കോഴിക്കോട്: ( www.truevisionnews.com ) മഹിള കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ്.
രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫിയുടെ മൗനം പരിഹാസമായി തോന്നി. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്ത് വിടുമെന്നും പാർട്ടി നടപടിയേയും സൈബറാക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എം.എ. ഷഹനാസ് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പും ഇതിനോടകം ചർച്ചാവിഷയമായിട്ടുണ്ട്. രാഹുൽ തന്നോടും മോശമായ രീതിയിൽ പെരുമാറിയിട്ടുണ്ടെന്നു, പാർട്ടിയിലെ മറ്റ് വനിതാ നേതാക്കൾക്കും പലതരത്തിലുള്ള മോശം അനുഭവം ഇയാളിൽ നിന്നും നേരിട്ടിട്ടുണ്ടെന്നും ഷഹനാസിന്റെ പോസ്റ്റിൽ പറഞ്ഞിരുന്നു. കൂടാതെ ഷഹനാസ് ഇന്നലെ മാധ്യമങ്ങളോടും ഇതേകുറിച്ച് വ്യക്തമാക്കിയിരുന്നു.
തനിക്ക് നേരിട്ട അനുഭവങ്ങൾ താൻ ആദ്യം തന്നെ ഷാഫിയെ അറിയിച്ചിരുന്നെന്നും ഷാഫി അതിൽ യാതൊരു നടപടിയും എടുക്കാതെ തന്നെ പുഛിച്ച് തള്ളുകയുമായിരുന്നുവെന്നും വ്യക്തമാക്കി.
സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ടു. ഇല്ലെന്ന് ഷാഫി പറയട്ടെ. ഷാഫി പ്രസിഡൻ്റായി ഇരിക്കുമ്പോൾ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ലായിരുന്നു. രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. പുരുഷാധിപത്യം എല്ലായിടത്തുമുണ്ടെന്നും എംഎ ഷഹനാസ് പറഞ്ഞു.
കോൺഗ്രസിൽ ഇനിയും സ്ത്രീകൾക്ക് പ്രവർത്തിക്കണം. അതുകൊണ്ടാണ് ഇപ്പോൾ ഇക്കാര്യം പറയുന്നത്. പാർട്ടിയെ കളങ്കപ്പെടുത്തുന്നത് രാഹുലിനെ പോലുള്ളവരാണ്. സ്ത്രീയെന്ന രീതിയിൽ അന്ന് തൻ്റെ പരാതി പരിഗണിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു.
രാഹുലിൻ്റെ ഗാർഡിയനാണ് ഷാഫി. തന്നെയും എംകെ മുനീർ എംഎൽഎയും ചേർത്ത് യൂത്ത് കോൺഗ്രസ് നേതാവ് അപവാദപ്രചരണം നടത്തി. ഇതിൻറെ ശബ്ദരേഖ അടക്കം ഷാഫിക്ക് പരാതി നൽകി. പരാതിയുടെ പകർപ്പ് കോൺഗ്രസ് നേതാക്കൾക്കും നൽകി.
എന്നാൽ തനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണ് പിന്നീടുണ്ടായത്. രാഹുലിൽ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകരെ നേരിട്ട് അറിയാം. ഈ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്.
ഷാഫി പറമ്പിൽ അധ്യക്ഷനായിരുന്നപ്പോൾ യൂത്ത് കോൺഗ്രസിൽ വനിതകൾക്ക് പ്രവർത്തിക്കാനാവാത്ത സാഹചര്യം ആയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കിയത് ഷാഫി പറമ്പിലിന്റെ നിർബന്ധപ്രകാരമാണ്.
ഉമ്മൻചാണ്ടി നിർദേശിച്ചത് ജെ.എസ് അഖിലിനെയായിരുന്നു. ഉമ്മൻചാണ്ടിയുടെ നിർദ്ദേശം തള്ളിയാണ് ഷാഫിയുടെ തീരുമാനം നടപ്പിലാക്കിയത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ മെമ്പർഷിപ്പ് ചേർത്താണ് രാഹുൽ അധ്യക്ഷനായതെന്ന ആരോപണം ഉയർന്നത് സംഘടനയിൽ നിന്ന് തന്നെയാണെന്നും ഷഹനാസ് പറഞ്ഞു.
Content Highlight: KPCC Culture and Literature General Secretary M.A. Shahnaz, Rahul Mangkoottathil





































