---
title: "മഴയാ പുതച്ച് മൂടികിടന്നോ ....; തമിഴ്നാട്ടിൽ ശക്തമായ മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി"
english_title: "Heavy rains in Tamil Nadu, holiday for educational institutions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329081/heavy-rains-in-tamil-nadu-holiday-for-educational-institutions"
published_at: "2025-12-03T07:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692f9cad45d30_rain.jpg"
keywords: []
---

# മഴയാ പുതച്ച് മൂടികിടന്നോ ....; തമിഴ്നാട്ടിൽ ശക്തമായ മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

> **Lead Summary:** ** **തമിഴ്നാട്ടിൽ ഡിറ്റ്‌വ ചുഴലിക്കാറ്റ് ന്യൂനമർദമായി തുടരുന്നു.തീരദേശ മേഖലയിലും മലയോര ജില്ലകളിലും ഇടവിട്ട് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നീലഗിരി, ഈറോഡ്,കോയമ്പത്തൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

## Article Content

** **തമിഴ്നാട്ടിൽ ഡിറ്റ്‌വ ചുഴലിക്കാറ്റ് ന്യൂനമർദമായി തുടരുന്നു.തീരദേശ മേഖലയിലും മലയോര ജില്ലകളിലും ഇടവിട്ട് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നീലഗിരി, ഈറോഡ്,കോയമ്പത്തൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

കനത്ത മഴ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ചെങ്കൽ പേട്ട് ജില്ലയിലെയും പുതുച്ചേരിയിലെയും സ്കൂളുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ചു. തീരദേശമേഖലകളിൽ കാറ്റിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ചെന്നൈയിൽ നിന്നുള്ള ആറ് വിമാനങ്ങൾ ഇന്നലെ റദ്ദാക്കിയിരുന്നു.

മഴയെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ നാല് പേരാണ് മരിച്ചത്. ചെന്നൈ നഗരത്തിലെ ഭൂരിഭാഗം ഇടങ്ങളിലെയും വെള്ളക്കെട്ട് ഒഴിവായി. ഡിറ്റ്‌വ നാശം വിതച്ച ശ്രീലങ്കയിൽ മരണം 390 ആയി. 252 പേരെ കാണാതായി. രാജ്യത്ത് രക്ഷാപ്രവർത്തനം പുരോഗമിയ്ക്കുകയാണ്.

അതേസമയം കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

മലയോര മേഖലയിൽ ഉള്ളവർക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള, കർണാടക, ലക്ഷിദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329081/heavy-rains-in-tamil-nadu-holiday-for-educational-institutions)