---
title: "'ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്, സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്; ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടിവരും' - സജന ബി സാജന്‍."
english_title: "Don't challenge the pride of women if you delay any longer the party will have to pay a heavy price Sajana B Sajan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329100/dont-challenge-the-pride-of-women-if-you-delay-any-longer-the-party-will-have-to-pay-a-heavy-price-sajana-b-sajan"
published_at: "2025-12-03T10:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692fc15be0972_sajan_b_saajan.jpg"
keywords: []
---

# 'ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്, സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്; ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടിവരും' - സജന ബി സാജന്‍.

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാര്‍ട്ടി നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാര്‍ട്ടി നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍.

ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടിവരുമെന്നും ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണുക എന്നും സജന ബി സാജന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സജനയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, സണ്ണി ജോസഫ്, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളെ ടാഗ് ചെയ്താണ് സജനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നിരന്തരം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി ഉയർന്ന പശ്ചാത്തലത്തിൽ പാർട്ടി അദ്ദേഹത്തെ പുറത്താക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്ന നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പാർട്ടിക്കുള്ളില്‍ രാഹുലിനെതിരെ അതൃപ്തി പുകയുകയാണ്.

രാഹുലിനെതിരെ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്ന് കെ മുരളീധരൻ ഇന്ന് പറഞ്ഞിരുന്നു. കോൺഗ്രസ് അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചുകഴിഞ്ഞെന്നും രാഹുലിന്റെ കാര്യത്തിൽ പാർട്ടി ഒരു തീരുമാനം വേഗത്തിൽ കൈക്കൊള്ളുമെന്നും കെ മുരളീധരൻ പറഞ്ഞു.

തെറ്റുതിരുത്തി തിരിച്ചുവരാനുള്ള മാർഗമാണ് കോൺഗ്രസ് അനുവർത്തിച്ച് വരുന്നതെങ്കിലും രാഹുലിന്റെ കാര്യത്തിൽ അതിന് ഇനി സാധ്യതയില്ല. ഈ സാഹചര്യത്തിൽ ഉചിതമായ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് കെ മുരളീധരൻ പറഞ്ഞത്.

'പുകഞ്ഞ കൊള്ളി പുറത്താണ്, ആ പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പാർട്ടിക്ക് പുറത്തുപോകാം. നിലവിൽ സസ്‌പെൻഷനിലായ രാഹുലിനെതിരെ തുടർനടപടികൾ സ്വീകരിക്കും. ഇപ്പോൾ ഏതാണ്ട് ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായിട്ടുണ്ട്. രാഹുലിനെ സസ്‌പെൻഡ് ചെയ്യുമ്പോൾ രേഖാമൂലമുള്ള പരാതി ലഭിച്ചിരുന്നില്ല.

എന്നാൽ ഇന്ന് സ്ഥിതി അങ്ങനെയല്ല സർക്കാരിനും പാർട്ടിക്കും മുന്നിൽ രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ട്. പൊക്കിൾകൊടി ബന്ധം വിച്ഛേദിച്ച് കഴിഞ്ഞാൽ ഞങ്ങൾക്കതിൽ ഒരു ഉത്തരവാദിത്തവുമില്ല. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്നത് സ്പീക്കറാണ് തീരുമാനിക്കേണ്ടത്. പാർട്ടി ഏല്പിച്ച കാര്യങ്ങൾ ചെയ്യാത്ത ആൾ പാർട്ടിക്ക് പുറത്താണ്. പാർട്ടി രാഹുലിനെ ഏല്പിച്ചത് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാണ് അല്ലാതെ മതിൽ ചാടാനല്ല.

ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവർക്ക് ഇമ്മാതിരി പ്രവർത്തി ചെയ്യാൻ കഴിയില്ല. ഔദ്യോഗിക ജോലികളും പാർട്ടി ജോലികളും ഉള്ളവർ ഇത്തരം കാര്യങ്ങൾ ചെയ്യില്ല. അത്തരക്കാർ പൊതുരംഗത്ത് മാത്രമല്ല ഒരു രംഗത്തും നിൽക്കാൻ യോഗ്യരല്ല': കെ മുരളീധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329100/dont-challenge-the-pride-of-women-if-you-delay-any-longer-the-party-will-have-to-pay-a-heavy-price-sajana-b-sajan)