-whatsapp-group"
published_at: "2025-12-04T08:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6930fe2c736ad_shafi.jpg"
keywords: []
---

# ഷാഫിക്കെതിരെ പറഞ്ഞു, വെളിപ്പെടുത്തലിന് പിന്നാലെ പുറത്താക്കൽ; എം.എ. ഷഹനാസിനെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്നും ഒഴിവാക്കി കോൺഗ്രസ് നടപടി

> **Lead Summary:** കോഴിക്കോട്: കോൺഗ്രസ് നേതാവ് എം. എ. ഷഹനാസിനെ സംസ്ക്കാര സാഹിതി വാട്സ് ആപ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി. സംസ്ക്കാര സാഹിതി കോഴിക്കോട് ജില്ലാ കമ്മറ്റി ഗ്രൂപ്പിൽ നിന്നാണ് പുറത്താക്കിയത്. രാഹുലിനെതിരെ ഷാഫി പറമ്പിലിനോട് പരാതിപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.

## Article Content

കോഴിക്കോട്: കോൺഗ്രസ് നേതാവ് എം. എ. ഷഹനാസിനെ സംസ്ക്കാര സാഹിതി വാട്സ് ആപ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി. സംസ്ക്കാര സാഹിതി കോഴിക്കോട് ജില്ലാ കമ്മറ്റി ഗ്രൂപ്പിൽ നിന്നാണ് പുറത്താക്കിയത്. രാഹുലിനെതിരെ ഷാഫി പറമ്പിലിനോട് പരാതിപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.

രാഹുലിൽ നിന്ന് തനിക്കും ദുരനുഭവമെന്ന് തുറന്നുപറഞ്ഞാണ് ഷഹനാസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കർഷകസമരകാലത്ത് ഡൽഹിയിലേക്ക് ഒപ്പം വരാൻ ക്ഷണിച്ചു. രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കരുത് എന്ന് ഷാഫിക്ക് മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു. രാഹുലിൽ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട വനിതാ പ്രവർത്തകരെ തനിക്ക് നേരിട്ട് അറിയാമെന്നും ഷഹനാസ് പറഞ്ഞിരുന്നു.

രാഹുൽ തന്നോടും മോശമായി പെരുമാറിയെന്നും അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമായിരുന്നു ഷഹനാസിന്റെ വെളിപ്പെടുത്തൽ. കർഷക സമരത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചതെന്നും ഷഹനാസ് പറഞ്ഞിരുന്നു.

ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് സന്ദേശം അയച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കൾ എല്ലാവരുമായി പോകാനായിരിക്കും എന്നാണ് താൻ കരുതിയത്. അതുകൊണ്ടുതന്നെ ഓക്കെ പറഞ്ഞു. പിന്നീടാണ് അയാൾക്കൊപ്പം ഒറ്റയ്ക്ക് പോകാനാണ് ആവശ്യപ്പെട്ടതെന്ന് മനസിലായത്. അതിനുള്ള മറുപടി അയാൾക്ക് കൊടുത്തുവെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി ഉയർന്ന പശ്ചാത്തലത്തിലായിരുന്ന ഷഹനാസിന്റെ പ്രതികരണം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പിലിന് മുന്നറിയിപ്പ് നൽകിയിരുന്നു.പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള കാര്യം സൂചിപ്പിച്ചപ്പോൾ പുച്ഛമായിരുന്നു ഷാഫിയുടെ മറുപടിയെന്ന് യൂത്ത് കോൺഗ്രസ് മുൻ നേതാവ് കൂടിയായ ഷഹനാസ് വ്യക്തമാക്കിയിരുന്നു.

ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിന്റെ നിർദേശപ്രകാരമാണ് ഗ്രൂപ്പിൽ നിന്ന് തന്നെ പുറത്താക്കിയതെന്ന്ഷഹനാസ് ആരോപിച്ചു. സ്ത്രീകൾക്കുവേണ്ടി പ്രതികരിച്ചതിന്റെ പേരിൽ പദവികൾ നഷ്ടപ്പെടുകയാണെങ്കിൽ അതിൽ സന്തോഷമേയുള്ളൂവെന്നും ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും ഷഹനാസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329272/ma-shahnaz-removed-from-whatsapp-group)